ഇതിഹാസങ്ങളേയും ജൂനിയേഴ്‌സിനേയും ഒരുമിച്ച് വെട്ടി; ഈ ലിസ്റ്റിലും കിങ്ങിന്റെ ആധിപത്യം
Cricket
ഇതിഹാസങ്ങളേയും ജൂനിയേഴ്‌സിനേയും ഒരുമിച്ച് വെട്ടി; ഈ ലിസ്റ്റിലും കിങ്ങിന്റെ ആധിപത്യം
ശ്രീരാഗ് പാറക്കല്‍
Monday, 19th January 2026, 7:25 am

ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പര ന്യൂസിലാന്‍ഡ് സ്വന്തമാക്കിയിരുന്നു. ഇന്‍ഡോറില്‍ നടന്ന സീരീസ് ഡിസൈഡറിലും ജയിച്ചാണ് കിവീസ് ചരിത്രത്തിലാദ്യമായി ഒരു ഏകദിന പരമ്പര ഇന്ത്യയില്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ 41 റണ്‍സിനാണ് സന്ദര്‍ശകരുടെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് ഇന്ത്യയ്ക്ക് മുന്നില്‍ 338 റണ്‍സിന്റെ വിജലക്ഷ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 296 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസിനായി ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്‌സും സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. മിച്ചല്‍ 131 പന്തില്‍ 137 റണ്‍സെടുത്തപ്പോള്‍ ഫിലിപ്‌സ് 88 പന്തില്‍ 106 റണ്‍സും അടിച്ചെടുത്തു.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ്. 108 പന്തില്‍ 124 റണ്‍സാണ് താരം അടിച്ചെടുത്തത്. മൂന്ന് സിക്സും പത്ത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

ഇതോടെ ഒരു റെക്കോഡ് ലിസ്റ്റില്‍ ഇടം നേടാനും വിരാടിന് സാധിച്ചിരിക്കുകയാണ്. ഏകദിനത്തില്‍ ഓള്‍ ഔട്ട് ആയ ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാകാനാണ് വിരാടിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ മറികടന്നാണ് വിരാട് ഒന്നാമനായത്.

അന്താരാഷ്ട്ര ഏകദിനത്തില്‍ ഓള്‍ ഔട്ട് ആയ ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരം

വിരാട് കോഹ്‌ലി (ഇന്ത്യ) – 7

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ) – 6

ബ്രൈഡന്‍ ടെയ്‌ലര്‍ (സിംബാബ്‌വേ) – 5

ചരിത് അസലങ്ക (ശ്രീലങ്ക) – 5

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 5

മത്സരത്തില്‍ വിരാടിന് പുറമെ ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡി 53 റണ്‍സും ഹര്‍ഷിത് റാണ 52 റണ്‍സും സ്വന്തമാക്കി. മറ്റാര്‍ക്കും മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല.

കിവീസിനായി ക്രിസ് ക്ലാര്‍ക്കും സക്ക് ഫോള്‍ക്ക്സും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഒപ്പം ജെയ്ഡന്‍ ലെനോക്‌സ് രണ്ട് വിക്കറ്റും കൈല്‍ ജാമിസണ്‍ ഒരു വിക്കറ്റും നേടി.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

Content Highlight: Virat Kohli In Great Record Achievement In ODI All Out Innings

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ