തോല്‍വിക്ക് പിന്നാലെ തോല്‍വി; ഫാബ് ഫോറില്‍ മങ്ങുന്ന വിരാടം!
Sports News
തോല്‍വിക്ക് പിന്നാലെ തോല്‍വി; ഫാബ് ഫോറില്‍ മങ്ങുന്ന വിരാടം!
ശ്രീരാഗ് പാറക്കല്‍
Thursday, 16th January 2025, 5:21 pm
എവിടെയാണ് കിങ്ങിന് പിഴച്ചത്? 2011ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച വിരാടിന്റെ ശരാശരി 2020 മുതല്‍ ഗണ്യമായി കുറയുകയാണ്. 2020മുതലാണ് വിരാടിന് ടെസ്റ്റില്‍ കഷ്ടകാലം തുടങ്ങുന്നത്!

2014ലാണ് ‘ഫാബ് ഫോര്‍’ എന്ന പദം ആദ്യമായി ക്രിക്കറ്റ് ലോകത്ത് ഉയര്‍ന്ന് കേല്‍ക്കുന്നത്. മുന്‍ ന്യൂസിലാന്‍ഡ് താരവും ക്രിക്കറ്റ് നിരീക്ഷകനും കമന്റേറ്ററുമായിരുന്ന മാര്‍ട്ടിന്‍ ക്രോ ആണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. അതിന് കാരണം വിരാട് കോഹ്‌ലി, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍, സ്റ്റീവ് സ്മിത് എന്നീ ക്രിക്കറ്റ് ലോകത്തെ വമ്പന്‍മാരായിരുന്നു.

കരിയറിന്റെ തുടക്ക കാലം തൊട്ട് ഞെട്ടിക്കുന്ന റെക്കോഡുകള്‍ സ്വന്തമാക്കി മുന്നോറുന്ന നാല് താരങ്ങള്‍, സമ്മര്‍ദ ഘട്ടങ്ങളില്‍ ഗണ്‍ ഷോട്ടുകള്‍ക്കും ഡിഫന്‍സിനും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ആ നാലുപേര്‍ക്ക് മാര്‍ട്ടിന്‍ ക്രോ ഒരു പേര് നല്‍കി, അതായിരുന്നു ‘ഫാബ് ഫോര്‍’. ടെസ്റ്റ് ക്രിക്കറ്റിലെ തങ്ങളുടെ ഐതിഹാസികമായ പ്രകടനംകൊണ്ട് മാര്‍ട്ടിന്‍ നാല് താരങ്ങളെയും വിലയിരുത്തിയിരുന്നു.

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കാന്‍ പോകുന്ന താരങ്ങളാണവരെന്ന് ഒരു പതിറ്റാണ്ട് മുമ്പ് തന്നെ അദ്ദേഹം വിധിയെഴുതി. ഇന്ന് 2025ല്‍ എത്തി നില്‍ക്കുമ്പോഴും ആ പറഞ്ഞ വാക്കുകള്‍ക്ക് മാറ്റമില്ലാതെ തുടരുകയാണ്.

ടെസ്റ്റ് ക്രിക്കറ്റിലെ അതിതീവ്ര സാഹചര്യങ്ങളെ തങ്ങളുടെ ബാറ്റുകൊണ്ട് അനായാസം നേരിട്ടവരാണ് ഫാബ് ഫോര്‍. ബുള്ളറ്റ് വേഗതയില്‍ കുതിക്കുന്ന പന്തുകളെ കൃത്യമായി അളന്ന് മുറിച്ചുകൊണ്ട് ക്ലാസിക് ഡ്രൈവുകള്‍ ചെയ്യാനുള്ള സൂക്ഷ്മത മാത്രമല്ലായിരുന്നു, ഡെയ്ഞ്ചര്‍ ബൗണ്‍സറുകളെ തന്ത്രപരമായി നേരിടുന്ന കഴിവും ശൈലിയും ഫാബ് ഫോറിനെ മറ്റു താരങ്ങളില്‍ നിന്ന് വ്യത്യസ്തരാക്കി.

Fab Four

എന്നാല്‍ ഫാബ് ഫോര്‍ എന്ന പേരിനുള്ളിലും തീവ്ര മത്സരം തന്നെയാണ് ഈ നാല് പേരും തമ്മില്‍ നടക്കുന്നത്. അതില്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബാറ്ററായ ജോ റൂട്ടിന്റെ പ്രകടനങ്ങള്‍ പരിശോധിക്കാം,

152 ടെസ്റ്റ് മത്സരങ്ങളിലെ 278 ഇന്നിങ്‌സില്‍ നിന്ന് 50.87 എന്ന ആവറേജില്‍ 12972 റണ്‍സാണ് താരം നേടിയത്. 262 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 36 സെഞ്ച്വറികളോടെയാണ് റൂട്ട് തന്റെ റണ്‍വേട്ട തുടരുന്നത്. മാത്രമല്ല ആറ് ഇരട്ട സെഞ്ച്വറികളും 65 അര്‍ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്.

ന്യൂസിലാന്‍ഡിന്റെ സൈലന്റ് കില്ലറും ക്ലാസിക്ക് ബാറ്ററുമായ കെയ്ന്‍ വില്യംസണ്‍ ടെസ്റ്റിലെ 105 മത്സരത്തിലെ 186 ഇന്നിങ്‌സില്‍ നിന്ന് 54.89 എന്ന ആവറേജില്‍ 9276 റണ്‍സാണ് അടിച്ചെടുത്തത്. 251 എന്ന ഉയര്‍ന്ന സ്‌കോറും താരം സ്വന്തമാക്കിയിട്ടുണ്ട്. 33 സെഞ്ച്വറികളും ആറ് ഇരട്ട സെഞ്ച്വറികളും വില്യംസണ്‍ അടിച്ചെടുത്തിട്ടുണ്ട്. 37 അര്‍ധ സെഞ്ച്വറികളും തന്റെ അക്കൗണ്ടില്‍ രേഖപ്പെടുത്താന്‍ കെയ്ന്‍ വില്യംസന് സാധിച്ചു.

കങ്കാരുപ്പടയുടെ തുറുപ്പുചീട്ടായ സ്റ്റീവ് സ്മിത് 114 ടെസ്റ്റ് മത്സരങ്ങളിലെ 204 ഇന്നിങ്‌സില്‍ നിന്ന് 55.86 എന്ന ആവറേജില്‍ 9999 റണ്‍സാണ് സ്വന്തമാക്കിയത്. ഫോര്‍മാറ്റില്‍ 239 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ 34 സെഞ്ച്വറികളാണ് താരം നേടിയത്. നാല് ഇരട്ട സെഞ്ച്വറികളും 41 അര്‍ധ സെഞ്ച്വറികളും അടങ്ങുന്നതാണ് സ്മിത്തിന്റെ പ്രകടനം.

മേല്‍പറഞ്ഞ മൂന്ന് താരങ്ങള്‍ക്കും പുറമെ, ഏറെ ചര്‍ച്ചചെയ്യാനുള്ള താരമാണ് ഇന്ത്യയുടെ കിങ് ബാറ്റര്‍ വിരാട് കോഹ്‌ലി. ടെസ്റ്റിലെ 123 മത്സരത്തിലെ 210 ഇന്നിങ്‌സില്‍ നിന്ന് 46.85 എന്ന ആവറേജില്‍ 9230 റണ്‍സാണ് വിരാട് അടിച്ചെടുത്തത്. മാത്രമല്ല ഫോര്‍മാറ്റില്‍ 30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളും നേടിയ വിരാടിന് ഏഴ് ഇരട്ട സെഞ്ച്വറികളുമുണ്ട്.

ഫാബ് ഫോറിലെ നാല് പേരും തങ്ങളുടെ പ്രകടനത്തിലെ വ്യത്യസ്ത മേഖലകളില്‍ മികവ് പുലര്‍ത്തുന്ന താരങ്ങളായതിനാല്‍ അളന്ന് മുറിച്ചുള്ള പരിശോധനയ്ക്ക് മുതിരുന്നില്ല. എന്നിരുന്നാലും കഴിഞ്ഞ കുറച്ച് കാലങ്ങളായി ടെസ്റ്റ് ക്രിക്കറ്റില്‍ മോശം പ്രകടനം കാഴ്ചവെച്ച് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരം കൂടിയാണ് വിരാട്,  എവിടെയാണ് കിങ്ങിന് പിഴച്ചത്?

2011ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച വിരാടിന്റെ ശരാശരി 2020 മുതല്‍ ഗണ്യമായി കുറയുകയാണ്.  2020മുതലാണ് വിരാടിന് ടെസ്റ്റില്‍ കഷ്ടകാലം തുടങ്ങുന്നത്. 2020ല്‍ വെറും മൂന്ന് ടെസ്റ്റുകള്‍ മാത്രം കളിച്ച കോഹ്‌ലി 19.33 എന്ന ശരാശരിയിലില്‍ 116 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. തുടര്‍ന്ന് 2021ല്‍ 11 ടെസ്റ്റുകളില്‍ നിന്ന് 28.21 എന്ന ശരാശരിയില്‍ 536 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്, പിന്നീട് 2022ലെ ആറ് ടെസ്റ്റുകളില്‍ നിന്ന് 265 റണ്‍സാണ് വിരാട് നേടിയത്. എന്നാല്‍ ശരാശരി 26.50ആയി വീണ്ടും കുറഞ്ഞു.

മോശം പ്രകടനത്തെ തുടര്‍ന്ന് കരിയര്‍ ബ്രേക്ക് എടുത്ത വിരാട്, പിന്നീട് 2023ല്‍ എട്ട് ടെസ്റ്റുകളില്‍ നിന്ന് 671 റണ്‍സ് നേടി തന്റെ ശരാശരി 55.91ലേക്ക് ഉയര്‍ത്തിയപ്പോള്‍ താരം ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണെന്ന് ക്രിക്കറ്റ് ലോകം കരുതി. പക്ഷേ അത് വെറും പ്രതീക്ഷകള്‍ മാത്രമായിരുന്നു. 10 ടെസ്റ്റുകളില്‍ നിന്ന് 24.52 എന്ന ശരാശരിയിലാണ് വിരാട് 2024 അവസാനിപ്പിച്ചത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പെര്‍ത്തില്‍ നടന്ന മത്സരത്തിലെ ഒരു സെഞ്ച്വറി ഉള്‍പ്പെടെ 417 റണ്‍സായിരുന്നു വര്‍ഷത്തില്‍ വിരാടിന്റെ സമ്പാദ്യം.

Virat Kohli

2024ന്റെ അവസാനഘട്ടത്തില്‍ ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ തിരിച്ചെത്തിയ വിരാട് പരാജയം രുചിച്ചാണ് തുടങ്ങിയത്. മൂന്ന് മത്സരത്തില്‍ നിന്നും വെറും 93 റണ്‍സാണ് താരത്തിന് സ്വന്തമാക്കാന്‍ സാധിച്ചത്. അന്ന് കിവീസിനെതിരെ ആദ്യമായി ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര തോല്‍വിയും ഏറ്റുവാങ്ങി. ശേഷം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ തന്റെ പേരിനോടോ പെരുമയോടോ ഒട്ടും നീതിപുലര്‍ത്താത്ത പ്രകടനമാണ് വിരാടിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

ഒപ്റ്റസ് സ്റ്റേഡിയത്തില്‍, രണ്ടാം ഇന്നിങ്സില്‍ നേടിയ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ വിരാട് തകര്‍ച്ചയുടെ വക്കിലാണെന്ന് ഒറ്റ നോട്ടത്തില്‍ നിന്ന് മനസിലാകും. 2024/25 സീസണില്‍ 10 തവണയാണ് ഒറ്റയക്ക സ്‌കോറിന് വിരാട് പുറത്തായത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തി വിരാട് തിരിച്ചുവരുമെന്ന് കരുതിയപ്പോള്‍ പരമ്പര തോല്‍വി ഏറ്റുവാങ്ങിയാണ് ഇന്ത്യന്‍ ടീം നാട്ടിലേക്ക് വിമാനം കയറിയത്. പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് വെറും 190 റണ്‍സാണ് താരം നേടിയത്. 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ ഡൊമിനേഷന്‍ കാറ്റില്‍ പറത്തി ഓസീസ് ചാമ്പ്യന്‍മാരായപ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ മനസില്‍ വിരാടിന്റെ മുഖം വീണ്ടും മാഞ്ഞു തുടങ്ങിയിരുന്നു.

23.75 എന്ന ആവറേജിലാണ് വിരാട് പരമ്പരയില്‍ സ്‌കോര്‍ നേടിയത്. ഇതോടെ വലിയ വിമര്‍ശനങ്ങള്‍ക്കും താരം വിധേയനായിരുന്നു. ഓഫ് സ്റ്റംമ്പിന് പുറത്ത് വരുന്ന പന്തുകള്‍ കളിച്ച് എഡ്ജില്‍ കുരുങ്ങിയാണ് വിരാട് കൂടുതല്‍ തവണയും വിക്കറ്റ് നഷ്ടപ്പെടുത്തിയത്. സമാനമായ രീതിയില്‍ വിരാട് പുറത്തായതിനെ തുടര്‍ന്ന് സീനിയര്‍ താരങ്ങള്‍ വിരാടിനെ വിമര്‍ശിച്ചിരുന്നു. ഓസീസ് പേസര്‍ സ്‌കോട്ട് ബോളണ്ടിന്റെ കൈകെണ്ടാണ് വിരാട് നാല് തവണ പുറത്താകുന്നത്.

ഫാബ് ഫോറില്‍ വിരാട് തകര്‍ച്ച നേരിടുമ്പോള്‍ വമ്പന്‍ കുതിപ്പാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ റൂട്ടും വില്യംസനും സ്മിത്തും നടത്തിയത്. റൂട്ട് തന്റെ കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് ടെസ്റ്റില്‍ 19 സെഞ്ച്വറിയടക്കം 5613 റണ്‍സ് നേടി അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. വില്യംസണ്‍ 12 സെഞ്ച്വറികളടക്കം 2897 റണ്‍സാണ് അടിച്ചത്. റെഡ് ബോളില്‍ 2835 റണ്‍സ് ഉള്‍പ്പെടെ എട്ട് സെഞ്ച്വറികള്‍ നേടാന്‍ സ്മിത്തിനും കഴിഞ്ഞു. അപ്പോഴും കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ വിരാട് 2028 റണ്‍സടക്കം മൂന്ന് സെഞ്ച്വറികള്‍ മാത്രം നേടി ഫാബ് ഫോറില്‍ മുങ്ങിത്താഴുകയാണ്.

 

Content Highlight: Virat Kohli’s Poor Performance In Test Cricket Also reflected In The Fab Four

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ