എന്റെ സിനിമ കാണാൻ ആരുമില്ലെന്ന് അന്ന് മനസിലായി; ആദ്യ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് വിപിൻ ദാസ്
Malayalam Cinema
എന്റെ സിനിമ കാണാൻ ആരുമില്ലെന്ന് അന്ന് മനസിലായി; ആദ്യ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് വിപിൻ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th September 2025, 2:49 pm

2016ൽ പുറത്തിറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ തന്റെ സംവിധാന കരിയർ ആരംഭിച്ച വ്യക്തിയാണ് വിപിൻ ദാസ്. എന്നാൽ ആദ്യ ചിത്രം പരാജയമായിരുന്നു. രണ്ടാമത്തെ സിനിമയായ അന്താക്ഷരി 2022ൽ സോണി ലിവിലായിരുന്നു റിലീസ് ചെയ്തത്. പിന്നീട് വന്ന രണ്ട് സിനിമകളും വിജയമായിരുന്നു.

വാഴ എന്ന സിനിമക്കായി തിരക്കഥ എഴുതിയ അദ്ദേഹം വ്യസനസമേതം ബന്ധുമിത്രാദികൾ എന്ന സിനിമ നിർമിക്കുകയും ചെയ്തു. ഇപ്പോൾ ആദ്യ ചിത്രങ്ങളുടെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

‘എന്റെ സിനിമ, അതായിരുന്നു മോഹം. സംവിധായകൻ എന്ന തലക്കെട്ട് ചാർത്താനുള്ള എടുത്തുചാട്ടം കൊണ്ട് ആദ്യ സിനിമ ചെയ്തു. എന്റെ സിനിമ ആളുകൾ എങ്ങനെ കാണണമെന്നും ഓർത്തുവെക്കണമെന്നുമൊക്കെ ഉദ്ദേശിച്ചുകൊണ്ടാണ് ചെയ്തത്. പിന്നെയാണ് മനസിലായത് ‘എന്റെ സിനിമ’ കാണാൻ ആരുമില്ലെന്ന്. സിനിമ വിജയിക്കുമെന്നും മുന്നോട്ട് സിനിമകൾ കിട്ടുമെന്നും വെറുതേ കരുതി. പടങ്ങളൊന്നും കിട്ടിയില്ല,’ വിപിൻ ദാസ് പറയുന്നു.

പിന്നീട് താൻ ഒരുപാട് ആലോചിച്ചുവെന്നും ആറുവർഷം കരിയറിൽ ഇടവേള വന്നുവെന്നും വിപിൻ ദാസ് പറയുന്നു. സിനിമ വേറൊരു മൂഡിലാണ് വർക്ക് ചെയ്യേണ്ടതെന്ന് തനിക്ക് മനസിലായെന്നും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിലാവണം സിനിമയെടുക്കേണ്ടത് എന്ന തിരിച്ചറിവ് വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ തിരിച്ചറിവ് കിട്ടാൻ വർഷങ്ങളെടുത്തുവെന്നും തന്റെ കഴിവുകൾ കാണിക്കാനല്ല സിനിമയെടുക്കേണ്ടത് എന്ന ഒരൊറ്റ ബോധ്യത്തിലാണ് പിന്നീടുള്ളസിനിമകൾ പിറന്നതെന്നും വിപിൻ ദാസ് പറഞ്ഞു.

ഹോളിവുഡ് രീതിയിലുള്ള സാങ്കേതികതയോ, വ്യത്യസ്തമായ ഷോട്സ് വെക്കുന്നതോ വലിയ മേക്കിങ്ങിലോ അല്ല കാര്യം, സിനിമ ആളുകൾക്ക് കണക്ടാവണം. സാധാരണ പ്രേക്ഷകർക്ക് കഥ മനസിലാകണം. അതിലാണ് കാര്യമെന്നും അദ്ദേഹം പറയുന്നു.

നിർമാതാവിനും അഭിനേതാക്കൾക്കും കഥ ഇഷ്ടപ്പെടണമെന്നും ഇതെല്ലാം താൻ പരിഗണിക്കാറുണ്ടെന്നും വിപിൻ ദാസ് കൂട്ടിച്ചേർത്തു. കഥ കേട്ടാൽ ഒരു നടനും നിർമാതാവിനും പ്രേക്ഷകനും നോ പറയാൻ തോന്നരുതെന്നും ആ കാഴ്ചപ്പാടിലാണ് തന്റെ കാഴ്ചപാട് മാറിയതെന്നും വിപിൻ ദാസ് പറഞ്ഞു.

Content Highlight: Vipin Das talking about on the failure of his first film