രാജാവിന്റെ ആറാട്ടില്‍ ദൈവവും വീണു; ത്രീ ലയണ്‍സിനെതിരെ ഇടിവെട്ട് റെക്കോഡുമായി കോഹ്‌ലി
Cricket
രാജാവിന്റെ ആറാട്ടില്‍ ദൈവവും വീണു; ത്രീ ലയണ്‍സിനെതിരെ ഇടിവെട്ട് റെക്കോഡുമായി കോഹ്‌ലി
ശ്രീരാഗ് പാറക്കല്‍
Thursday, 16th July 2026, 8:12 pm

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ഏകദിന മത്സരം സോഫിയ ഗാര്‍ഡന്‍സില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലവില്‍ മത്സരത്തില്‍ 32 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് ഇന്ത്യ നേടിയത്. നിലവില്‍ ക്രീസിലുള്ളത് 43 റണ്‍സ് നേടിയ ശ്രേയസ് അയ്യരും വാഷിങ്ടണ്‍ സുന്ദറുമാണ് (1).

സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെയാണ് ഇന്ത്യയ്ക്ക് അവസാനമായി നഷ്ടമായത്. 66 പന്തില്‍ എട്ട് ഫോര്‍ ഉള്‍പ്പെടെ 65 റണ്‍സ് നേടിയാണ് വിരാടിന്റെ മടക്കം. ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ ആദില്‍ റഷീദിന്റെ കൈയ്യില്‍ കുരുങ്ങുകയായിരുന്നു കിങ്. എന്നിരുന്നാലും ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയാണ് വിരാട് കളം വിട്ടത്. ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന നേട്ടമാണ് വിരാട് നേടിയത്. ഈ നേട്ടത്തില്‍ ക്രിക്കറ്റ് ദൈവം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയാണ് വിരാട് മറികടന്നത്.

ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങള്‍

വിരാട് കോഹ്‌ലി – 33*

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 32

രാഹുല്‍ ദ്രാവിഡ് – 26

എം.എസ്. ധോണി – 24

സുനില്‍ ഗവാസ്‌കര്‍ – 23

അതേസമയം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 30 പന്തില്‍ ആറ് ഫോര്‍ ഉള്‍പ്പെടെ 31 റണ്‍സാണ് താരം നേടിയത്. ഗസ് ആറ്റ്കിന്‍സനാണ് ഗില്ലിനെ പുറത്താക്കിയത്. പിന്നീട് 47 പന്തില്‍ 26 റണ്‍സ് നേടിയ രോഹിത് ശര്‍മയെും ഇന്ത്യയ്ക്ക് നഷ്ടമായി. ഒരു സിക്‌സും ഫോറുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സില്‍. വിരാട് കോഹ്‌ലിക്കൊപ്പം 50 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ് പൂര്‍ത്തിയാക്കിയായിരുന്നു രോഹിത് കൂടാരം കയറിയത്. രോഹിത്തിന് ശേഷം ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ ഏഴ് പന്തില്‍ ഒരു റണ്‍സുമായി നിരാശപ്പെടുത്തിയാണ് മടങ്ങിയത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ശിവം ദുബെ, ഗുര്‍നൂര്‍ ബ്രാര്‍, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ബെന്‍ ഡക്കറ്റ്, ജേക്കബ് ബേഥല്‍, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജോ റൂട്ട്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), സാം കറന്‍, വില്‍ ജാക്സ്, ഗസ് ആറ്റ്കിന്‍സണ്‍, ആദില്‍ റഷീദ്, ജോഫ്ര ആര്‍ച്ചര്‍, സാഖിബ് മഹ്‌മൂദ്

Content Highlight: Virat Kohli Surpass Sachin Tendulkar In Great Record Against England

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ