ജയ ഹേയുടെ വമ്പന്‍ വിജയത്തിന് ശേഷം വിപിന്‍ ദാസിന്റെ പുതിയ ചിത്രം; പൃഥ്വിരാജും ബേസിലും ആദ്യമായി ഒന്നിക്കുന്നു
Film News
ജയ ഹേയുടെ വമ്പന്‍ വിജയത്തിന് ശേഷം വിപിന്‍ ദാസിന്റെ പുതിയ ചിത്രം; പൃഥ്വിരാജും ബേസിലും ആദ്യമായി ഒന്നിക്കുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st January 2023, 3:43 pm

ജയ ജയ ജയ ജയ ഹേയുടെ വമ്പന്‍ വിജയത്തിന് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ വിപിന്‍ ദാസ്. ഗുരുവായൂരമ്പല നടയില്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനും ബേസില്‍ ജോസഫുമാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. കുഞ്ഞിരാമായണം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ ദീപു പ്രദീപാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്.

ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റും പൃഥ്വിരാജും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഒരു വര്‍ഷം മുമ്പ് കേട്ട ചിത്രത്തിന്റെ കഥയെ പറ്റി ആലോചിക്കുമ്പോഴെല്ലാം തനിക്ക് ചിരി വരുമെന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് പറഞ്ഞത്.

കാപ്പയാണ് ഒടുവില്‍ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ ചിത്രം. ഷാജി കൈലാസ് സംവിധാന് ചെയ്ത ചിത്രത്തില്‍ കൊട്ട മധു എന്ന ഗുണ്ടാ നേതാവായാണ് പൃഥ്വിരാജ് എത്തിയത്. ആസിഫ് അലി, അന്ന ബെന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ കഴിഞ്ഞ ഒക്ടോബര്‍ 28നാണ് റിലീസ് ചെയ്തത്. പ്രേക്ഷകര്‍ ഏറ്റെടുത്ത് സൂപ്പര്‍ ഹിറ്റാക്കി മാറ്റിയ ചിത്രം ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.

സുധീര്‍ പറവൂര്‍, അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, ആനന്ദ് മന്മദന്‍, കുടശനാട് കനകം, ഉഷ ചന്ദ്രബാബു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വിപിന്‍ ദാസിനൊപ്പം നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ചിയേഴ്സ് എന്റര്‍ടെയ്ന്‍മെന്റിന്റിന്റെ ബാനറില്‍ ലക്ഷ്മി മേനോന്‍, ഗണേഷ് മേനോന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: Vipin Das’ new film after Jay Hai’s huge success; Prithviraj and Basil come together for the first time