ചരിത്രത്തിലാദ്യമായി സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനോട് ഏകദിന പരമ്പര അടിയറവ് വെച്ചതിന്റെ അപമാനഭാരത്തിലാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് ബ്ലാക് ക്യാപ്‌സ് സ്വന്തമാക്കിയത്. ആദ്യ മത്സരം പരാജയപ്പെട്ട ശേഷമായിരുന്നു സന്ദര്‍ശകരുടെ തിരിച്ചുവരവ്.
ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയത്തില്‍ നടന്ന സീരീസ് ഡിസൈഡറില്‍ 41 റണ്‍സിന്റെ പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ ഉയര്‍ത്തിയ 337 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 296 റണ്‍സിന് പുറത്താവുകയായിരുന്നു.
New Zealand register a 41-run victory in the decider and win the series 2-1
ഡാരില്‍ മിച്ചലിന്റെയും ഗ്ലെന്‍ ഫിലിപ്സിന്റെയും സെഞ്ച്വറികള്‍ക്ക് വിരാടിന്റെ സെഞ്ച്വറിയുടെയും നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ എന്നിവരുടെ മികച്ച ഇന്നിങ്‌സുകളിലൂടെയും മറുപടി നല്‍കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ നിരയില്‍ മറ്റുള്ളവര്‍ക്ക് ചെറുത്തുനില്‍ക്കാന്‍ പോലും സാധിക്കാതെ വന്നതോടെ ആതിഥേയര്‍ മത്സരവും ഒപ്പം പരമ്പരയും കൈവിടുകയായിരുന്നു.
ഏകദിന കരിയറിലെ 299ാം ഇന്നിങ്‌സിനാണ് വിരാട് ഇന്‍ഡോറില്‍ കളത്തിലിറങ്ങിയത്. മത്സരത്തില്‍ താരം സെഞ്ച്വറി നേടുകയും ചെയ്തു.
വിരാട് കോഹ്‌ലി. Photo: BCCI/x.com
അന്താരാഷ്ട്ര 50 ഓവര്‍ ഫോര്‍മാറ്റിലെ 54-ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിരാട് ന്യൂസിലാന്‍ഡിനെതിരെ ഏറ്റവുമധികം ഏകദിന സെഞ്ച്വറി നേടുന്ന താരമായും ചരിത്രമെഴുതിയിരുന്നു. 108 പന്തില്‍ 124 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്.
ഈ ഇന്നിങ്‌സിന് പിന്നാലെ ഇതിഹാസങ്ങള്‍ക്ക് പോലും തൊടാനാകാത്ത റെക്കോഡില്‍ വിരാട് ഒന്നാം സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. ആദ്യ 299 ഇന്നിങ്‌സുകള്‍ക്ക് ശേഷം ഏറ്റവുമധികം ഏകദിന റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തിലാണ് കിങ് കോഹ്‌ലി ഒന്നാമതെത്തിയിരിക്കുന്നത്.
വിരാട് കോഹ്‌ലി. Photo: BCCI/x.com
ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനേക്കാള്‍ 2,880 റണ്‍സ് തന്റെ ആദ്യ 299 ഇന്നിങ്‌സില്‍ നിന്നും വിരാട് സ്വന്തമാക്കിയിട്ടുണ്ട്.
ആറ് മാസത്തിന് ശേഷമാണ് വിരാട് 300ാം ഏകദിന ഇന്നിങ്‌സ് എന്ന തന്റെ കരിയര്‍ മൈല്‍ സ്റ്റോണിനായി കളത്തിലിറങ്ങുക. ഈ മത്സരത്തോടെ ആദ്യ 300 ഇന്നിങ്‌സുകളില്‍ നിന്ന് ഏറ്റവുമധികം ഏകദിന റണ്‍സെന്ന നേട്ടവും വിരാടിന്റെ പേരില്‍ കുറിക്കപ്പെടും.
ജൂലൈ മാസത്തിലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് വിരാട് ഇനി ഇന്ത്യന്‍ ജേഴ്‌സിയില്‍ കളത്തിലിറങ്ങുക. എഡ്ജ്ബാസ്റ്റണ്‍, കാര്‍ഡിഫ്, ലോര്‍ഡ്സ് എന്നിവിടങ്ങളിലായി മൂന്ന് ഏകദിനങ്ങളുടെ പരമ്പരയാണ് ഇന്ത്യയ്ക്ക് കളിക്കാനുള്ളത്.
Content Highlight: Virat Kohli tops the list of most ODI runs after 299 innings