ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
ഇരു ടീമുകളെ സംബന്ധിച്ചും ഈ മത്സരം നിര്‍ണായകമാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഓരോന്ന് വീതം ഇരുവരും നേടിയതോടെ മൂന്നാം മത്സരം വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ഹോല്‍കര്‍ സ്‌റ്റേഡിയത്തിലേത് അല്‍പം വൈകാരികമായ മത്സരം കൂടിയാണ്. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഇനി കുറച്ച് നാളേക്ക് ഇന്ത്യന്‍ ജേഴ്‌സിയണിയില്ല എന്നത് തന്നെയാണ് ഇതിന് കാരണവും. ആറ് മാസത്തിന് ശേഷമാണ് ഇന്ത്യ ഇനി അടുത്ത ഏകദിനം കളിക്കുക.
ജൂലൈ മാസത്തിലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് മെന്‍ ഇന്‍ ബ്ലൂ ഇനി ഏകദിന മത്സരം കളിക്കുക. എഡ്ജ്ബാസ്റ്റണ്‍, കാര്‍ഡിഫ്, ലോര്‍ഡ്‌സ് എന്നിവിടങ്ങളിലായി മൂന്ന് ഏകദിനങ്ങളുടെ പരമ്പരയാണ് ഇന്ത്യയ്ക്ക് കളിക്കാനുള്ളത്.
ഇന്‍ഡോറില്‍ തന്റെ 299ാം ഇന്നിങ്‌സിനാണ് വിരാട് ബാറ്റെടുക്കുന്നത്. വിരാട് ഏറ്റവും തിളങ്ങിയ ഫോര്‍മാറ്റിലെ 300ാം ഇന്നിങ്‌സ് ഇംഗ്ലണ്ട് മണ്ണിലാകും അരങ്ങേറുക.
വിരാട് കോഹ്‌ലി. Photo: BCCI/x.com
അതേസമയം, ന്യൂസിലാന്‍ഡിനെതിരെ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ തുടക്കത്തിലേ ആദ്യ രക്തം ചിന്തി. ആദ്യ ഓവറില്‍ ഹെന്‌റി നിക്കോള്‍സിനെ പുറത്താക്കി അര്‍ഷ്ദീപ് സിങ്ങും രണ്ടാം ഓവറില്‍ ഡെവോണ്‍ കോണ്‍വേയെ മടക്കി ഹര്‍ഷിത് റാണയും കിവികള്‍ക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി.
മത്സരം 13 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ് ബാറ്റിങ് തുടരുന്നത്. 32 പന്തില്‍ 24 റണ്‍സുമായി ഡാരില്‍ മിച്ചലും ആറ് പന്തില്‍ നാല് റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സുമാണ് ക്രീസില്‍.