സൂപ്പര്‍ താരം വിരാട് കോഹ്‌ലി അഴിഞ്ഞാടിയ ഒരു വര്‍ഷമാണ് കഴിഞ്ഞ് പോയത്. ഏകദിനത്തില്‍ താരം തുടര്‍ച്ചയായി സെഞ്ച്വറികള്‍ നേടി താണ്ഡവമാടിയ കാഴ്ച ആരാധകരുടെ മനസില്‍ എന്നും തെളിവോടെ നില്‍ക്കുമെന്ന് ഉറപ്പാണ്. സൗത്ത് ആഫ്രിക്കക്ക് എതിരെ തകർത്താടിയ താരത്തെ ഇനിയും കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
പുതിയ വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കോഹ്‌ലി കഴിഞ്ഞ വര്‍ഷത്തെ പോലെ റെക്കോഡ് വേട്ട തുടരുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ വര്‍ഷവും താരത്തിന് കൈക്കലാക്കാവുന്ന പല റെക്കോഡുകളുമുണ്ട്. അതിലൊന്നാണ് ഏകദിനത്തില്‍ 15000 റണ്‍സ് എന്ന നാഴികക്കല്ല്.
വിരാട് കോഹ്ലി. Photo: BCCI/x.com
ഇതിനായി കോഹ്‌ലിയ്ക്ക് ആവശ്യം 443 റണ്‍സാണ്. നിലവില്‍ താരത്തിന് 14557 റണ്‍സാണ് 50 ഓവര്‍ ക്രിക്കറ്റിലുള്ളത്. 308 ഏകദിനത്തിലെ 296 ഇന്നിങ്‌സില്‍ കളിച്ചാണ് താരം ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്തത്.
2026ല്‍ 443 റണ്‍സ് നേടാനായാൽ കോഹ്‌ലിയ്ക്ക് ഏകദിനത്തില്‍ 15000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാന്‍ സാധിക്കും. നിലവില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്. താരത്തിന് 18426 റണ്‍സാണുള്ളത്.
വിരാട് കോഹ്ലി. Photo: BCCI/x.com
അതേസമയം, ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയിലാവും കോഹ്‌ലി ഇനി ഇന്ത്യന്‍ കുപ്പായത്തില്‍ ഇറങ്ങുക. ജനുവരി 11 മുതലാണ് ഈ പരമ്പരയ്ക്ക് തുടക്കമാവുക. മൂന്ന് മത്സരങ്ങളാണ് ഇതില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.
വഡോദരയിലാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ഏകദിനം നടക്കുക. പിന്നാലെ ജനുവരി 14ന് രാജ്‌കോട്ടില്‍ രണ്ടാം ഏകദിനവും 18ന് ഇന്‍ഡോറില്‍ മൂന്നാം ഏകദിനവും അരങ്ങേറും.