കുഞ്ഞിന്റെ ചിത്രം പകര്‍ത്തരുത്; പാപ്പരാസികളോട് അഭ്യര്‍ത്ഥനയുമായി അനുഷ്‌കയും കോഹ്‌ലിയും
Indian Cinema
കുഞ്ഞിന്റെ ചിത്രം പകര്‍ത്തരുത്; പാപ്പരാസികളോട് അഭ്യര്‍ത്ഥനയുമായി അനുഷ്‌കയും കോഹ്‌ലിയും
ന്യൂസ് ഡെസ്‌ക്
Wednesday, 13th January 2021, 4:49 pm

മുംബൈ: ജനുവരി 11 നാണ് അനുഷ്‌ക-കോഹ്‌ലി ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ദൃശ്യങ്ങളൊന്നും ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടില്ല.

എന്നാല്‍ ഏത് വിധേനയും കുഞ്ഞിന്റെ ചിത്രം പകര്‍ത്തി പ്രചരിപ്പിക്കാന്‍ പാപ്പരാസികളും ശ്രമം തുടരുന്നുണ്ട്. എന്നാല്‍ ദയവുചെയ്ത് കുഞ്ഞിന്റെ ചിത്രം പകര്‍ത്തരുതെന്നും ഇത് തങ്ങളുടെ അഭ്യര്‍ത്ഥനയാണെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരങ്ങള്‍.

”ഹായ്, കഴിഞ്ഞ നാളുകളില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ എല്ലാ സ്‌നേഹത്തിനും നന്ദി. ഈ സുപ്രധാന സന്ദര്‍ഭം നിങ്ങളോടൊപ്പം ആഘോഷിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. മാതാപിതാക്കളെന്ന നിലയില്‍, നിങ്ങളോട് ഞങ്ങള്‍ക്ക് ഒരു ലളിതമായ അഭ്യര്‍ത്ഥനയുണ്ട്. ഞങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായവും പിന്തുണയും ആവശ്യമാണ്.’, എന്നായിരുന്നു ഇവര്‍ കുറിച്ചത്.

ഞങ്ങളുടെ ഫീച്ചറുകള്‍ ചെയ്യാന്‍ വേണ്ട തരത്തിലുള്ള വിവരങ്ങള്‍ തങ്ങള്‍ നല്‍കുമെന്നും എന്നാല്‍ കുഞ്ഞുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്.

ഞങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം. അതില്‍ ഞങ്ങള്‍ക്കും സന്തോഷമുണ്ടെന്നും താരങ്ങള്‍ പറഞ്ഞു. നേരത്തെ തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്ന് ആരോപിച്ച് അനുഷ്‌ക ഒരു പ്രസിദ്ധീകരണത്തിനും അതിലെ ഫോട്ടോഗ്രാഫര്‍ക്കുമെതിരെയും രംഗത്തെത്തിയിരുന്നു.

അനുമതിയില്ലാതെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന താക്കീതായിരുന്നു അനുഷ്‌ക നല്‍കിയത്.

വീടിന്റെ ബാല്‍ക്കണിയിലിരുന്ന് സംസാരിക്കുകയായിരുന്ന അനുഷ്‌കയുടേയും വിരാടിന്റേയും ചിത്രങ്ങളായിരുന്നു ഇവര്‍ അറിയാതെ ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്. ഈ ചിത്രങ്ങളെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇതേ ചിത്രം പങ്കുവെച്ചുകൊണ്ട് രൂക്ഷവിമര്‍ശനവുമായി താരം രംഗത്തെത്തിയത്.

‘ ഈ ഫോട്ടോഗ്രാഫറോടും പ്രസിദ്ധീകരണത്തോടും തങ്ങള്‍ നിരവധി തവണ അഭ്യര്‍ത്ഥിച്ചിട്ടും അവര്‍ ഇപ്പോഴും ഞങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയാണ്. ഇത് ഇപ്പോള്‍ തന്നെ നിങ്ങള്‍ അവസാനിപ്പിക്കണം’ അനുഷ്‌ക പറഞ്ഞു.

അനുഷ്‌കയും കോഹ്ലിയും എപ്പോള്‍ വീടിന് പുറത്തിറങ്ങിയാലും പാപ്പരാസികള്‍ ഇവരുടെ പിറകെ കൂടാറുണ്ട്. ഇവരുടെ നിരവധി ചിത്രങ്ങള്‍ ഇക്കൂട്ടര്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയു ചെയ്യാറുമുണ്ട്.

കഴിഞ്ഞ കുറച്ചു നാളുകളായി ആശുപത്രിയിലേക്കുള്ള സന്ദര്‍ശനത്തിനല്ലാതെ താരങ്ങള്‍ പുറത്തിറങ്ങാറില്ല. നേരത്തെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന അനുഷ്‌കയും ചിത്രങ്ങളും വൈറലായിരുന്നു. നേരത്തെ കൊവിഡ് തങ്ങള്‍ക്ക് ചിലസമയത്തെങ്കിലും ഒരു അനുഗ്രഹമായി മാറിയിരിക്കുകയാണെന്നും ലോക്ക് ഡൗണ്‍ സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ പാപ്പരാസികളില്‍ നിന്നും തങ്ങള്‍ രക്ഷപ്പെടാറുണ്ടെന്നും താരം പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് താന്‍ അമ്മയാകാന്‍ പോകുന്നെന്ന വാര്‍ത്ത താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Virat Kohli and Anushka Sharma request paparazzi to not click pics of their baby girl