ചെന്നൈ: നടനും ടി.വി.കെ നേതാവുമായ വിജയ് നടത്തിയ രാഷ്ട്രീയ റാലി മഹാദുരന്തത്തിലേക്ക് വഴിമാറിയത് പാര്‍ട്ടിയുടെ അനാസ്ഥ കാരണമെന്ന് വിമര്‍ശനം. അപകടത്തില്‍ റാലിയുടെ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഇടുങ്ങിയ പ്രദേശത്ത് നടത്തിയ റാലിയാണ് 40ലേറെ മരണങ്ങള്‍ക്കിടയാക്കിയത്. പതിനായിരക്കണക്കിന് ആളുകളെ പ്രതീക്ഷിച്ച റാലിയിലേക്ക് രണ്ടര ലക്ഷത്തോളം ആളുകളാണ് കരൂര്‍ ജില്ലയിലെ നഗരതലസ്ഥാനത്ത് നടന്ന റാലിയിലേക്ക് ഒഴുകിയെത്തിയത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊലീസിനും നിയന്ത്രിക്കാനാകാത്ത വിധത്തില്‍ ജനക്കൂട്ടം ഒഴുകിയെത്തിയതും വേണ്ട വിധത്തില്‍ സുരക്ഷ ഒരുക്കാത്തതുമാണ് അപകടത്തിന് പിന്നിലെന്ന് വിമര്‍ശനമുയര്‍ന്നു.

പാര്‍ട്ടിയുടെ പ്രധാന നേതാവായ സൂപ്പര്‍ താരമെത്തുന്ന ഇത്രവലിയൊരു റാലി സംഘടിപ്പിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളോട് ടി.വി.കെ മുഖം തിരിച്ചതാണ് സാധാരണക്കാരുടെ ജീവന്‍ കവരാനിടയാക്കിയത്. ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന റാലി സംഘടിപ്പിക്കാനോ ജനങ്ങള്‍ക്ക് കൂട്ടം കൂടാനോ പറ്റിയ സ്ഥലത്തായിരുന്നില്ല ടി.വി.കെയുടെ റാലി.
വേദിയെ ചൊല്ലി വിവാദവും ശക്തമായിരിക്കുകയാണ്. നേരത്തെ റാലി നടത്താനായി മൂന്ന് സ്ഥലങ്ങള്‍ പാര്‍ട്ടി കണ്ടെത്തിയിരുന്നു. ഇത് റാലിക്ക് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.
തുടര്‍ന്നാണ് ഇപ്പോള്‍ അപകടമുണ്ടായ പ്രദേശം ടി.വി.കെ കണ്ടെത്തി അനുമതിക്കായി സര്‍ക്കാരിനെ സമീപിച്ചത്. പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന റാലി എന്നു കാണിച്ചാണ് സംഘാടകര്‍ പരിപാടിക്ക് അനുമതി തേടിയത്. 60,000 പേരെ ഉള്‍ക്കൊള്ളുന്ന സ്ഥലമാണ് റാലിക്കായി ടി.വി.കെ കണ്ടെത്തിയതും.
ഇതിനും അനുമതി നിഷേധിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച കോടതിയില്‍ പോയാണ് വിജയ്‌യും പാര്‍ട്ടിയും ഇന്നത്തെ (ശനിയാഴ്ച)റാലിക്ക് അനുമതി നേടിയത്.


