കിങ്ങിന്റെ തേരോട്ടത്തില്‍ ഹിറ്റ്മാനും കടപുഴകി; കൊല്‍ക്കത്തയെ തൂക്കിയടിച്ച് ഒന്നാമന്‍!
Cricket
കിങ്ങിന്റെ തേരോട്ടത്തില്‍ ഹിറ്റ്മാനും കടപുഴകി; കൊല്‍ക്കത്തയെ തൂക്കിയടിച്ച് ഒന്നാമന്‍!
ശ്രീരാഗ് പാറക്കല്‍
Wednesday, 13th May 2026, 11:47 pm

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. ബെംഗളൂരുവിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഷഹീദ് വീര്‍ നാരായണ്‍ സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് (റായ്പൂര്‍) മത്സരം.

മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ബൗളിങ്ങായിരുന്നു തെരഞ്ഞെടുത്തത്. ആദ്യ ബാറ്റിങ് അവസാനിച്ചപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 12 ഓവര്‍ പൂര്‍ത്തിയയപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണ് നേടിയത്.

15 റണ്‍സിന് ജേക്കബ് ബെഥേലിനെ ബെംഗളൂരുവിന് നഷ്ടമായെങ്കിലും നിലവില്‍ വിരാട് കോഹ്‌ലിയും ദേവ്ദത്ത് പടിക്കലുമാണ് ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തി മുന്നേറുന്നത്.

വിരാട് 37 പന്തില്‍ പുറത്താകാതെ 59 റണ്‍സാണ് നേടിയത്. സീസണില്‍ നാലാം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാനും വിരാടിന് സാധിച്ചു. ഐ.പി.എല്‍ ചരിത്രത്തില്‍ താരത്തിന്റെ 67ാം അര്‍ധ സെഞ്ച്വറിയാണിത്. ഇതോടെ ഒരു വെടിക്കെട്ട് റെക്കോഡും വിരാട് സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമാകാനാണ് വിരാടിന് സാധിച്ചത്. ഈ നേട്ടത്തില്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയെ മറികടന്നാണ് കിങ് കോഹ്‌ലി ഒന്നമനായത്.

ഐപിഎല്ലില്‍ കെകെആറിനെതിരെ ഏറ്റവും കൂടുതല്‍ 50+ സ്‌കോറുകള്‍

വിരാട് കോഹ്‌ലി – 9*

രോഹിത് ശര്‍മ – 8

ഡേവിഡ് വാര്‍ണര്‍ – 8

സുരേഷ് റെയ്‌ന – 8

ശിഖര്‍ ധവാന്‍ – 7

അതേസമയം കൊല്‍ക്കത്തയ്ക്ക് വേണ്ടി കിടിലന്‍ ബാറ്റിങ് പ്രകടനം നടത്തിയത് അങ്കൃഷ് രഘുവംശിയാണ്. 46 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 71 റണ്‍സാണ് താരം നേടിയത്. താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ഐ.പി.എല്‍ സ്‌കോറാണിത്. സീസണില്‍ നാലാമത്തെ അര്‍ധസെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്.

ഇന്നിങ്‌സിലെ അവസാന പന്തില്‍ റണ്‍ഔട്ട് ആകുകയായിരുന്നു താരം. രഘുവംശിക്ക് പുറമെ മിന്നും പ്രകടനം നടത്തിയത് റിങ്കു സിങ്ങാണ്. 29 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 49 റണ്‍സ് നേടി താരം പുറത്താകാതെ നിന്നു.

കാമറൂണ്‍ ഗ്രീന് രഘുവംശിക്കൊപ്പം 32 റണ്‍സ് നേടി ടീം സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ബെംഗളൂരുവിനായി ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, റാസിക് സലാം എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

പവര്‍പ്ലേയില്‍ ഫിന്‍ അലനെ 18 റണ്‍സിന് ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയപ്പോള്‍ ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെയെ 19 റണ്‍സിന് ഹേസല്‍വുഡ്ഡും കൂടാരം കയറ്റി.

Content Highlight: Virat Kohli becomes the player to score the most half-centuries against Kolkata in IPL

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ