സച്ചിനടക്കം ആരും സെയ്ഫല്ല! കെട്ടിപ്പൊക്കിയ കോട്ട തകര്‍ക്കാന്‍ വിരാടെത്തുന്നു
Sports News
സച്ചിനടക്കം ആരും സെയ്ഫല്ല! കെട്ടിപ്പൊക്കിയ കോട്ട തകര്‍ക്കാന്‍ വിരാടെത്തുന്നു
ആദര്‍ശ് എം.കെ.
Sunday, 11th January 2026, 10:05 am

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വഡോദര അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് ആദ്യ മത്സരത്തിന് വേദിയാകുന്നത്.

ഒടുവില്‍ കളിച്ച പരമ്പരകളില്‍ മികച്ച വിജയം സ്വന്തമാക്കിയാണ് ഇന്ത്യ 2026ലെ ആദ്യ പരമ്പരയ്ക്കിറങ്ങുന്നത്. ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക ടീമുകള്‍ക്കെതിരായ പരമ്പരയില്‍ നേടിയ വിജയം തന്നെയാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.

സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും മികച്ച ഫോം തന്നെയാണ് ഇന്ത്യയുടെ കരുത്ത്. കരിയര്‍ അവസാനിച്ചെന്ന് വിധിയെഴുതിയ വിമര്‍ശകര്‍ക്ക് മുമ്പില്‍ പരമ്പരയുടെ താരങ്ങളായാണ് ഇരുവരും കരുത്ത് കാട്ടിയത്.

വിരാടും രോഹിത്തും. Photo: BCCI/x.com

ന്യൂസിലാന്‍ഡിനെതിരെ കളത്തിലിറങ്ങുമ്പോള്‍ റെക്കോഡുകളും കരിയര്‍ മൈല്‍സ്‌റ്റോണുകളും വിരാടിന് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. 28,000 കരിയര്‍ റണ്‍സാണ് ഇതില്‍ പ്രധാനം. വെറും 25 റണ്‍സ് നേടിയാല്‍ വിരാടിന് ഈ നേട്ടത്തിലെത്താം. നിലവില്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും കുമാര്‍ സംഗക്കാരയും മാത്രമാണ് ഈ റെക്കോഡ് സ്വന്തമാക്കിയത്.

623 ഇന്നിങ്‌സില്‍ നിന്നും 52.58 ശരാശരിയില്‍ 27,975 റണ്‍സാണ് നിലവില്‍ വിരാടിന്റെ പേരിലുള്ളത്. 84 സെഞ്ച്വറിയും 145 അര്‍ധ സെഞ്ച്വറികളും തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തിട്ടുണ്ട്.

വിരാട് കോഹ്ലി. Photo: BCCI/x.com

ഈ നേട്ടത്തിലെത്താന്‍ സാധിച്ചാല്‍ ഒരു ചരിത്ര നേട്ടവും വിരാടിന്റെ പേരില്‍ കുറിക്കപ്പെടും. ഏറ്റവും വേഗത്തില്‍ 28000 അന്താരാഷ്ട്ര റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടമാണ് വിരാട് സ്വന്തമാക്കുക. 644ാം ഇന്നിങ്‌സില്‍ നിന്നും 28,000 റണ്‍സടിച്ച സച്ചിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയാവുക. 666ാം ഇന്നിങ്‌സിലാണ് സംഗ ഈ നേട്ടത്തിലെത്തിയത്.

28,000 റണ്‍സ് പൂര്‍ത്തിയാക്കി മറ്റൊരു 17 റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടവും വിരാടിന്റെ പേരില്‍ കുറിക്കപ്പെടും. 28,016 റണ്‍സടിച്ച സംഗയെ പിന്നിലാക്കാനാണ് വിരാടിന് സാധിക്കുക.

വിരാട് കോഹ്ലി. Photo: BCCI/x.com

അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം

(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 34,357

കുമാര്‍ സംഗക്കാര – ശ്രീലങ്ക | ഏഷ്യ | ഐ.സി.സി – 28,016

വിരാട് കോഹ്ലി – ഇന്ത്യ – 27,975

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ | ഐ.സി.സി – 27,483

മഹേല ജയവര്‍ധനെ – ശ്രീലങ്ക | ഏഷ്യ – 25,975

നിലവില്‍ മികച്ച ഫോമില്‍ തുടരുന്ന വിരാട് ഈ നേട്ടങ്ങളെല്ലാം അനായാസം സ്വന്തമാക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഇന്ത്യ സ്‌ക്വാഡ്

രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, യശസ്വി ജെയ്സ്വാള്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ന്യൂസിലാന്‍ഡ് സ്‌ക്വാഡ്

ഹെന്റി നിക്കോള്‍സ്, നിക് കെല്ലി, വില്‍ യങ്, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്സ്, ജോഷ് ക്ലാര്‍ക്സണ്‍, ക്രിസ് ക്ലാര്‍ക്, മൈക്കല്‍ ബ്രേസ്വെല്‍ (ക്യാപ്റ്റന്‍), സാക്ക് ഫോള്‍ക്സ്, ഡെവോണ്‍ കോണ്‍വേ, മിച്ചല്‍ ഹേ (വിക്കറ്റ് കീപ്പര്‍), ആദിത്യ അശോക്, ജെയ്ഡന്‍ ലെനക്സ്, കൈല്‍ ജാമൈസണ്‍, മൈക്കല്‍ റേ.

 

Content Highlight: Virat Kohli need 25 runs to complete 28,000 International Runs

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.