പോളണ്ടില്‍ പോയാലും പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്; വൈറലായി വിനീതിന്റെ 'പോളണ്ട്' ഫോട്ടോ
Entertainment news
പോളണ്ടില്‍ പോയാലും പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്; വൈറലായി വിനീതിന്റെ 'പോളണ്ട്' ഫോട്ടോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th July 2022, 9:22 am

നിത്യ ജീവിതത്തില്‍ മലയാളികള്‍ ഉപയോഗിക്കുന്ന അനേകം സിനിമാ ഡയലോഗുകളില്‍ ഒന്നാണ് 1991ല്‍ ശ്രീനിവാസന്‍ തിരക്കഥ എഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശത്തിലെ ‘പോളണ്ടിനെ പറ്റി നീ ഒരക്ഷരം മിണ്ടരുത്’എന്നത്.

മലയാളികളുടെ മനസില്‍ ചിര പ്രതിഷ്ഠ നേടിയ ഈ ഡയലോഗ് അങ്ങു പോളണ്ടില്‍ പോയി പറഞ്ഞിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. ഇന്‍സ്റ്റഗ്രാമില്‍ വിനീത് പങ്കുവെച്ച ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പോളണ്ടില്‍ പോയപ്പോള്‍ താരം എടുത്ത ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

ആര്‍.ജെ മാത്തുക്കുട്ടി നല്‍കിയ ശ്രീനിവാസന്റെ ഫോട്ടോയും ഡയലോഗും പ്രിന്റ് ചെയ്ത ടിഷര്‍ട്ട് ഇട്ടു കൊണ്ടാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. ടിഷര്‍ട്ട് നല്‍കിയതിന് ആര്‍.ജെ മാത്തുക്കുട്ടിക്ക് വിനീത് ശ്രീനിവാസന്‍ നന്ദിയും അറിയിച്ചിട്ടുണ്ട്.

നേരത്തെ സന്ദേശം തന്റെ പ്രിയപ്പെട്ട ചിത്രമാണെന്നും, വീണ്ടും വീണ്ടും കാണും തോറും ഇഷ്ടം കൂടി വരുന്ന ചിത്രമാണെന്നും വിനീത് നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.


മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ എന്ന സിനിമയാണ് വിനീതിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ഒരു അടുത്ത ചിത്രം. പ്രശസ്ത ചിത്ര സംയോജകന്‍ അഭിനവ് സുന്ദര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോയ്ക്കൊപ്പം മറ്റൊരു ചിത്രവും വിനീതിന്റേതായി ഒരുങ്ങുന്നുണ്ട്. പേര് നല്‍കിയിട്ടില്ലാത്ത ചിത്രം സംവിധാനം ചെയ്യുന്നത് ജയലാല്‍ ദിവാകരനാണ്.

ഇതിനൊപ്പം തന്നെ ഫഹദ് ഫാസില്‍ ദിലീഷ് പോത്തന്‍ ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന തങ്കവും വിനീത് അഭിനയിക്കുന്ന മറ്റൊരു ചിത്രമാണ്. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ച അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ശ്യാം പുഷ്‌കരന്‍ തിരക്കഥ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷഹീന്‍ അറഫാത്താണ്.

Content Highlight : Vineeth sreenivasan shares a photo from Poland and says not to say a word about Poland goes viral