ഐ.സി.സിയുടെ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരുന്നു. 785 പോയിന്റുമായാണ് കിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 2021ന് ശേഷം ഇതാദ്യമായാണ് താരം വീണ്ടും റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന രോഹിത് ശര്‍മയെ വെട്ടിയാണ് വിരാട് റാങ്കിങ്ങില്‍ ഉയര്‍ന്നത്.
ന്യൂസിലാന്‍ഡിന് എതിരെ നടക്കുന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ ഒന്നാം ഏകദിനത്തിലെ ബാറ്റിങ് മികവാണ് കോഹ്ലിയെ വീണ്ടും ഒന്നാം റാങ്കിങ്ങിലെത്തിച്ചത്. മത്സരത്തില്‍ താരം കിവികള്‍ക്ക് എതിരെ 91 പന്തില്‍ 93 റണ്‍സെടുത്തിരുന്നു.
മാത്രമല്ല ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ മറ്റൊരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ ദിവസം ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ആദ്യ ഇന്ത്യക്കാരനാകാനാണ് വിരാടിന് സാധിച്ചത്.
825 ദിവസമാണ് വിരാട് ഒന്നാം സ്ഥാനത്ത് ആധിപത്യം ഉറപ്പിച്ചത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ഈ നേട്ടത്തില്‍ മുന്നിലുള്ളത് വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സാണ്. 2306 ദിവസമാണ് റിച്ചാര്‍ഡ്‌സ് ഒന്നാമനായി വാണത്.
ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ ദിവസം ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന താരം
വിവിയന്‍ റിച്ചാര്‍ഡ്‌സ് – 2306
ബ്രയാന്‍ ലാറ – 2079
മൈക്കല്‍ ബെവന്‍ – 1361
ബാബര്‍ അസം – 1359
എബി. ഡിവില്ലിയേഴ്‌സ് – 1356
ഡീന്‍ ജോണ്‍സ് – 1161
കെയ്ത് ഫ്‌ളെച്ചര്‍ – 1101
ഹാഷിം അംല – 1047
ഗ്രെഗ് ചാപ്പല്‍ – 998
വിരാട് കോഹ്‌ലി – 825
മാത്രമല്ല അവസാനം കളിച്ച അഞ്ച് ഏകദിനങ്ങളില്‍ രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറികളും സ്‌കോര്‍ ചെയ്യാന്‍ കോഹ്‌ലിക്ക് സാധിച്ചിരുന്നു. ഈ മികവിലാണ് താരം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ളത് ന്യൂസിലാന്‍ഡിന്റെ ഡാരല്‍ മിച്ചാലാണ്. താരത്തിന് 784 പോയിന്റുണ്ട്. ഇന്ത്യയ്ക്ക് എതിരെയുള്ള ഒന്നാം ഏകദിനത്തിലെ ബാറ്റിങ്ങാണ് താരത്തെയും തുണച്ചത്.
അതേസമയം നിലവില്‍ കിവീസിനെതിരായ രണ്ടാം ഏകദിന മത്സരം സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ന്യൂസിസലാന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സാണ് ഇന്ത്യ നേടിയത്.
Content Highlight: Virat Kohli becomes the first Indian to hold the top spot in ODI batting rankings for the most number of days