ബ്രാഹ്‌മണ പൂജാരിമാരുടെ ആധിപത്യത്തിനു കീഴടങ്ങാത്ത 'ക്ഷേത്ര'ങ്ങളിലാണ് അദ്ദേഹം പോയത്; ജയരാജന്റെ കൊടുങ്ങല്ലൂര്‍ സന്ദര്‍ശനത്തില്‍ വിനില്‍ പോള്‍
Kerala News
ബ്രാഹ്‌മണ പൂജാരിമാരുടെ ആധിപത്യത്തിനു കീഴടങ്ങാത്ത 'ക്ഷേത്ര'ങ്ങളിലാണ് അദ്ദേഹം പോയത്; ജയരാജന്റെ കൊടുങ്ങല്ലൂര്‍ സന്ദര്‍ശനത്തില്‍ വിനില്‍ പോള്‍
ആദര്‍ശ് എം.കെ.
Tuesday, 12th May 2026, 10:49 pm

കോഴിക്കോട്: ഗ്രന്ഥരചനയുടെ ഭാഗമായി കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെത്തിയ പി. ജയരാജനെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ചരിത്രകാരന്‍ വിനില്‍ പോള്‍. പി. ജയരാജന്റെ കൊടുങ്ങല്ലൂര്‍ സന്ദര്‍ശനത്തെ വിശ്വാസയാത്രയായി അവതരിപ്പിക്കുന്ന മാധ്യമങ്ങളുടെ രാഷ്ട്രീയ ഉദ്ദേശം വളരെ വ്യക്തമാണെന്ന് അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വിമര്‍ശിച്ചു.

കേരളത്തിലെ പ്രാദേശിക ദേവതകളെയും ജനകീയ ആരാധനാരൂപങ്ങളെയും എങ്ങനെ ബ്രാഹ്‌മണിക സനാതന വ്യവസ്ഥ ഏറ്റെടുത്തു, എങ്ങനെ അവയെ ഹിന്ദു ബ്രാഹ്‌മണിക ചട്ടക്കൂടിനുള്ളില്‍ ഉള്‍പ്പെടുത്തി എന്ന ചരിത്രം മനസ്സിലാക്കുന്നതിന്റ ഭാഗമായി താനും ജയരാജനൊപ്പം വിവിധ അമ്പലങ്ങളില്‍ പോയിട്ടുണ്ടെന്നും വിനില്‍ പോള്‍ കുറിപ്പിലെഴുതി.

വിവിധ ജില്ലകളിലെ ബ്രാഹ്‌മണ പൂജാരിമാരുടെ ആധിപത്യത്തിനു കീഴടങ്ങാത്ത ‘ക്ഷേത്ര’ങ്ങളിലാണ് താന്‍ അദ്ദേഹത്തിനൊപ്പം പോയതെന്നും സനാതന രാഷ്ട്രീയത്തിന്റെ കപടത തിരിച്ചറിഞ്ഞ കരുത്തരായ നിരവധി മനുഷ്യരെ കണ്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

കൊടുങ്ങല്ലൂര്‍ പോലുള്ള ഇടങ്ങള്‍ വെറും ക്ഷേത്രങ്ങള്‍ മാത്രമല്ല; അവ കേരളത്തിന്റെ സാമൂഹിക ചരിത്രവും ജാതിരാഷ്ട്രീയവും അധികാര പുനര്‍നിര്‍മാണവും വായിച്ചറിയാന്‍ കഴിയുന്ന ജീവിച്ചിരിക്കുന്ന ചരിത്രരേഖകളാണ്. നാട്ടുദേവതകളെയും ആദിവാസി-ദളിത് ആരാധനാരീതികളെയും സംസ്‌കൃതവത്കരിച്ച് ബ്രാഹ്‌മണിക ആധിപത്യം എങ്ങനെ നിര്‍മിക്കപ്പെട്ടു എന്നതിന്റെ സജീവ ഉദാഹരണങ്ങള്‍ അവിടെയുണ്ടെന്നും വിനില്‍ പോള്‍ കൂട്ടിച്ചേര്‍ത്തു.

അമ്പലങ്ങളില്‍ മാത്രമല്ല, മുസ്‌ലിം പള്ളികളിലും ഫീല്‍ഡ് വര്‍ക്കുകളുടെ ഭാഗമായി ജയരാജന്‍ പോയിട്ടുണ്ടെന്നും അതിനെ അധികരിച്ച് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കൊടുങ്ങല്ലൂര്‍ ക്ഷേത്ര സന്ദര്‍ശനത്തെ വിശ്വാസയാത്രയായി അവതരിപ്പിക്കുന്ന മാധ്യമങ്ങളുടെ രാഷ്ട്രീയ ഉദ്ദേശം വളരെ വ്യക്തമാണ്.

കേരളത്തിലെ പ്രാദേശിക ദേവതകളെയും ജനകീയ ആരാധനാരൂപങ്ങളെയും എങ്ങനെ ബ്രാഹ്‌മണിക സനാതന വ്യവസ്ഥ ഏറ്റെടുത്തു, എങ്ങനെ അവയെ ഹിന്ദു ബ്രാഹ്‌മണിക ചട്ടക്കൂടിനുള്ളില്‍ ഉള്‍പ്പെടുത്തി എന്ന ചരിത്രം മനസ്സിലാക്കുന്നതിന്റ ഭാഗമായി ജയരാജന്‍ സാറിന്റെ ഒപ്പം ഞാനും കുറേ അമ്പലങ്ങളിലും കാവിലുമെല്ലാം പോയിട്ടുണ്ട്.

ഇതിന്റെ ഭാഗമായാണ് സനാതനികളുടെ ഹിന്ദുത്വ വഴികള്‍ എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. ഇത് അവസാനിച്ച ഒരു പദ്ധതി അല്ല; തുടര്‍ച്ചയുള്ള ഗവേഷണ/ഫീല്‍ഡ് വര്‍ക്ക് പ്രക്രിയയാണ്.

ഏകദേശം ഒന്നര വര്‍ഷത്തോളം നീണ്ടുനിന്ന ഫീല്‍ഡ് വര്‍ക്കില്‍ ചില മാസങ്ങള്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ബ്രാഹ്‌മണ പൂജാരിമാരുടെ ആധിപത്യത്തിനു കീഴടങ്ങാത്ത ‘ക്ഷേത്ര’ങ്ങളിലാണ് ഞാന്‍ കൂടെ പോയത്.

കല്ലേലി അപ്പൂപ്പന്‍, മറ്റം, വേങ്ങമല തുടങ്ങി നിരവധി നിരവധി ക്ഷേത്രങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ചുപോയി. സത്യത്തില്‍ അവിടങ്ങളിലെ ആളുകള്‍ അദ്ദേഹത്തെ സ്വീകരിക്കുന്ന രീതി കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചു. എവിടെയും ഞങ്ങളെ തടഞ്ഞില്ല; മറിച്ച്, അവര്‍ അതിയായ സൗഹൃദത്തോടെയും ആത്മാര്‍ത്ഥതയോടെയും കാര്യങ്ങള്‍ വിശദീകരിച്ചു തന്നു.

സനാതന രാഷ്ട്രീയത്തിന്റെ കപടത തിരിച്ചറിഞ്ഞ കരുത്തരായ നിരവധി മനുഷ്യരെ ജയരാജന്‍ സാറിലൂടെ പരിചയപ്പെടാനും എനിക്ക് സാധിച്ചു.


കൊടുങ്ങല്ലൂര്‍ പോലുള്ള ഇടങ്ങള്‍ വെറും ക്ഷേത്രങ്ങള്‍ മാത്രമല്ല; അവ കേരളത്തിന്റെ സാമൂഹിക ചരിത്രവും ജാതിരാഷ്ട്രീയവും അധികാര പുനര്‍നിര്‍മാണവും വായിച്ചറിയാന്‍ കഴിയുന്ന ജീവിച്ചിരിക്കുന്ന ചരിത്രരേഖകളാണ്.

നാട്ടുദേവതകളെയും ആദിവാസി-ദളിത് ആരാധനാരീതികളെയും സംസ്‌കൃതവത്കരിച്ച് ബ്രാഹ്‌മണിക ആധിപത്യം എങ്ങനെ നിര്‍മിക്കപ്പെട്ടു എന്നതിന്റെ സജീവ ഉദാഹരണങ്ങള്‍ അവിടെയുണ്ട്.

അമ്പലങ്ങളില്‍ മാത്രം സഞ്ചരിക്കുന്ന ആളല്ല അദ്ദേഹം. ഇതിന് സമാനമായ ഗൗരവമുള്ള ഫീല്‍ഡ് വര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം രചിച്ച മറ്റൊരു പ്രധാന കൃതിയാണ് കേരളം: മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം (മാതൃഭൂമി ബുക്‌സ്). ഉത്തരകേരളം: ആരാധനാലയങ്ങളും സമകാലീന പ്രവണതകളും (ചിന്ത) എന്നത് അദ്ദേഹത്തിന്റെ മറ്റൊരു ശ്രദ്ധേയ കൃതിയാണ്.

 

Content Highlight: Vinil Paul on P Jayarajan’s Kodungallur Temple visit

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.