'ലോക്ക്ഡൗണ്‍ എന്നെ സിനിമാക്കാരനാക്കി' പാലാഴിയിലെ ഓട്ടോക്കാരന്‍ സുനീറിക്ക
അന്ന കീർത്തി ജോർജ്

ലോക്ക്ഡൗണ്‍ ജീവിതത്തിന് സഡന്‍ ബ്രേക്കിട്ടപ്പോള്‍ കോഴിക്കോട് പാലാഴിയിലെ ഓട്ടോക്കാരനായ സുനീര്‍ വെറുതെയിരുന്നില്ല. പരിമിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് കൂട്ടുകാരമായി ചേര്‍ന്ന് തന്റെ ജീവിതാനുഭവങ്ങള്‍ ഹ്രസ്വചിത്രങ്ങളാക്കി. ‘അയല്‍ക്കാരന്‍’ എന്ന മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ആ ഹ്രസ്വചിത്രം ഇപ്പോള്‍ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

ലോക്ക്ഡൗണ്‍ വരുത്തിവെച്ച ദുരിതത്തില്‍ അയല്‍ക്കാരന് തുണയാകുന്ന സുഹൃത്തിന്റെ കഥ പറയുന്ന ചിത്രം മതസൗഹാര്‍ദത്തിന്റെ ഗ്രാമീണസൗന്ദര്യം കൂടി കാണിച്ചുതരുന്നതായിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് വരുമാനം ഇല്ലാതായപ്പോള്‍ പാളയം മാര്‍ക്കറ്റില്‍ ചുമട്ടുത്തൊഴിലാളിയായ സുഹൃത്ത് ചെയ്ത സഹായങ്ങളും ഓട്ടോക്കാര്‍ ചേര്‍ന്ന് ഉള്ളതെല്ലാം ചേര്‍ത്തുവെച്ച് പട്ടിണിയുടെ വക്കിലെത്തിയ വീടുകളില്‍ നടത്തിയ ഭക്ഷണകിറ്റ് വിതരണവുമാണ് സുനീറിന്റെ മനസ്സില്‍ ഷോര്‍ട്ട് ഫിലിമിനുള്ള ആശയം വിതച്ചത്. പിന്നീട് മന്‍സൂര്‍, ജോജില്‍, അഷ്‌റഫ് എന്നീ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്ത് തങ്ങളാല്‍ കഴിയും വിധം ചിത്രീകരണവും സംഗീതവുമെല്ലാം ഒരുക്കി ഇറക്കുകയായിരുന്നു.

കഥയും സംവിധാനവും സുനീര്‍ നിര്‍വഹിച്ചപ്പോള്‍ അഭിനേതാക്കളായത് മന്‍സൂറും ജോജിലും. ക്യാമറയും എഡിറ്റിംഗും നിര്‍വഹിച്ചത് സുഹൃത്തും എഡിറ്ററും കൂടിയായ അഷ്‌റഫ് പാലാഴിയും.

‘വെറും മൂന്നേ മൂന്ന് മിനിറ്റേ ഉണ്ടായിരുന്നുള്ളു ഞങ്ങളുടെ ഷോര്‍ട്ട് ഫിലിം. ആദ്യമായിട്ടാണ് ചെയ്യുന്നതും. വലിയ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. പക്ഷെ ചിത്രം ഇറങ്ങിയ ശേഷമാണ് ശരിക്കും ഞെട്ടിയത്. ജനങ്ങള്‍ അങ്ങ് ഏറ്റെടുത്തു. പലരും വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. ഹലോയിലും ഫേസ്ബുക്കിലും സാധാരണക്കാരായ ഒരുപാട് പേര്‍ ഷെയര്‍ ചെയ്ത് ലക്ഷങ്ങളാണ് അയല്‍ക്കാരന്‍ കണ്ടത്.’ സുനീര്‍ പറയുന്നു.

ടിക് ടോകിലും ഡബ്‌സ്മാഷിലും ചെറിയ വീഡിയോകളും മറ്റും ചെയ്യിരുന്ന തങ്ങള്‍ക്ക് ക്യാമറക്ക് മുന്നില്‍ നില്‍ക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നാണ് ജോജിലും മന്‍സൂറും ഒരുപോലെ പറയുന്നത്. ‘അഭിനയിക്കണം എന്ന് വലിയ ആഗ്രഹമൊക്കെയുണ്ട്. പക്ഷെ അതൊന്നും നമ്മളെക്കൊണ്ടാകില്ലല്ലോ, അതുകൊണ്ട് ചെറിയ ടിക് ടോക് വീഡിയോയൊക്കെ ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അങ്ങിനെ പോകുകയായിരുന്നു. നാട്ടുകാര്‍ക്കൊക്കെ ചെറുതായി അറിയാം അത്ര തന്നെ. ആ സമയത്താണ് സുനീര്‍ ഇങ്ങനെ ഒരാശയവുമായി എത്തുന്നത്. വലിയ സന്തോഷമായിരുന്നു. ക്യാമറക്ക് മുന്നിലെത്താനാകുന്നതിന്റെ ആവേശത്തിലായിരുന്നു.’

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അയല്‍ക്കാരന്‍ ഹിറ്റായതോടെയാണ് ‘അതാ നല്ലത്’ എന്ന പേരില്‍ ഒളവണ്ണ പഞ്ചായത്തുമായി ചേര്‍ന്ന് കൊവിഡ് നിയന്ത്രണനടപടികളുമായി ബന്ധപ്പെട്ട ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ക്കായി ചെയ്യുന്നത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിനും നല്ല പ്രതികരണം ലഭിച്ചു. ഇപ്പോള്‍ ഓട്ടോക്കാരുടെ ജീവിതവും മറ്റു വിഷയങ്ങളും ആസ്പദമാക്കി ‘ചായപ്പൊടിയും പഞ്ചസാരയും’ എന്ന പേരില്‍ 11 മിനിറ്റുള്ള ചിത്രത്തിന്റെ പണിപ്പുരയിലാണ് സുനീറും കൂട്ടരും.

‘ചെയ്യുന്ന എന്തെങ്കിലും ഹിറ്റായാല്‍ പെട്ടെന്ന് സിനിമയിലേക്ക് കയറാനും ഉയര്‍ന്നുപോകാനുമായിരിക്കും എല്ലാവര്‍ക്കും ആഗ്രഹം. പക്ഷെ പതുക്കെ പതുക്കെ ഉയര്‍ന്ന് വരാനാണ് എനിക്ക് ആഗ്രഹം. രണ്ടും മൂന്നും മിനിറ്റിന്റെ ചെയ്തു. അതിന് ശേഷം ഇപ്പോള്‍ 11 മിനിറ്റിന്റെ ഒരു ഷോര്‍ട്ട് ഫിലിം ഒരുക്കുകയാണ്. കുറെ കാര്യങ്ങള്‍ പഠിച്ചു. ഇനിയുമേറെ പഠിക്കാനുണ്ട്്. അങ്ങിനെ പഠിച്ചുവളരാനാണ് താല്‍പര്യം.’ സുനീറിന്റെ വാക്കുകള്‍.

നല്ലൊരു പാട്ടുകാരന്‍ കൂടിയാണ് സുനീര്‍. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘ഇശലിന്റെ നാദം’ എന്ന പേരില്‍ സുനീര്‍ എഴുതി സംഗീതം ചെയ്ത ഗസല്‍ രൂപത്തിലുള്ള ആല്‍ബം ശ്രദ്ധിക്കപ്പട്ടിരുന്നു. ‘പാട്ടാണ് എനിക്ക് ഏറ്റവും ഇഷ്ടം. എപ്പോഴും ഏതെങ്കിലുമൊക്കെ പാട്ട് പാടി നടക്കും. ഹിന്ദിയിലെയും മലയാളത്തിലെയും പഴയ പാട്ടുകള്‍ ഏറെ ഇഷ്ടമാണ്. എന്താ മുഴുവന്‍ സമയവും ഇങ്ങനെ പാടിനടക്കുന്നതെന്ന് പലരും കളിയാക്കാറുണ്ട്. എന്നാല്‍ ആല്‍ബം ഇറക്കിയപ്പോള്‍ നല്ല അഭിപ്രായമായിരുന്നു.’ സുനീര്‍ പറയുന്നു.

കലാരംഗത്ത് ഉയര്‍ന്നുവരണമെന്ന് ആഗ്രഹങ്ങളുണ്ടെങ്കിലും ഒരു ഓട്ടോക്കാരന്‍ എന്ന നിലയില്‍ ഇന്നത്തെ സാഹചര്യങ്ങള്‍ വെച്ചുനോക്കുമ്പോള്‍ പട്ടിണിയില്ലാതെ കടന്നുപോകണമെന്ന ആഗ്രഹമാണ് ഇപ്പോള്‍ മുന്നിലുള്ളതെന്നും സുനീര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇങ്ങനെയൊക്കെ ആണെങ്കിലും സുനീറും കൂട്ടുകാരും പല വൈകുന്നേരങ്ങളിലും പാട്ടും കഥയുമായി പാലാഴിയിലെ ഇരിങ്ങല്ലൂര്‍ കുന്നില്‍ ഒത്തുകൂടും. പരസ്പരം തമാശകളും കളിയാക്കലുകളും പറയും. സിനിമകളെക്കുറിച്ചും സ്വപ്‌നങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കും. സ്വപ്‌നങ്ങള്‍ നടത്താനുള്ള വഴികളും കണ്ടെത്തും. എല്ലാത്തിനും ഊര്‍ജം പകര്‍ന്നുക്കൊണ്ട് തനിക്ക് ഏറ്റവും പ്രിയപ്പെട്ട റാഫിയുടെയും കിഷോര്‍കുമാറിന്റെയും പാട്ടുകളുമായി സുനീര്‍ മുന്നിലുണ്ടാകും.

‘ബനേ ചാഹേ ദുശ്മന്‍ സമാനാ ഹമാരാ, സലാമത് രഹേ ദോസ്താന ഹമാരാ…’

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.