തമിഴിന്റെ DDLJ, 1300ലധികം ദിവസമായി ചെന്നൈയില്‍ പ്രദര്‍ശനം തുടരുന്ന വിണ്ണൈത്താണ്ടി വരുവായ
Indian Cinema
തമിഴിന്റെ DDLJ, 1300ലധികം ദിവസമായി ചെന്നൈയില്‍ പ്രദര്‍ശനം തുടരുന്ന വിണ്ണൈത്താണ്ടി വരുവായ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th September 2025, 2:34 pm

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സജീവമായി നില്‍ക്കുന്ന ഈ കാലത്ത് ഒരു സിനിമ 100 ദിവസമെല്ലാം തിയേറ്ററില്‍ പ്രദര്‍ശനം നടത്തുക എന്നത് വലിയൊരു ടാസ്‌കാണ്. 400 ദിവസമാണ് ഒരു മലയാളസിനിമയുടെ ഏറ്റവുമുയര്‍ന്ന തിയേറ്റര്‍ റണ്‍. ഇന്ത്യന്‍ സിനിമയുടെ കാര്യം നോക്കിയാല്‍ ബോളിവുഡ് ചിത്രം ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗേയാണ് ഒന്നാം സ്ഥാനത്ത്. റിലീസ് ചെയ്ത് 25 വര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും മുംബൈയിലെ മറാത്താ മന്ദിറില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

DDLJയോട് ചേര്‍ത്തുവെക്കാവുന്ന തമിഴ് ചിത്രം കൂടിയുണ്ട്. 1350 ദിവസമായി ചെന്നൈ അണ്ണാനഗറിലെ വി.ആര്‍ മാളില്‍ പ്രദര്‍ശിപ്പിക്കുകയാണ് വിണ്ണൈത്താണ്ടി വരുവായ എന്ന തമിഴ് ചിത്രം. കൊവിഡിന് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ പുതിയ സിനിമകളില്ലാത്ത അവസ്ഥയില്‍ വിണ്ണൈത്താണ്ടി വരുവായ റീ റിലീസ് ചെയ്യുകയായിരുന്നു.

തമിഴിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിലൊന്നായ വിണ്ണൈത്താണ്ടി വരുവായ ബിഗ് സ്‌ക്രീനില്‍ കാണാന്‍ പ്രേക്ഷകരെത്തിയിരുന്നു. അന്ന് തുടങ്ങിയ പ്രദര്‍ശനം മൂന്ന് വര്‍ഷത്തിനിപ്പുറവും തുടരുകയാണ്. എല്ലാദിവസവും അത്യാവശ്യം കപ്പാസിറ്റിയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഒരു ഷോ മാത്രമായതിനാല്‍ പലരും ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ലെന്നത് വലിയ കാര്യമാണ്.

സിംഗിള്‍ സ്‌ക്രീനില്‍ ഇത്രയും കാലം ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗേ പലദിവസങ്ങളിലും നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിക്കുന്നത്. കാലത്തെ അതിജീവിച്ച ചലച്ചിത്രകാവ്യമായാണ് പലരും DDLJയെ കണക്കാക്കുന്നത്. അതേ ഗണത്തില്‍ പലരും ഭാവിയില്‍ വിണ്ണൈത്താണ്ടി വരുവായയെ വാഴ്ത്തുമെന്ന് കരുതുന്നു.

സിലമ്പരസന്‍ ടി.ആര്‍, തൃഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് വിണ്ണൈത്താണ്ടി വരുവായ. ഗൗതം എന്ന യുവാവിന് തന്റെ അയല്‍പക്കത്ത് പുതുതായി താമസിക്കാനെത്തിയ ജെസ്സി എന്ന യുവതിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ കഥ. ജി.വി.എമ്മിന്റെ സ്ഥിരം ശൈലിയിലൊരുക്കിയ ചിത്രം വന്‍ വിജയമായി മാറി.

ക്യാമറക്ക് പിന്നിലും മികച്ച ക്രൂവായിരുന്നു ചിത്രത്തിന്റേത്. എ.ആര്‍. റഹ്‌മാന്‍ ഈണമിട്ട ഗാനങ്ങള്‍ ഇന്നും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്നവയാണ്. ആലപ്പുഴയുടെ ഭംഗി ഒപ്പിയെടുത്ത മനോജ് പരമഹംസയുടെ ക്യാമറാക്കണ്ണുകളും പ്രശംസ അര്‍ഹിക്കുന്നതാണ്. റിലീസ് ചെയ്ത് 15ാം വര്‍ഷത്തിലും ബിഗ് സ്‌ക്രീനില്‍ ചിത്രം തലയെടുപ്പോടെ നില്‍ക്കുകയാണ്.

Content Highlight: Vinnaithandi Varuvaya Movie continues its show for more than 1300 days in Chennai