ഏകദിനത്തിലല്ല, 50 ഓവറില്‍! ചരിത്ര നേട്ടത്തില്‍ സച്ചിനെ വെട്ടി വിരാട് കോഹ്‌ലി
Sports News
ഏകദിനത്തിലല്ല, 50 ഓവറില്‍! ചരിത്ര നേട്ടത്തില്‍ സച്ചിനെ വെട്ടി വിരാട് കോഹ്‌ലി
ആദര്‍ശ് എം.കെ.
Wednesday, 24th December 2025, 8:39 pm

ലിസ്റ്റ് എ ഫോര്‍മാറ്റില്‍ 16,000 റണ്‍സ് മാര്‍ക് പിന്നിട്ട് വിരാട് കോഹ്‌ലി. വിജയ് ഹസാരെ ട്രോഫിയില്‍ ആന്ധ്രാപ്രദേശിനെതിരെ ഒറ്റ റണ്‍സ് നേടിയതിന് പിന്നാലെയാണ് വിരാട് 50 ഓവര്‍ ഫോര്‍മാറ്റില്‍ 16,000 റണ്‍സ് സ്വന്തമാക്കിയത്.

ഈ നേട്ടത്തിലെത്തുന്ന ഒമ്പതാം താരമാണ് വിരാട് കോഹ്‌ലി. ഗ്രഹാം ഗൂച്ച് (ഇംഗ്ലണ്ട്), ഗ്രെയം ഹിക്ക് (ഇംഗ്ലണ്ട്), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ), കുമാര്‍ സംഗക്കാര (ശ്രീലങ്ക), വിവ് റിച്ചാര്‍ഡ്‌സ് (വെസ്റ്റ് ഇന്‍ഡീസ്), റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ), ഗോര്‍ഡന്‍ ഗ്രീനിഡ്ജ് (വെസ്റ്റ് ഇന്‍ഡീസ്), സനത് ജയസൂര്യ (ശ്രീലങ്ക) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.

എന്നാല്‍ ഏതൊരു താരത്തേക്കാളും വേഗത്തില്‍ 16,000 ലിസ്റ്റ് എ റണ്‍സ് സ്വന്തമാക്കിയ താരമെന്ന നേട്ടം വിരാട് തന്റെ പേരില്‍ കുറിച്ചു. കരിയറിലെ 330ാം ഇന്നിങ്‌സിലാണ് വിരാട് ഈ മാജിക്കല്‍ നമ്പര്‍ പിന്നിട്ടത്. ഇതോടെ 10,000, 11,000, 12,000, 13,000 തുടങ്ങി 16,000 വരെയുള്ള കരിയര്‍ മൈല്‍സ്‌റ്റോണുകളില്‍ ഏറ്റവും വേഗത്തിലെത്തുന്ന താരമാകാനും വിരാടിന് സാധിച്ചു.

ഇന്ത്യയ്ക്കും ദല്‍ഹിക്കും പുറമെ ആഭ്യന്തര തലത്തില്‍ ഇന്ത്യ റെഡ്, ഇന്ത്യ ബ്ലൂ, നോര്‍ത്ത് സോണ്‍ അടക്കമുള്ള ടീമുകള്‍ക്കായി കളിച്ചാണ് വിരാട് ലിസ്റ്റ് എ-യില്‍ ചരിത്രമെഴുതിയത്.

വിരാട് ആന്ധ്രാപ്രദേശിനെതിരായ മത്സരത്തിനിടെ . Photo: x.com

അന്താരാഷ്ട്ര ഏകദിനത്തില്‍ 296 ഇന്നിങ്‌സില്‍ നിന്നും 14,557 റണ്‍സ് നേടി വിരാട് ലിസ്റ്റ് എ-യില്‍ 330 ഇന്നിങ്‌സില്‍ നിന്നും നിലവില്‍ 16,130 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. 57.60 ശരാശരിയില്‍ ബാറ്റ് വീശുന്ന വിരാട് 58 സെഞ്ച്വറിയും 84 അര്‍ധ സെഞ്ച്വറിയും ലിസ്റ്റ് എ ഫോര്‍മാറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.

കാലങ്ങള്‍ക്ക് ശേഷം വിജയ് ഹസാരെ ട്രോഫിയില്‍ ബാറ്റെടുത്ത വിരാട് സെഞ്ച്വറിയുമായാണ് തിരിച്ചുവരവ് ആഘോഷമാക്കിയത്. ദല്‍ഹിക്കെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആന്ധ്രാപ്രദേശ് റിക്കി ഭുയിയുടെ സെഞ്ച്വറി കരുത്തില്‍ 298 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് തുടക്കം പാളിയിരുന്നു. ഓപ്പണര്‍ അര്‍പ്പിത് റാണ നേരിട്ട രണ്ടാം പന്തില്‍ ‘സംപൂജ്യനായി’ മടങ്ങി. എന്നാല്‍ വണ്‍ ഡൗണായെത്തിയ വിരാട് യുവതാരം പ്രയാന്‍ഷ് ആര്യയെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും ദല്‍ഹി ഇന്നിങ്‌സിന് അടിത്തറയൊരുക്കിയത്.

13-ാം ഓവറിലെ രണ്ടാം പന്തില്‍ പ്രിയാന്‍ഷിനെ പുറത്താക്കി കെ. രാജുവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 113 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്. 44 പന്തില്‍ 74 റണ്‍സടിച്ചാണ് പ്രിയാന്‍ഷ് മടങ്ങിയത്.

നാലാം നമ്പറിലിറങ്ങിയ നിതീഷ് റാണയെ ഒപ്പം കൂട്ടി വിരാട് വീണ്ടും ആന്ധ്ര ബൗളിങ് ലൈനപ്പിനെ മര്‍ദിച്ചുകൊണ്ടിരുന്നു. മൂന്നാം വിക്കറ്റില്‍ 160 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് വിരാട് മടങ്ങുന്നത്. 101 പന്ത് നേരിട്ട താരം 131 റണ്‍സ് സ്വന്തമാക്കി. 14 ഫോറും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

 

Content Highlight: Virat Kohli completed 16,000 runs in List A format

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.