ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ തോറ്റത് പാകിസ്ഥാനോടാണ് എന്നതാണ് ഇന്ത്യന്‍ ആരാധകരുടെ ഉറക്കം കെടുത്തുന്നത്. ആ തോല്‍വി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ കാലങ്ങളോളം ഓര്‍ത്തുവെക്കപ്പെടും. കളിയില്‍ പാകിസ്ഥാനോളം പോന്ന മറ്റൊരു ശത്രു ഇന്ത്യയ്ക്കില്ല. എന്നാലിതൊക്കെ കളിക്കളത്തില്‍ മാത്രമാണ്.

കളത്തിനു പുറത്ത് താരങ്ങളെല്ലാം പരസ്പരം വളരെയധികം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണ്. അതിനുള്ള തെളിവായിരുന്നു മത്സരശേഷം പ്രശംസയുമായി ഇന്ത്യന്‍ നായകന്‍ പാക് ടീമിന് അരികിലെത്തിയതും പാക് നായകന്‍ നടത്തിയ പ്രസ്താവനയുമെല്ലാം.
ഇന്ത്യയുടേയും പാകിസ്ഥാന്റേയും താരങ്ങള്‍ക്കിടയിലെ പരസ്പര ബഹുമാനത്തിന്റെ വലിപ്പം വിളിച്ചോതുന്ന ചില ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലിന് പിന്നാലെ ഇരുടീമിന്റേയും ആരാധകര്‍ തെരുവില്‍ തമ്മിലടിക്കുമ്പോള്‍ പാക് താരത്തിന്റെ മക്കള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോയെടുത്തും സംസാരിച്ചും സമയം ചിലവിടുകയാണ്. വൈരത്തെ ഗ്രൗണ്ടിനു പുറത്തേക്ക് കൊണ്ടു വരേണ്ടതില്ലെന്ന് ഈ ചിത്രങ്ങള്‍ വിളിച്ചു പറയുന്നുണ്ട്.

മത്സരത്തിനു മുന്നോടിയായി പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിന്റെ മകനെ എടുത്തു നില്‍ക്കുന്ന എം.എസ് ധോണിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് മറ്റ് താരങ്ങളുടേയും ചിത്രങ്ങള്‍ പുറത്തു വന്നത്. പാകിസ്ഥാന്റെ കിരീട വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച അസര്‍ അലിയുടെ മക്കള്‍ക്കൊപ്പമുള്ള ഇന്ത്യന്‍ താരങ്ങളുടെ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.

ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ് ലി, യുവരാജ് സിംഗ് തുടങ്ങിയവര്‍ ചിത്രങ്ങളില്‍ അസറിന്റെ മക്കള്‍ക്കൊപ്പ പോസ് ചെയ്യുന്നുണ്ട്. ചിത്രം ട്വിറ്ററിലൂടെ പുറത്തു വിട്ടത് അസര്‍ അലി തന്നെയാണ്. ഇതിഹാസങ്ങള്‍ എന്നാണ് അസര്‍ ഇന്ത്യന്‍ താരങ്ങളെ വിശേഷിപ്പിച്ചത്.
ക്രിക്കറ്റ് താരത്തിന് എതിര്‍ ടീമിലെ താരത്തെ ബഹുമാനിക്കാന്‍ കഴിയണമെന്നതിന്റെ എറ്റവും വലിയ ഉദാഹരണമാണ് ഈ ഇന്ത്യ-പാക് സൗഹൃദം.
