അബ്ദുള്‍ കലാം പറഞ്ഞതുപോലെ നിരന്തരമായി സ്വപ്‌നം കണ്ടു; അത് സംഭവിച്ചു: വിനോദ് കോവൂര്‍
Malayalam Cinema
അബ്ദുള്‍ കലാം പറഞ്ഞതുപോലെ നിരന്തരമായി സ്വപ്‌നം കണ്ടു; അത് സംഭവിച്ചു: വിനോദ് കോവൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th August 2025, 9:09 am

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് വിനോദ് കോവൂര്‍. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത മറിമായം, മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിലെ എം80 മൂസ എന്നീ പരിപാടികളിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത നേടിയത്. നാടകത്തിലൂടെയാണ് അദ്ദേഹം അഭിനയത്തിലേക്ക് പ്രവേശിക്കുന്നത്.

പ്രേമം, ഉസ്താദ് ഹോട്ടല്‍, എന്നിങ്ങനെ നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. മമ്മൂട്ടിക്കൊപ്പവും വിനോദ് കോവൂര്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ചെറുപ്പത്തില്‍ തനിക്ക് മമ്മൂട്ടിയോട് ഉണ്ടായിരുന്ന സ്‌നേഹത്തെ കുറിച്ച് സംസാരിക്കുകയാണ് വിനോദ് കോവൂര്‍.

‘എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലുമൊക്കെ എത്തിയിരുന്ന സമയത്ത് എനിക്ക് ഏറ്റവും പ്രയാസമുള്ള വിഷയം കണക്കായിരുന്നു. എല്ലാവര്‍ക്കും അങ്ങനെ തന്നെയായിരുന്നു. മാത്‌സ് ഒമ്പതിലും പത്തിലുമൊക്കെ പാസായി കഴിഞ്ഞപ്പോള്‍, ഞാന്‍ എഴുതിയ മാത്‌സൊന്നും ആരും കാണാതിരിക്കാന്‍ അതിലൊക്കെ മമ്മൂക്കയുടെ ചിത്രം എടുത്ത് ഒട്ടിച്ച് വെക്കും. അതായിരുന്നു എന്റെ പണി. മമ്മൂട്ടിയുടെ ചിത്രം പത്രത്തില്‍ നിന്നും മാസികയില്‍ നിന്നുമൊക്കെ ബ്ലേഡ് കൊണ്ട് വെട്ടി എടുത്ത് ബുക്കില്‍ ഒട്ടിക്കും.

ചോറിന്റെ വറ്റെടുത്ത് തേച്ചിട്ട് ആ ഫോട്ടോ എടുത്ത് ഒട്ടിക്കുമായിരുന്നുവെന്നും താന്‍ കണക്കിന്റെ ബുക്കൊരു ആല്‍ബം പോലെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. അത് മമ്മൂട്ടിയോടുള്ള ഇഷ്ടവും ആരാധനയുമാണെന്നും വിനോദ് കൂട്ടിച്ചേര്‍ത്തു.

‘അദ്ദേഹത്തെ സ്വപ്നം കാണുക. അദ്ദേഹത്തിനൊപ്പം അഭിനയിക്കണമെന്ന് തോന്നുക. ചായ കുടിക്കണമെന്ന് തോന്നുക, അതുപോലെ യാത്ര ചെയ്യാനും തോന്നുമായിരുന്നു. അന്നൊക്കെ ഞാന്‍ ഇങ്ങനെ സ്വപ്‌നം കണ്ടപ്പോള്‍ അമ്മ എന്നെ കളിയാക്കും. നിനക്ക് വട്ടായി പോകും മോനെ ഇങ്ങനെ പോയാല്‍ എന്നൊക്കെ പറഞ്ഞ്. പക്ഷേ അതും സംഭവിച്ചു. അബ്ദുള്‍ കലാം പറഞ്ഞത് പോലെ നിരന്തരമായിട്ട് ഒരേ സ്വപ്‌നം കണ്ടാല്‍ അത് സംഭവിക്കും,’ വിനോദ് കോവൂര്‍ പറഞ്ഞു.

Content Highlight: Vinod Kovoor talks about the love he had for Mammootty when he was young