അന്ന് മെസിയുടെ ആവശ്യം കണ്ടില്ലെന്ന് നടിച്ചു; ഇപ്പോൾ ഖേദം പ്രകടിപ്പിച്ച് ബാഴ്സ; റിപ്പോർട്ട്
Football
അന്ന് മെസിയുടെ ആവശ്യം കണ്ടില്ലെന്ന് നടിച്ചു; ഇപ്പോൾ ഖേദം പ്രകടിപ്പിച്ച് ബാഴ്സ; റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th January 2023, 11:59 pm

ലയണൽ മെസിയും അദ്ദേഹത്തിന്റെ പിതാവും ഏജന്റുമായ ജോർജ്ജ് മെസിയും മുമ്പ് അർജന്റീനിയൻ ഫോർവേഡ് ജൂലിയൻ അൽവാരസിനെ സൈൻ ചെയ്യണമെന്ന് ബാഴ്സയോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ ബാഴ്‌സ അത് കൂട്ടാക്കിയില്ലെന്നും റിപോർട്ടുകൾ.

സ്പാനിഷ് മാധ്യമമായ എൽ നാഷണിലിന്റെ റിപ്പോർട്ട് പ്രകാരം ക്ലബിന്റെ അവസാനത്തെ രണ്ട് പ്രസിഡന്റുമാരായ ജോസെപ് മരിയ ബാർട്ടോമിയുവും ലാപോർട്ടയും മെസിയുടെ ആവശ്യം നിഷേധിക്കുകയായിരുന്നു.

പകരം ബാഴ്‌സ മെംഫിസ് ഡിപേയെ ക്ലബ്ബിലെത്തിക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. അന്ന് ജൂലിയൻ അൽവാരെസ് തന്റെ കരിയർ ആരംഭിച്ച കാലഘട്ടമായിരുന്നു. റിവർ പ്ലേറ്റിലെ ഗോളുകൾക്കും മികച്ച പ്രകടനത്തിനും കയ്യടി നേടുന്ന സമയമായിരുന്നു. അൽവാരസിന് ഏകദേശം 20 മില്യൺ യൂറോയായിരുന്നു മൂല്യം. എന്നിട്ടും ബാഴ്‌സ താരത്തെ സൈൻ ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

എന്നാൽ പകരക്കാരനായെത്തിയ ഡിപേ പ്രതീക്ഷിച്ച പോലെ പ്രകടനം കാഴ്ചവെച്ചില്ല. എന്നാൽ നിലവിൽ സിറ്റിക്ക് വേണ്ടി ബൂട്ടണിയുന്ന അൽവാരസിന്റെ ലോകകപ്പ് പ്രകടനം കണ്ട് ബാഴ്‌സലോണക്ക്‌ അന്ന് താരത്തെ സൈൻ ചെയ്യിക്കാത്തതിൽ കുറ്റബോധം ഉണ്ടെന്നാണ് എൽ നാഷണൽ റിപ്പോർട്ട് ചെയ്‌തത്‌. മെസിയുടെ ശുപാർശ അംഗീകരിക്കാത്തതിൽ ക്ലബ് ഖേദം പ്രകടിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒരിക്കൽ തന്റെ റോൾ മോഡലായ ലയണൽ മെസിക്കൊപ്പം ഫോട്ടോയെടുത്ത അൽവാരസ് അർജന്റൈൻ ലീ​ഗിൽ കളിച്ച് തുടങ്ങി മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ തന്നെ സ്കലോണിയുടെ ശ്രദ്ധയാകർഷിച്ചിട്ടുണ്ടായിരുന്നു.

35കാരനായ ലയണൽ മെസ്സി തൻെറ അവസാന ലോകകപ്പ് കളിച്ചപ്പോൾ അൽവാരെസിന് ഇത് ആദ്യ ലോകകപ്പാണ്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റനിര താരമായ അൽവാരെസ് ഈ ലോകകപ്പിൽ അർജൻറീനയുടെ ഗോൾ വേട്ടക്കാരനായിരുന്നു.

ലോകകപ്പിൻെറ തുടക്കത്തിൽ ലൌട്ടാരോ മാർട്ടിനസിനെയായിരുന്നു അർജൻറീന കോച്ച് ലയണൽ സ്കാലോണി മെസിക്കൊപ്പം മുന്നേറ്റനിരയിൽ കളിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് അൽവാരെസ് വന്നു. അതോടെ അർജൻറീനയുടെ ചടുലമായ മുന്നേറ്റങ്ങൾ കണ്ട് തുടങ്ങുകയായിരുന്നു.

Content Highlights: Barcelona regrets for not signing with Julian Alvarez, report