പ്രോട്ടിയാസിനോടുള്ള തോല്‍വിക്ക് പിന്നാലെ ചര്‍ച്ചയാവുന്ന വിരാട് മാജിക്കുകള്‍!
Cricket
പ്രോട്ടിയാസിനോടുള്ള തോല്‍വിക്ക് പിന്നാലെ ചര്‍ച്ചയാവുന്ന വിരാട് മാജിക്കുകള്‍!
ഫസീഹ പി.സി.
Monday, 23rd February 2026, 2:04 pm

ടി – 20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയോടുള്ള ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ചര്‍ച്ചയായി ചെയ്സ് മാസ്റ്റര്‍ വിരാട് കോഹ്‌ലി. മുന്‍ ലോകകപ്പുകളിലെ ഇന്ത്യന്‍ ചെയ്സിങ്ങുകളില്‍ താരമാണ് ചുക്കാന്‍ പിടിച്ചിരുന്നത് എന്നതാണ് ഇതിന് കാരണം.

കഴിഞ്ഞ ദിവസം പ്രോട്ടിയാസ് ഇന്ത്യയ്ക്ക് എതിരെ 188 വിജയലക്ഷ്യമായിരുന്നു ഉയര്‍ത്തിയത്. ഇത് പിന്തുടര്‍ന്ന നീലപ്പട പക്ഷേ, 111 റണ്‍സില്‍ മുട്ടുമടക്കി. അതോടെയാണ് വിരാടിന്റെ ചെയ്സിങ്ങുകള്‍ വീണ്ടും മുഖ്യധാരയിലെത്തിയത്.

ടി – 20 ലോകകപ്പില്‍ ഇതുവരെ ഇന്ത്യന്‍ സംഘം 160+ ടാര്‍ഗറ്റ് മൂന്ന് തവണ മാത്രമാണ് ചെയ്സ് ചെയ്തിട്ടുള്ളത്. അതിലെല്ലാം ഇന്ത്യന്‍ ടീമിന്റെ ടോപ് സ്‌കോററായത് മറ്റാരുമല്ല, വിരാട് തന്നെയാണ്.

2014 ലോകകപ്പിൽ വിരാട് കോഹ്‌ലി. Photo: www.espncricinfo.com

2014 ലോകകപ്പിലാണ് ഇന്ത്യ 160+ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ചത്. പ്രോട്ടിയാസ് തന്നെയായിരുന്നു അന്നും എതിരാളികള്‍. 173 റണ്‍സ് ഇന്ത്യ പിന്തുടര്‍ന്ന് ജയിച്ചപ്പോള്‍ കോഹ്‌ലി ഒറ്റക്ക് അടിച്ചെടുത്തത് 72 റണ്‍സാണ്. അതും പുറത്താവാതെ ആയിരുന്നുവെന്നതാണ് ശ്രദ്ധേയം.

നീല കുപ്പായക്കാരുടെ മറ്റൊരു 160+ ചെയ്സ് പിറവിയെടുത്തത് 2016ലെ ലോകകപ്പിലായിരുന്നു. അന്ന് ഓസീസിന് എതിരെ മെന്‍ ഇന്‍ ബ്ലൂ 161 റണ്‍സ് ചെയ്സ് ചെയ്ത് ജയിച്ചപ്പോഴും വിരാട് എന്ന മാന്ത്രികന്‍ തന്നെ ടോപ് സ്‌കോററായി. അന്നും താരം പുറത്താവാതെ 82 റണ്‍സെടുത്താണ് ടീമിനെ ജയിപ്പിച്ചത്.

പിന്നീട് ഒരിക്കല്‍ കൂടി ഇന്ത്യ ചെയ്സ് ചെയ്ത് വിജയിച്ചു. ഇതാകട്ടെ പാകിസ്ഥാന്‍ എതിരെയായിരുന്നു. 2022ലും പുറത്താവാതെ 82 റണ്‍സ് നേടിയ കോഹ്‌ലി തന്നെ ടോപ് സ്‌കോററും വിജയശില്പിയുമായി.

2022 ലോകകപ്പിൽ വിരാട് കോഹ്‌ലി. Photo: www.espncricinfo.com

ഇന്ത്യയുടെ ഈ ചെയ്സിങ്ങുകളിലെല്ലാം മറ്റാരും കാണിക്കാത്ത പോരാട്ട വീര്യവുമായി വിരാട് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. ഒപ്പം പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും താരം തന്റെ കൈപ്പിടിയിലൊതുക്കി.

ഇപ്പോള്‍ 2026 ലോകകപ്പില്‍ മറ്റൊരു 160+ വിജയലക്ഷ്യമുയര്‍ന്നു. എന്നാല്‍, ഇതിലേക്ക് ബാറ്റേന്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് എല്ലാം കാലിടറി. മുമ്പത്തെ ചെയ്സിങ്ങുകളിലേത് പോലെ മറ്റാര്‍ക്കും ഇന്ത്യയുടെ രക്ഷകരാവാന്‍ സാധിച്ചില്ല. ഇതോടെയാണ് ആരാധകര്‍ ഒന്നടങ്കം വിരാടിന്റെ ചെയ്സിങിനെ കുറിച്ച് ഓര്‍മിച്ചെടുത്തത്.

Content Highlight: Virat Kohli was top scorer of India’s all three 160+ run chases in T20 World Cup

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി