വിനേഷ് ഫോഗട്ടിന്റെ ഒളിമ്പിക് അയോഗ്യത 'ദേശീയ നാണക്കേടല്ല'; റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ കുടഞ്ഞ് ദല്‍ഹി ഹൈക്കോടതി
India
വിനേഷ് ഫോഗട്ടിന്റെ ഒളിമ്പിക് അയോഗ്യത 'ദേശീയ നാണക്കേടല്ല'; റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ കുടഞ്ഞ് ദല്‍ഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd May 2026, 12:47 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ 2024 ഒളിമ്പിക്‌സിലെ അയോഗ്യത ‘ദേശീയ നാണക്കേടാണ്’ എന്ന റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസ്താവനയില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി ദല്‍ഹി ഹൈക്കോടതി.

വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുന്നതിനായി മെയ് 30ന് ജപ്പാനില്‍ നടക്കാനിരിക്കുന്ന ട്രയല്‍സില്‍ വിനേഷ് ഫോഗട്ടിനെ പങ്കെടുപ്പിക്കണമെന്നും കോടതി പറഞ്ഞു.

ദല്‍ഹിയില്‍ നടക്കാനിരിക്കുന്ന സെലക്ഷന്‍ ട്രയല്‍സില്‍ ഫോഗട്ടിനെ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന കോടതിയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങളെ ഡബ്ല്യു.എഫ്.ഐ ശക്തമായി എതിര്‍ത്തതിനെത്തുടര്‍ന്ന് കടുത്ത ഉത്തരവുകളിലേക്ക് നീങ്ങുമെന്ന സൂചനയും ദല്‍ഹി ഹൈകോടതി നല്‍കിയിട്ടുണ്ട്.

അന്താരാഷ്ട്ര കായിക സംഘടനയുടെ അനുമതിയുണ്ടായിട്ടും ഒളിമ്പ്യനായ വിനേഷ് ഫോഗട്ടിന് ട്രയല്‍സില്‍ മത്സരിക്കാന്‍ അവസരം നിഷേധിച്ച റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നടപടിയെ ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

‘വിനേഷ് ഫോഗട്ടിന്റെ 2024 ഒളിമ്പിക്‌സിലെ അയോഗ്യത ഒരു ദേശീയ നാണക്കേടായിരുന്നോ? ഈ രാജ്യത്തെ ജനങ്ങള്‍ ഇതിനെ അങ്ങനെയാണോ കണ്ടത്? ഈ രാജ്യത്തെ കായിക മേഖലയെ നിങ്ങള്‍ ഇങ്ങനെയൊക്കെയാണോ സേവിക്കുന്നത്?’ ബെഞ്ച് ചോദിച്ചു.

മുന്‍കാലങ്ങളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്രശസ്തരായ കായികതാരങ്ങള്‍ക്ക് നേരിട്ട് ട്രയല്‍സില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുന്ന രീതികളില്‍ നിന്ന് ഫെഡറേഷന്‍ പെട്ടെന്ന് പിന്മാറിയത് ചിലത് വ്യക്തമാക്കുന്നുണ്ടെന്നും ഈ നീക്കം മുന്‍കൂട്ടി തീരുമാനിച്ചതാണെന്ന് തോന്നുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ഗുസ്തി സര്‍ക്യൂട്ടില്‍ വിനേഷ് ഫോഗട്ടിന്റെ അഭാവത്തെക്കുറിച്ച് ഡബ്ല്യു.എഫ്.ഐ അഭിഭാഷകന്‍ പരാമര്‍ശിച്ചപ്പോള്‍, താരം അടുത്തിടെ ഒരു അമ്മയായ കാര്യവും പ്രസവാനന്തര വിശ്രമത്തിലായിരുന്ന വിവരവും കോടതി ഫെഡറേഷനെ ഓര്‍മ്മിപ്പിച്ചു.

സെലക്ഷന്‍ മാനദണ്ഡം പുതിയ അമ്മമാരെ ഒഴിവാക്കാനല്ലെന്നും, നിലവിലെ പ്രശ്‌നം ഫോഗട്ട് നേരത്തെ വിരമിക്കാന്‍ തീരുമാനിച്ചതില്‍ നിന്ന് ഉണ്ടായതാണെന്നും ഡബ്ല്യു.എഫ്.ഐ അഭിഭാഷകന്‍ ന്യായീകരിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ ഡബ്ല്യു.എഫ്.ഐയുടെ നേരിട്ടുള്ള ഇടപെടലുകളുടെ ഭാഗമായിട്ടാണ് അവരെ ഒഴിവാക്കിയതെന്ന് കോടതി വിലയിരുത്തി. താരം അമ്മയായില്ലായിരുന്നെങ്കില്‍ അവര്‍ തീര്‍ച്ചയായും പങ്കെടുക്കുകയും യോഗ്യത നേടുകയും ചെയ്യുമായിരുന്നുവെന്ന് പറഞ്ഞ ഹൈക്കോടതി, ഒരു കായികതാരം കോടതിയും വ്യവഹാരങ്ങളുമല്ല, മറിച്ച് കായികപരമായ തയ്യാറെടുപ്പുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഈ വിഷയത്തില്‍ റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നിലപാടുകളില്‍ നിന്നും അവര്‍ അയച്ച കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായി അകലം പാലിച്ചു. ഫോഗട്ടിനെ ഒരു തരത്തിലും മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും, ഇത് പൂര്‍ണമായും ഗുസ്തി സംഘടനയുടെ മാത്രം തീരുമാനമാണെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം.

വിനേഷ് ഫോഗട്ട് വരാനിരിക്കുന്ന ട്രയല്‍സില്‍ വിജയിക്കുകയാണെങ്കില്‍, ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനുള്ള ഔദ്യോഗിക മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നിരുന്നാലും, പ്രാഥമികമായി ട്രയല്‍സില്‍ പങ്കെടുക്കുന്നതിനുള്ള തങ്ങളുടെ കര്‍ശനമായ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തേണ്ടത് ഡബ്ല്യു.എഫ്.ഐ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും നാമനിര്‍ദേശം ചെയ്യുന്ന സ്വതന്ത്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍, ഡബ്ല്യു.എഫ്.ഐയുടെ ഒരു സാങ്കേതിക സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ട്രയല്‍സ് നടത്താമെന്നും, സുതാര്യത ഉറപ്പാക്കാന്‍ ഈ പ്രക്രിയ മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തുമെന്നും കേന്ദ്രം അറിയിച്ചു.

സെലക്ഷന്‍ ട്രയല്‍സില്‍ നിന്ന് ഉടനടി വിലക്കണമെന്ന് ആവശ്യപ്പെട്ട് മെയ് 18ന് സിംഗിള്‍ ജഡ്ജി പുറപ്പെടുവിച്ച ഉത്തരവിനെതിരെ വിനേഷ് ഫോഗട്ട് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ചില പ്രത്യേക ടൂര്‍ണമെന്റുകളിലെ മെഡല്‍ ജേതാക്കള്‍ക്ക് മാത്രമേ ട്രയല്‍സില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ളൂ എന്ന ഡബ്ല്യു.എഫ്.ഐയുടെ കടുത്ത സെലക്ഷന്‍ നയത്തെയും സര്‍ക്കുലറിനെയുമാണ് ഫോഗട്ട് തന്റെ ഹരജിയിലൂടെ ചോദ്യം ചെയ്തത്.

ഡബ്ല്യു.എഫ്.ഐ നിശ്ചയിച്ച യോഗ്യതാ മാനദണ്ഡങ്ങള്‍ തന്റെ ഗര്‍ഭധാരണത്തിന്റെയും പ്രസവാനന്തര ആരോഗ്യ വീണ്ടെടുക്കലിന്റെയും കാലയളവുമായി പൂര്‍ണ്ണമായും ഒത്തുപോകുന്നതായിരുന്നുവെന്ന് ഫോഗട്ട് വാദിച്ചു.

ഇത് കായികതാരങ്ങള്‍ക്ക് തുല്യ അവസരം നിഷേധിക്കുന്ന, സാഹചര്യം സൃഷ്ടിച്ചുവെന്നും ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഡബ്ല്യു.എഫ്.ഐ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഡബ്ല്യു.എഫ്.ഐ പെട്ടെന്ന് സെലക്ഷന്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് ഈ ഒരു കായികതാരത്തെ മാത്രം ലക്ഷ്യം വെച്ചും ഒഴിവാക്കാനും വേണ്ടിയാണെന്ന് കരുതേണ്ടി വരില്ലേ എന്ന് കോടതി ചോദിച്ചു.

ഡബ്ല്യു.എഫ്.ഐയുടെ നിലവിലെ സെലക്ഷന്‍ നയം തികച്ചും പിന്തിരിപ്പന്‍ ആണെന്ന് വിശേഷിപ്പിച്ച ഹൈക്കോടതി, ഈ നയങ്ങളില്‍ മാറ്റം വരുത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ വിശ്വാസത്തിലെടുത്തിരുന്നോ എന്നും ഫെഡറേഷനോട് ചോദിച്ചു.

Content Highlight: Vinesh Phogat’s Olympic disqualification is not a ‘national shame’; Delhi High Court slams W F I