ജനുവരി 11നാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്ന് മത്സരങ്ങള്‍ ഇറങ്ങുന്ന ഏകദിന പരമ്പര ആരംഭിക്കുന്നത്. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും കളത്തില്‍ ഇറങ്ങുന്നത് കാണാന്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇറങ്ങുമ്പോള്‍ വിരാടിനെ കാത്തിരിക്കുന്നത് ഒരു ഗംഭീര നേട്ടമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 28000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന ബിഗ് മൈല്‍ സ്റ്റോണാണ് വിരാടിനെ കാത്തിരിക്കുന്നത്.
ഈ നേട്ടത്തില്‍ ഇതുവരെ രണ്ടേ രണ്ട് താരങ്ങള്‍ മാത്രമാണ് എത്തിയത്. ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും കുമാര്‍ സംഘക്കാരെയുമാണ് നേരത്തെ ഈ ലിസ്റ്റില്‍ എത്തിയത്. ഇനി വെറും 25 റണ്‍സ് നേടിയാല്‍ വിരാട് കോലിക്കും ഈ റെക്കോഡ് ലിസ്റ്റില്‍ ഇതിഹാസങ്ങള്‍ക്കൊപ്പം സ്ഥാനം നേടാം.
എന്നാല്‍ ഇതിനു പുറമേ മറ്റൊരു റെക്കോഡ് സ്വന്തമാക്കാനും വിരാടിന് അവസരമുണ്ട്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര റണ്‍സ് നേടിയ രണ്ടാമത്തെ താരമായ കുമാര്‍ സംഗക്കാരയെ വെട്ടാനാണ് വിരാടിനുള്ള മറ്റൊരു അവസരം. ഇതിനായി വിരാടിന് ഇനി 43 റണ്‍സ് മാത്രമാണ് വേണ്ടത്.