അദ്ദേഹത്തിന് അഭിനയിച്ച് ശീലമില്ല; അയാള്‍ പോലും അറിയാതെ രണ്ട് മണിക്കൂറിനുള്ളില്‍ ഷൂട്ട് ചെയ്തു: വിപിന്‍ ദാസ്
Malayalam Cinema
അദ്ദേഹത്തിന് അഭിനയിച്ച് ശീലമില്ല; അയാള്‍ പോലും അറിയാതെ രണ്ട് മണിക്കൂറിനുള്ളില്‍ ഷൂട്ട് ചെയ്തു: വിപിന്‍ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th September 2025, 7:57 am

 

ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് വിപിന്‍ദാസ്. വാഴ, വ്യസനസമേതം ബന്ധുമിത്രാതികള്‍ എന്നീ സിനിമകള്‍ അദ്ദേഹം നിര്‍മിക്കുകയും ചെയ്തു. വാഴ സിനിമയ്ക്ക് തിരക്കഥയൊരുക്കിയതും വിപിനാണ്.

ഇപ്പോള്‍ തന്റെ ഫിലിം മേക്കിങ്ങിനെ കുറിച്ചും സിനിമയിലെ കാസ്റ്റിങ്ങിനെ കുറിച്ചും സംസാരിക്കുകയാണ് വിപിന്‍ ദാസ്. ഒരു സിനിമയില്‍ എന്തൊക്കെ വേണമെന്ന് തീരുമാനിക്കുന്നത് നമ്മള്‍ തന്നെയാണെന്നും നമ്മുടെ ഇഷ്ടത്തിനാണ് എല്ലാം മാറ്റുന്നതെന്നും അദ്ദേഹം പറയുന്നു.

‘ചെറിയൊരു ഉറുമ്പ് നടന്നുപോയാലും അത് കാണണമെന്നില്ല. എന്നാലും അത് വേണോ വേണ്ടയോ എന്ന് നമുക്ക് തീരുമാനിക്കാം. വേണ്ടെന്ന് വെക്കാനുള്ള അവകാശം എപ്പോഴുമുള്ളതുകൊണ്ട് എല്ലാ ശരികളും തെറ്റുകളും നമ്മുടെ ഉത്തരവാദിത്തം തന്നെയാണ്. അങ്ങനെയാണ് ഞാന്‍ കാണുന്നത്. അതൊരിക്കലും ബലം പിടിച്ചിട്ടല്ല ചെയ്യുന്നത്. എല്ലായിടത്തും നമ്മുടെ കണ്ണെത്തുക എന്നത് പ്രധാനമാണ്.കാസ്റ്റിങ്ങിലും ഉറപ്പായിട്ടും നോക്കാറുണ്ട്. നമുക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ സംസാരിക്കുന്നൊരാള്‍, അതാവും അവരെ കാസ്റ്റ് ചെയ്യാനുള്ള കാര്യം,’ വിപിന്‍ ദാസ് പറയുന്നു.

വാഴ ആദ്യ ഭാഗത്തില്‍ മായ എന്ന കഥാപാത്രത്തിന്റെ അച്ഛനായിട്ട് അഭിനയിച്ചത് നിര്‍മാതാക്കളിലൊരാളായ അനീഷായിരുന്നുവെന്നും അദ്ദേഹത്തിന്റെ സംസാരരീതി വളരെ രസമാണെന്നും വിപിന്‍ പറഞ്ഞു. അനീഷ് ആ കഥാപാത്രം ചെയ്താല്‍ നന്നാകുമെന്ന് തനിക്ക് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അദ്ദേഹത്തിനാണെങ്കില്‍ അഭിനയിച്ച് ശീലമില്ല. ഞാന്‍ പറയുന്ന രീതിയില്‍ ചെയ്താല്‍മതി എന്നുപറഞ്ഞ് പതുക്കെപ്പതുക്കെ ഷൂട്ട് ചെയ്‌തെടുത്തതാണ്. അദ്ദേഹം പോലും അറിയാതെയാണ് രണ്ട് മണിക്കൂറിനുള്ളില്‍ നമ്മള്‍ ഷൂട്ട് ചെയ്ത് തീര്‍ത്തത്. ഈ സിനിമകളെല്ലാം തന്നെ ഫീല്‍ഗുഡ് ചിത്രങ്ങളെന്ന് പറയാന്‍ പറ്റില്ല. എക്‌സ്ട്രീമിലി എനര്‍ജറ്റിക്, ഹാപ്പി എന്‍ഡിങ് സിനിമകളായിട്ടാണ് ഞാന്‍ കാണുന്നത്. അങ്ങേയറ്റം സംതൃപ്തി നല്‍കുന്ന സിനിമകള്‍,’ വിപിന്‍ ദാസ് പറഞ്ഞു.

Content highlight: Vipin Das talks about his filmmaking and casting in the film