ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ റെക്കോഡ് സ്വന്തമാക്കി വിരാട് കോഹ്‌ലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് കിങ്ങിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഇതിഹാസം കുമാര്‍ സംഗക്കാരയെ മറികടന്നാണ് വിരാട് രണ്ടാമനായത്.
മത്സരത്തില്‍ നിന്ന് നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 28000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ വിരാടിന് സാധിച്ചിരുന്നു. ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്.
അതേസമയം വഡോധരയില്‍ നടക്കുന്ന മത്സരത്തില്‍ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സാണ് നേടാന്‍ സാധിച്ചത്. നിലവില്‍ 23 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വിരാട് കോഹ്‌ലിയുമാണ്. വിരാട് 47 പന്തില്‍ ആറ് ഫോര്‍ ഉള്‍പ്പെടെ 52 റണ്‍സും ഗില്‍ 62 പന്തില്‍ രണ്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 46 റണ്‍സുമാണ് നേടിയത്.
സൂപ്പര്‍ താരം രോഹിത് ശര്‍മയേയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. കൈല്‍ ജാമിസണിന്റെ പന്തില്‍ കവറിലേക്ക് ഉയര്‍ത്തിയടിച്ച രോഹിത് മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ കയ്യിലാകുകയായിരുന്നു.
29 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 26 റണ്‍സ് നേടിയാണ് ഹിറ്റ്മാന്‍ മടങ്ങിയത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 650 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമെന്ന റെക്കോഡും ഹിറ്റ്മാന്‍ സ്വന്തമാക്കിയിരുന്നു.
അതേസമയം മത്സരത്തില്‍ ന്യൂസിലാന്‍ഡിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ഡാരില്‍ മിച്ചലാണ് 71 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 84 റണ്‍സാണ് താരം അടിച്ചെടുത്തത്. പ്രസിദ്ധ് കൃഷ്ണയാണ് താരത്തെ പുറത്താക്കിയത്.
കിവീസിന്റെ ഓപ്പണര്‍മാരെ പുറത്താക്കി ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത് പേസര്‍ ഹര്‍ഷിത് റാണയാണ്. 56 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വേയയും 62 റണ്‍സ് നേടിയ ഹെന്റിക് നിക്കോളാസിനെയുമാണ് റാണ പുറത്താക്കിയത്. കിവീസ് ഓപ്പണര്‍മാരുടെ കൂട്ടുകെട്ടായിരുന്നു ടീമിന്റെ റണ്‍സ് ഉയര്‍ത്തുന്നതില്‍ അടിത്തറയിട്ടത്.
ഇന്ത്യയ്ക്ക് വേണ്ടി റാണ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കുല്‍ദീപ് യാദവ് ഒരു വിക്കറ്റും നേടി.
Content Highlight: Virat Kohli becomes second highest run-scorer in international cricket