ഹോംലി മീൽസ് എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടനും എഴുത്തുകാരനുമാണ് വിപിൻ ആറ്റ്‌ലി. ബെൻ, വട്ടമേശ സമ്മേളനം, മ്യൂസിക്കൽ ചെയർ എന്നിവയാണ് അദ്ദേഹം എഴുതി സംവിധാനം ചെയ്ത ചിത്രങ്ങൾ. വിപിൻ ആറ്റ്‌ലി തന്നെ സംവിധാനം ചെയ്ത് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആന്റപ്പന്റെ അത്ഭുത പ്രവൃത്തികൾ’.
ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത്. ഇപ്പോൾ സിനിമയുടെ സംഗീത സംവിധായകനായി ഗോപി സുന്ദർ വന്നതെങ്ങനെയെന്ന് പറയുകയാണ് വിപിൻ. സിനിമാപ്രാന്തൻ എന്ന യുട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു വിപിൻ.
‘എന്റെ മിക്ക പടങ്ങളിലും ഞാൻ തന്നെയാണ് മ്യൂസിക് ചെയ്യാറുള്ളത്. ഈ സിനിമയിൽ പുതിയ ഒരാളെക്കൊണ്ട് മ്യൂസിക് ചെയ്യിക്കാം എന്നാലോചിച്ചു. അങ്ങനെ പുതിയ ആളെ കാണാൻ പോകേണ്ട ദിവസം ഞാൻ രാവിലെ എഴുന്നേൽക്കാൻ വൈകിപ്പോയി. രാവിലെ 6 മണിക്ക് വരാനായിരുന്നു അവൻ പറഞ്ഞിരുന്നത്. എഴുന്നേൽക്കാൻ വൈകിയപ്പോൾ ഞാൻ ഇനി ആരെ വിളിക്കും എന്നോർത്ത് പെട്ടെന്ന് ടെൻഷനായി. അങ്ങനെ പെട്ടെന്ന് ഗോപി സുന്ദറിനെ വെറുതെ ഒന്ന് വിളിച്ചു നോക്കിയതാണ്.
‘ഗോപി ചേട്ടാ, ഒരു പടമുണ്ട്, കാണാൻ പറ്റുമോ?’ എന്ന് ഞാൻ ചോദിച്ചു. എന്നോട് വരാൻ അദ്ദേഹം പറഞ്ഞു. പടം കണ്ടുകഴിഞ്ഞ ഉടൻ ഗോപി ചേട്ടൻ, ‘എടാ ഇത് സൂപ്പറാടാ’ എന്ന് പറഞ്ഞു. അങ്ങനെ ഗോപി ചേട്ടൻ തന്നെയാണ് എന്നോട് പറഞ്ഞത്, ‘ഇത് ഞാൻ വിടുന്നില്ല, ഞാൻ തന്നെ ചെയ്യും’ എന്ന്. അങ്ങനെയാണ് എന്റെ സിനിമയ്ക്ക് വേണ്ടി ഗോപി ചേട്ടൻ സ്കോർ ചെയ്തു തരുന്നത്.
ഗോപി സുന്ദർ.ആന്റപ്പന്റെ അത്ഭുത പ്രവൃത്തികൾ’.Photo:IMDB
അദ്ദേഹം സിനിമയെ ഭയങ്കരമായി എലവേറ്റ് ചെയ്യും. തിയേറ്ററിക്കൽ എക്സ്പീരിയൻസ് നൽകുന്ന ഒരു സൗണ്ട് ഡിസൈൻ ചെയ്യണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. പണ്ട് വലിയ മാസ് പടങ്ങൾ കാണുമ്പോൾ അതിലൊക്കെ ഒരു പ്രത്യേക മ്യൂസിക് സ്കോർ ഉണ്ടാകുമായിരുന്നു. അങ്ങനെയുള്ള സ്കോറുകൾ ഇപ്പോൾ കാണാറില്ല. ഇപ്പോൾ കുറച്ച് ക്ലാസിക് ശൈലിയിലാണ് ചെയ്യാറുള്ളത്. തനി തെലുങ്ക് പടം പോലെയുള്ള ഒരു ബിഗ് ക്യാൻവാസ് സ്കോർ ആയിരുന്നു എന്റെ മനസ്സിലുണ്ടായിരുന്ന ഐഡിയ.
ചെയ്തു കഴിഞ്ഞപ്പോൾ ഞാൻ എന്താണോ പറഞ്ഞുകൊടുത്തത്, അതിന്റെ പത്തിരട്ടി മുകളിലാണ് അദ്ദേഹം എനിക്ക് ചെയ്തു തന്നത്. നമ്മൾ ഷൂട്ട് ചെയ്തതിനേക്കാൾ വലിയൊരു വ്യാപ്തി സിനിമയുടെ മ്യൂസിക്കൽ സ്കോറിന് നൽകാൻ കഴിയുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, അത് ഇത്രത്തോളം പ്രാക്ടിക്കലി പോസിബിൾ ആണെന്ന് എനിക്കറിയില്ലായിരുന്നു. ഈ പടത്തിന്റെ പ്രധാന ബലം ഗോപി ചേട്ടന്റെ സ്കോർ തന്നെയാണ്,’ വിപിൻ ആറ്റ്‌ലി പറഞ്ഞു.
Content Highlight: Vipin Ately talks about his new film