മൂന്ന് പേരും ഒന്നിച്ച് കളിച്ചിട്ട് മൂന്ന് വര്‍ഷമോ? പരിക്ക് മാത്രമാണോ വില്ലന്‍? അതോ?
Sports News
മൂന്ന് പേരും ഒന്നിച്ച് കളിച്ചിട്ട് മൂന്ന് വര്‍ഷമോ? പരിക്ക് മാത്രമാണോ വില്ലന്‍? അതോ?
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 9th January 2023, 8:15 am

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരക്കാണ് കളമൊരുങ്ങുന്നത്. ജനുവരി പത്തിന് ആരംഭിക്കുന്ന പരമ്പരയിലെ മൂന്ന് ഏകദിനങ്ങളില്‍ ഇരു ടീമുകളും കൊമ്പുകോര്‍ക്കും. പര്യടനത്തിലെ ടി-20 പരമ്പരയില്‍ ഇന്ത്യ നേരത്തെ വിജയം സ്വന്തമാക്കിയിരുന്നു.

പരിക്കിന് പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ ടീമിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പ്രധാന വസ്തുത. ബംഗ്ലാദേശ് പര്യടനത്തിനിടെ തള്ളവിരലിന് പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഏറെ കാലമായി ക്രിക്കറ്റ് മൈതാനത്ത് നിന്നും വിട്ടുനിന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ടീമിലേക്ക് മടങ്ങിയെത്തുന്നുണ്ട്.

 

ശ്രീലങ്കക്കെതിരായ ഏകദിന സ്‌ക്വാഡില്‍ ബുംറ നേരത്തെ ഉള്‍പ്പെട്ടിട്ടില്ലായിരുന്നു. എന്നാല്‍ പൂര്‍ണമായും ആരോഗ്യം വീണ്ടെടുത്തതോടെയാണ് താരത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ഒരു ‘അപൂര്‍വ’ സംഭവത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.

ഇന്ത്യയുടെ എ+ താരങ്ങള്‍ മൂന്ന് വര്‍ഷത്തിന് ശേഷം ഒന്നിച്ച് കളിക്കുന്നു എന്നതാവും ഈ പരമ്പരയുടെ ഏറ്റവും വലിയ പ്രത്യേകത. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ജസ്പ്രീത് ബുംറയും ഇന്ത്യക്കായി ഒരുമിച്ച് ഒരു ഏകദിനം കളിച്ചിട്ട് മൂന്ന് വര്‍ഷമാകുന്നു എന്ന് സാരം.

2020 ജനുവരിയിലാണ് മൂവരും ഒന്നിച്ച് ഏകദിനം കളിച്ചത്. ഇതിന് കാരണങ്ങളും പലതാണ്. പരിക്കാണ് ഇതിലെ പ്രധാന കാരണങ്ങളില്‍ ഒന്ന്.

ഏകദിന ഫോര്‍മാറ്റിന് ഇന്ത്യന്‍ ടീം വേണ്ടത്ര പ്രധാന്യം കല്‍പിക്കാത്തതാണ് ഇതിന് പ്രധാന കാരണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഏകദിനത്തേക്കാള്‍ കൂടുതല്‍ ഇന്ത്യ ടി-20 ഫോര്‍മാറ്റിനാണ് പ്രധാന്യം കല്‍പിക്കുന്നതെന്നാണ് ഇവരുടെ വാദം.

ടി-20 ലോകകപ്പ് നടക്കുന്നതിനാല്‍ കഴിഞ്ഞ ഏഷ്യാ കപ്പും ടി-20 ഫോര്‍മാറ്റിലായിരുന്നു കളിച്ചത്. അല്ലെങ്കില്‍ 2020 ജനുവരിക്ക് ശേഷം മൂവരും ഒന്നിക്കുന്ന ഏകദിന മത്സരം ഏഷ്യാ കപ്പ് ആകുമെന്നുറപ്പാണെന്നും ഇവര്‍ പറയുന്നു.

ആരാധകരുടെ വാക്കുകളെ പൂര്‍ണമായും തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണ്. പക്ഷേ വരാനിരിക്കുന്നത് സ്വന്തം മണ്ണില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പാണെന്ന് ആരാധകര്‍ ഓര്‍മിപ്പിക്കുന്നത് അംഗീകരിച്ചേ മതിയാകൂ.

ഏകദിന മത്സരങ്ങളില്‍ ഇനിയും ഇന്ത്യന്‍ ടീം ശ്രദ്ധിച്ചില്ലെങ്കില്‍, വര്‍ക്ക് ലോഡിന്റെ പേരില്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കാനാണ് മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നതെങ്കില്‍ ഒ.ഡി.ഐ ലോകകപ്പിന്റെ കാര്യത്തിലും ഒരു തീരുമാനമാകുമെന്നുറപ്പാണ്.

അതേസമയം, ലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന മത്സരം ജനുവരി പത്തിന് നടക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയാകുന്നത് അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ്. പരമ്പരയിലെ രണ്ടാം മത്സരത്തിന് ഈഡന്‍ ഗാര്‍ഡന്‍സും മൂന്നാം മത്സരത്തിന് ഗ്രീന്‍ ഫീല്‍ഡും വേദിയാകും.

ഇന്ത്യ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്‌ലി, അക്‌സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, യൂസ്വേന്ദ്ര ചഹല്‍.

ശ്രീലങ്ക സ്‌ക്വാഡ്:

അഷെന്‍ ബണ്ഡാര, അവിഷ്‌ക ഫെര്‍ണാണ്ടോ, ചരിത് അസലങ്ക, നുവാഹിന്ദു ഫെര്‍ണാണ്ടോ, പാതും നിസങ്ക, ചമീക കരുണരത്‌നെ, ദാസുന്‍ ഷണക (ക്യാപ്റ്റന്‍), ധനഞ്ജയ ഡി സില്‍വ, വാനിന്ദു ഹസരങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), സധീര സമരവിക്രമ (വിക്കറ്റ് കീപ്പര്‍), ദില്‍ഷന്‍ മധുശങ്ക, ദുനിത് വെല്ലലാഗെ, ജെഫ്രി വാന്‍ഡെര്‍സേ, ലാഹിരു കുമാര, മഹീഷ് തീക്ഷണ, പ്രമോദ് മധുഷന്‍.

 

Content highlight: Virat Kohli, Rohit Sharma, Jasprit Bumrah didn’t played an ODI together since 2020