ഗോളടിച്ചില്ല, എന്നിട്ടും വിനീഷ്യസിന് റെക്കോഡ്; റോണോയ്ക്ക് ശേഷം രണ്ടാമന്‍!
Football
ഗോളടിച്ചില്ല, എന്നിട്ടും വിനീഷ്യസിന് റെക്കോഡ്; റോണോയ്ക്ക് ശേഷം രണ്ടാമന്‍!
ഫസീഹ പി.സി.
Thursday, 12th March 2026, 6:15 pm

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഒന്നാം പാദ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ റയല്‍ മാഡ്രിഡ് തകര്‍ത്തെറിഞ്ഞിരുന്നു. തങ്ങളുടെ തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലോസ് ബ്ലാങ്കോസിന്റെ വിജയം. നായകന്‍ ഫെഡ്രികോ വാല്‍വെര്‍ദെയുടെ ഹാട്രിക് കരുത്തിലാണ് സ്പാനിഷ് വമ്പന്മാര്‍ സിറ്റിയെ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെയായിരുന്നു വാല്‍വെര്‍ദെ മൂന്ന് ഗോളുകളും സിറ്റി വലയിലേക്ക് തുളച്ച് കയറിയത്. താരത്തിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയത് വിനീഷ്യസ് ജൂനിയറാണ്.

Photo: Real Madrid. C.F/x.com

ഈ അസിസ്റ്റിലൂടെ 2025 – 26 ചാമ്പ്യന്‍സ് ലീഗിലെ തന്റെ ഗോള്‍ കോണ്ട്രിബൂഷന്‍ പത്തായി ഉയര്‍ത്താന്‍ വിനീഷ്യസിന് സാധിച്ചു. മൂന്ന് ഗോളുകളും ഏഴ് അസിസ്റ്റുകളും നേടിയാണ് ബ്രസീലിയന്‍ താരത്തിന്റെ നേട്ടം.

ഇതോടെ തകര്‍പ്പന്‍ നേട്ടവും വിനീഷ്യസ് തന്റെ പേരില്‍ എഴുതിക്കുറിച്ചു. തുടര്‍ച്ചയായി അഞ്ച് ചാമ്പ്യന്‍സ് ലീഗ് സീസണില്‍ പത്ത് ഗോള്‍ കോണ്ട്രിബൂഷനുള്ള രണ്ടാമത്തെ താരമെന്ന നേട്ടമാണ് ബ്രസീലിയന്‍ ഫോര്‍വേഡ് സ്വന്തമാക്കിയത്.

പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമായിരുന്നു ഇതിന് മുമ്പ് ഈ നേട്ടം കുറിച്ചത്. താരം തുടര്‍ച്ചയായ എട്ട് സീസണുകളിലാണ് ഇത്ര ഗോള്‍ കോണ്ട്രിബൂഷന്‍ നടത്തിയത്. ഇത് 2010 – 11 മുതല്‍ 2017- 18 സീസണ്‍ വരെയായിരുന്നു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. Photo: TCR/x.com

വിനീഷ്യസാകട്ടെ 2021 – 22 സീസണിലാണ് പത്ത് ഗോള്‍ കോണ്ട്രിബൂഷന്‍സ് ആദ്യമായി നടത്തിയത്. ആ സീസണില്‍ താരം നടത്തിയത് 11 ഗോള്‍ സംഭാവനകളാണ്. പിന്നീടുള്ള നാല് സീസണുകളിലും ഫോര്‍വേഡ് തന്റെ ഫോം തുടര്‍ന്നു.

2022 – 23 സീസണില്‍ വിനീഷ്യസിന്റെ ഗോള്‍ കോണ്ട്രിബൂഷന്‍ 12 ആയിരുന്നു. 2023 – 24ലും 2024 – 25ലും 11 വീതം ഗോള്‍ സംഭാവനകള്‍ നടത്തി. ഇപ്പോള്‍ മറ്റൊരു സീസണില്‍ കൂടി താരം ഈ നേട്ടം ആവര്‍ത്തിച്ചിരിക്കുകയാണ്.

Content Highlight: Vinicius Junior became second player to record 10 G/A in 5 consecutive UCL seasons after Cristiano Ronaldo

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി