മറ്റ് ടീമുകള്‍ ഞങ്ങളെ ശക്തമായി നേരിടും, ഒരു നിമിഷം പോലും പാഴാക്കാനില്ല: വിരാട് കോഹ്‌ലി
Cricket
മറ്റ് ടീമുകള്‍ ഞങ്ങളെ ശക്തമായി നേരിടും, ഒരു നിമിഷം പോലും പാഴാക്കാനില്ല: വിരാട് കോഹ്‌ലി
ശ്രീരാഗ് പാറക്കല്‍
Saturday, 21st March 2026, 8:17 am

ചാമ്പ്യന്‍മാരാകാന്‍ കഴിഞ്ഞ സീസണുകളില്‍ വലിയ കഠിനാധ്വാനം ചെയ്‌തെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സൂപ്പര്‍ താരം വിരാട് കോഹ്‌ലി. മാത്രമല്ല ഈ സീസണില്‍ മറ്റ് ടീമുകള്‍ തങ്ങളെ ശക്തമായി നേരിടുമെന്നും ഇത് കൂടുതല്‍ കഠിനമാകുമെന്നും വിരാട് പറഞ്ഞു. കൂടാതെ ഒരു ദിവസം പോലും പാഴാക്കാനില്ലെന്നും തങ്ങള്‍ മുന്നോട്ട് പോകുന്നുവെന്നും ഡിഫന്റിങ് ചാമ്പ്യന്‍ പറഞ്ഞു.

‘ചാമ്പ്യന്‍മാരാകാന്‍ കഴിഞ്ഞ 2-3 സീസണുകളില്‍ ഞങ്ങള്‍ ശരിക്കും കഠിനാധ്വാനം ചെയ്തു. മറ്റ് ടീമുകള്‍ ഞങ്ങളെ ശക്തമായി നേരിടാന്‍ പോകുന്നതിനാല്‍ ഇത് കൂടുതല്‍ കഠിനമാകും. ഒരു ദിവസം പോലും പാഴാക്കാനില്ല, ഞങ്ങള്‍ മുന്നോട്ട് പോകുന്നു. അതിനാല്‍ ഞങ്ങള്‍ ഭാഗമായിരിക്കുന്ന ഏതൊരു സെഷന്റെയും ഒരു മിനിറ്റ് പോലും പാഴാക്കില്ല. ഈ രണ്ടര മാസത്തേക്ക് ഞങ്ങള്‍ ഞങ്ങളുടെ 120 ശതമാനവും നല്‍കണം,’ പരിശീല സെഷനിടെ വിരാട് കോഹ്‌ലി പറഞ്ഞു.

ഐ.പി.എല്‍ തുടങ്ങിയ കാലം മുതല്‍ കിരീടത്തിനായുള്ള പോരാട്ടം നടത്തുന്ന താരമായിരുന്നു വിരാട് കോഹ്‌ലി. ക്യാപ്റ്റനായും ബാറ്ററായും ആര്‍.സി.ബിയെ ചുമലിലേറ്റിയിട്ടും വിരാടിന് കിരീടം നേടാന്‍ 2025 വരെ കാത്തിരിക്കേണ്ടി വന്നിരുന്നു.വിരാട് കോഹ്‌ലി

കഴിഞ്ഞ സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 657 റണ്‍സാണ് വിരാട് നേടിയത്. മാത്രമല്ല 73* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 65.18 എന്ന ആവറേജ് 167.91 എന്ന് സ്ട്രൈക്ക് റേറ്റും കിങ് നേടി. എട്ട് അര്‍ധ സെഞ്ച്വറികളാണ് താരം ഈ സീസണില്‍ സ്വന്തമാക്കിയത്.

2008ല്‍ ആര്‍.സി.ബിയില്‍ അരങ്ങേറ്റം നടത്തിയ വിരാട് പിന്നീടുള്ള 259 ഇന്നിങ്സില്‍ നിന്നും 8661 റണ്‍സ് ആണ് നേടിയത്. 113* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഐ.പി.എല്‍ ചരിത്രത്തില്‍ താരം രേഖപ്പെടുത്തി. ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനം രോഹിത് ശര്‍മയ്ക്കാണ്. ഐ.പി.എല്ലില്‍ ഇതുവരെ 267 ഇന്നിങ്സില്‍ നിന്നും 7046 റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്.

അതേസമയം ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് മാര്‍ച്ച് 28ന് ആരംഭിക്കുന്ന ഐ.പി.എല്‍ പൂരത്തിനാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

മത്സരത്തില്‍ ഏവരുടേയും ശ്രദ്ധാകേന്ദ്രം ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്‌ലിയായിരിക്കും. ഐ.പി.എല്ലിന്റെ 19ാം സീസണില്‍ വിരാടിന്റെ പ്രകടനം കാണാന്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.

Content Highlight: Virat Kohli Talking About Preparations Ahead IPL 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ