2025ന് അന്ത്യമാവാന്‍ ഇനി ഒരു ദിവസം മാത്രമാണുള്ളത്. ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു പിടി ഓര്‍മ്മകള്‍ സമ്മാനിച്ച വര്‍ഷമാണ് അരങ്ങൊഴുന്നത്. മറ്റൊരു വര്‍ഷം കൂടി മറയുമ്പോള്‍ നിരവധി താരങ്ങളാണ് കളിക്കളത്തില്‍ മാസ്മരിക പ്രകടനങ്ങള്‍കൊണ്ട് ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്.
അങ്ങനെ ഈ വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ വിസ്മയിപ്പിച്ച താരങ്ങളില്‍ ഒരാളാണ് വിരാട് കോഹ്‌ലി. ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ പാഡ് അഴിച്ച് വെച്ചെങ്കിലും താരം ഏകദിനത്തില്‍ ബാറ്റ് കൊണ്ട് തിളങ്ങിയിരുന്നു. കൂടാതെ, രണ്ട് കിരീടങ്ങളും താരം സ്വന്തം അക്കൗണ്ടിലാക്കി ഈ വര്‍ഷത്തെ സ്വപ്നതുല്യമാക്കി.
ഈ വര്‍ഷം ഇന്ത്യക്കൊപ്പം ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം ചൂടിയാണ് കോഹ്‌ലി തുടങ്ങിയത്. പിന്നാലെ എത്തിയ ഐ.പി.എല്ലില്‍ മികച്ച ബാറ്റിങ് പുറത്തെടുത്തു ആരാധകരെ വിസ്മയിപ്പിച്ചു. അതിനിടയില്‍ ഏവരെയും ഞെട്ടിച്ച് ടെസ്റ്റില്‍ നിന്ന് പടിയിറങ്ങുകയും ചെയ്തു. സൂപ്പര്‍ താരം രോഹിത് ശര്‍മയ്ക്ക് പിന്നാലെയായിരുന്നു ചെയ്സ് മാസ്റ്ററുടെയും വിടവാങ്ങല്‍.
പിന്നാലെ, ആര്‍.സി.ബിയ്‌ക്കൊപ്പം ഐ.പി.എല്ലില്‍ സ്വപ്ന കിരീടമുയര്‍ത്തി. 18 വര്‍ഷങ്ങളുടെ കാത്തിരിപ്പിനും കണ്ണീരിനും വിരാമമിട്ടാണ് ടൂര്‍ണമെന്റിലെ തന്റെ ആദ്യ കനക കിരീടം ഷെല്‍ഫിലെത്തിച്ചത്. അതിന് ശേഷം കോഹ്‌ലിയെ ആരാധകര്‍ക്ക് കണി കാണാന്‍ കഴിഞ്ഞത് നാല് മാസങ്ങള്‍ക്കിപ്പുറം ഓസ്ട്രേലിയന്‍ പര്യടനത്തിലാണ്.
കങ്കാരുക്കള്‍ക്ക് എതിരെയുള്ള പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയെങ്കിലും അവസാന മത്സരത്തില്‍ കിങ് കോഹ്‌ലി ഫോമിലേക്ക് തിരിച്ചെത്തി. പിന്നാലെ എത്തിയ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയുള്ള പരമ്പരയില്‍ വിന്റേജ് കോഹ്‌ലിയും ആരാധകര്‍ക്ക് കാണാനായി.
ഈ പരമ്പരയില്‍ കോഹ്‌ലി തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ സെഞ്ച്വറി നേടി തന്റെ വിമര്‍ശകരുടെ വായടിപ്പിച്ചു. ഈ താണ്ഡവത്തില്‍ നിരവധി റെക്കോഡുകളും മുന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കി. അതില്‍ ഒന്നാണ് ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 14000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന പട്ടം. ചാമ്പ്യന്‍സ് ട്രോഫിക്കിടെ തന്റെ 287ാം ഇന്നിങ്സിലാണ് ഈ നേട്ടം തന്റെ പേരിലാക്കിയത്.
സൗത്ത് ആഫ്രിക്കക്കയ്ക്ക് എതിരെ വിരാട് കോഹ്‌ലി . Photo: BCCI/x.com
കൂടാതെ, ഒരു ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന നേട്ടവും കോഹ്‌ലി തന്റെ അക്കൗണ്ടിലാക്കി. ഒപ്പം, ഹോം ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോറുകള്‍, 10 വ്യത്യസ്ത ടീമുകള്‍ക്ക് എതിരെ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്നിങ്ങനെ നിരവധി നേട്ടങ്ങളും താരം പെട്ടിയിലാക്കി.
Content Highlight: Virat Kohli bagged many records in 2025 along with ICC Champions Trophy and maiden IPL