മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടര്‍ച്ചയായി അഞ്ച് മത്സരം വിജയിക്കുന്നത് വരെ മുടിവെട്ടില്ല, കട്ട യുണൈറ്റഡ് ഫാനായ ഫ്രാങ്ക് ലെറ്റിന്റെ അടിയുറച്ച തീരുമാനമായിരുന്നു ഇത്. ദി യുണൈറ്റഡ് സ്ട്രാന്‍ഡ് എന്ന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഫ്രാങ്ക് ഈ തീരുമാനം പങ്കുവെക്കുകയും ചെയ്തു.
‘ഡേ വണ്‍ ഓഫ് നോട്ട് കട്ടിങ് മൈ ഹെയര്‍, അണ്‍ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിന്‍സ് ഫൈവ് മാച്ചസ് ഇന്‍ എ റോ’ ഇത് മാത്രമായിരുന്നു ഈ ചലഞ്ചിന്റെ ആദ്യ ദിവസത്തെ ഫേസ് വീഡിയോയിലൂടെ ഫ്രാങ്ക് പറഞ്ഞത്. തുടര്‍ന്ന് എല്ലാ ദിവസവും ഫ്രാങ്ക് ഈ അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്തു. ഈ വീഡിയോകളുടെ ഉള്ളടക്കം എല്ലാം ഒന്ന് തന്നെ. ദിവസം മാത്രം മാറിക്കൊണ്ടിരുന്നു.
ഡേ ടു, ഡേ ത്രീ, ഡേ ഫോര്‍ എന്ന് തുടങ്ങി ഇന്ന് ഡേ 387ല്‍ എത്തി നില്‍ക്കുകയാണ് ഫ്രാങ്കിന്റെ ചലഞ്ച്. മുടി പറ്റെ വെട്ടിച്ച രൂപത്തില്‍ നിന്നും ഇന്ന് കാടുപോലെ പോലെ വളര്‍ന്ന മുടിയുമായാണ് ഫ്രാങ്ക് ലെറ്റ് ഇപ്പോള്‍ ആരാധകര്‍ക്ക് മുമ്പിലെത്തുന്നത്.
മാഞ്ചസ്റ്ററിന്റെ മോശം ഫോം കാരണം ഫ്രാങ്കിന് ഈ ചലഞ്ച് പൂര്‍ത്തിയാക്കാനോ മുടിവെട്ടാനോ സാധിച്ചിരുന്നില്ല. ഫ്രാങ്കിന്റെ ചലഞ്ച് ആരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും യുണൈറ്റഡ് അഞ്ച് മത്സരം ഒന്നിച്ച് ജയിച്ചിട്ടില്ല.
ഫ്രാങ്കിന്റെ ഈ ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ധിക്കുകയും ചെയ്തു.
മാഞ്ചസ്റ്ററിന്റെ മോശം ഫോം കാരണം വലിയ തോതിലുള്ള ട്രോളുകളും ഫ്രാങ്ക് ഏറ്റുവാങ്ങുന്നുണ്ട്. ‘ഇവന് ജന്മം മുഴുവന്‍ പോസ്റ്റ് ചെയ്യാനുള്ള കണ്ടന്റ് ആയി’, ‘ഇവന് മുടിവെട്ടണമെങ്കില്‍ മാഞ്ചസ്റ്ററിനെ വിട്ട് മറ്റേതെങ്കിലും ടീമിനെ പിന്തുണയ്ക്കണം’ എന്നെല്ലാമുള്ള ട്രോളുകളും കമന്റുകളുമാണ് ഫ്രാങ്ക് ഏറ്റുവാങ്ങുന്നത്.
ഫ്രാങ്കിന്റെ ഈ വ്യത്യസ്തമായ ചലഞ്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. ഈ വൈറല്‍ ആരാധകന്റെ പോസ്റ്റില്‍ കമന്റ് ടീം ചെയ്തിട്ടുണ്ട്.
അതേസമയം, ഫ്രാങ്കിന്റെ ഈ ചലഞ്ച് ഏതാണ്ട് അവസാനിക്കാനുള്ള സാധ്യതകളും തെളിഞ്ഞ് വരികയാണ്. നിലവില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മാഞ്ച്സ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ വിജയിച്ചുകഴിഞ്ഞു.
ഒക്ടോബര്‍ നാലിന് സണ്ടര്‍ലാന്‍ഡിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിന്റെ വിജയം സ്വന്തമാക്കിയ യുണൈറ്റഡ് അടുത്ത മത്സരത്തില്‍ ശക്തരായ ലിവര്‍പൂളിനെ ഒന്നിനെതിരെ രണ്ട് ഗോളിനും ബ്രൈറ്റണെ രണ്ടിനെതിരെ നാല് ഗോളിനും പരാജയപ്പെടുത്തി.
നവംബര്‍ ഒന്നിനാണ് യുണൈറ്റഡ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. നോട്ടിങ്ഹാം ഫോറസ്റ്റാണ് എതിരാളികള്‍. എതിരാളകളുടെ തട്ടകമായ സിറ്റി ഗ്രൗണ്ടാണ് വേദി. ഒരാഴ്ചയ്ക്ക് ശേഷം നവംബര്‍ എട്ടിന് ടോട്ടന്‍ഹാം ഹോട്‌സ്പറിനെയും ചെകുത്താന്‍മാര്‍ നേരിടും. ടോട്ടന്‍ഹാമിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.
നിലവില്‍ പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് യുണൈറ്റഡ്. ഒമ്പത് മത്സരത്തില്‍ നിന്നും അഞ്ച് വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി 16 പോയിന്റാണ് ടീമിനുള്ളത്. ചിരവൈരികളായ മാന്‍ സിറ്റിക്കും 16 പോയിന്റാണെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ പേരില്‍ നീലക്കുപ്പായക്കാര്‍ ഒരു സ്ഥാനം മുമ്പിലാണ്.
ആഴ്‌സണല്‍, ബോണ്‍മൗത്, ടോട്ടന്‍ഹാം ഹോട്‌സ്പര്‍, രണ്ടാം ഡിവിഷനില്‍ നിന്നും പ്രൊമോഷന്‍ ലഭിച്ച സണ്ടര്‍ലാന്‍ഡ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളവര്‍.
Content Highlight: Viral Manchester United Fan’s challenge completed 387 days