പ്രാതലിന് പാചകം ചെയ്യാന്‍ കഷ്ടപ്പാടുള്ള ഭക്ഷണം ഏതാണെന്ന് അന്വേഷിച്ച് കണ്ടെത്തിയ ഉത്തരമായിരുന്നു ഇടിയപ്പവും കടലക്കറിയും: വിപിന്‍ ദാസ്
Malayalam Cinema
പ്രാതലിന് പാചകം ചെയ്യാന്‍ കഷ്ടപ്പാടുള്ള ഭക്ഷണം ഏതാണെന്ന് അന്വേഷിച്ച് കണ്ടെത്തിയ ഉത്തരമായിരുന്നു ഇടിയപ്പവും കടലക്കറിയും: വിപിന്‍ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th September 2025, 9:06 pm

ജയ ജയ ജയ ജയ ജയഹേ എന്ന ഒറ്റ സിനിമ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് വിപിന്‍ ദാസ്. മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സംവിധാന കരിയര്‍ ആരംഭിച്ചത്. അടുത്തിടെ വാഴ എന്ന സിനിമക്കായി തിരക്കഥ എഴുതിയ അദ്ദേഹം വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്ന സിനിമ നിര്‍മിക്കുകയും ചെയ്തു.

അന്താക്ഷരി, ജയ ജയ ജയ ജയഹേ എന്നീ സിനിമകളുടെ കഥ എഴുതുമ്പോള്‍ തന്റെ കൂടെ എപ്പോഴും ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നുവെന്ന് പറയുകയാണ് വിപിന്‍.

‘ഒറ്റയ്ക്കിരുന്ന് ഞാന്‍ എഴുതാറില്ല. പല കഥകളും പറയാനായിട്ട് എന്റടുത്ത് വന്നിട്ട് പിന്നീട് അസിസ്റ്റന്റ് റൈറ്ററായി എനിക്കൊപ്പം പ്രവര്‍ത്തിച്ചൊരാളാണ് നാഷിദ് മൊഹമ്മദ് ഫാമി. ഞാന്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യാനും നല്‍കുന്ന റെഫറന്‍സുകള്‍ എടുക്കാനുമൊക്കെ നാഷിദിനെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്.

ജയ ജയ ജയ ജയഹേയുടെ എഴുത്തിന്റെ സമയത്ത് രാവിലെ പ്രാതലിന് പാചകം ചെയ്യാന്‍ ഏറ്റവും കഷ്ടപ്പാടുള്ള ഭക്ഷണം ഏതാണെന്ന് ചോദിച്ചപ്പോള്‍ അവന്റെ പരിചയത്തിലുള്ള എല്ലാവരോടും അന്വേഷിച്ച് കണ്ടെത്തിയ ഉത്തരമായിരുന്നു ഇടിയപ്പവും കടലക്കറിയും.

പിന്നീട് തിരക്കഥയില്‍ കൂടുതല്‍ സംഭാവനകള്‍ അവന്റേതായി വന്നു. അവന്‍ അറിയാതെയാണ് പോസ്റ്ററില്‍ കോ-റൈറ്റര്‍ എന്ന തലക്കെട്ടില്‍ അവന്റെ പേര് നല്‍കിയത്. ഫാമിയുടെ സംഭാവനകള്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനവും പ്രതിഫലവും നല്‍കി. അത് എല്ലാവര്‍ക്കും കൊടുക്കാറുണ്ട്.

ഗുരുവായൂരമ്പലനടയില്‍, വാഴ എന്നീ സിനിമകളുടെ എഴുത്തിലും എന്റെ കൂടെ എല്ലാ സഹസംവിധായകരുമുണ്ടായിരുന്നു. സിനിമ മികച്ചതാക്കാന്‍ ഓരോരുത്തരും നല്‍കുന്ന സംഭാവനകള്‍ക്ക് അവരുടെ പേര് നല്‍കാന്‍ ഞാന്‍ മറക്കാറില്ല,’ വിപിന്‍ദാസ് പറയുന്നു.

Content Highlight: Vipin says that while writing the stories for the films Antakshari and Jaya Jaya Jaya Jayahe, there was always someone with him