മാസ്റ്റര്‍ കാണാന്‍ ഷൂട്ടിംഗിന് ബ്രേക്ക്; ചിത്രം പങ്കുവെച്ച് വിനീതും പ്രണവ് മോഹന്‍ലാലും കല്ല്യാണിയും
Entertainment news
മാസ്റ്റര്‍ കാണാന്‍ ഷൂട്ടിംഗിന് ബ്രേക്ക്; ചിത്രം പങ്കുവെച്ച് വിനീതും പ്രണവ് മോഹന്‍ലാലും കല്ല്യാണിയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th January 2021, 9:12 pm

ചെന്നൈ: ചിത്രീകരണത്തിന് അവധി കൊടുത്ത് മാസ്റ്റര്‍ സിനിമ കാണാനെത്തി വിനീത് ശ്രീനിവാസനും സംഘവും. വിനീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹൃദയം സിനിമയുടെ ഷൂട്ടിംഗിന് ബ്രേക്ക് നല്‍കിയാണ് മാസ്റ്റര്‍ സിനിമ കാണാന്‍ വിനീതും സംഘവും എത്തിയിരിക്കുന്നത്.

വിനീതിന് പുറമെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ പ്രണവ് മോഹന്‍ലാലും കല്ല്യാണി പ്രിയദര്‍ശനും മാസ്റ്റര്‍ കാണാന്‍ എത്തിയിട്ടുണ്ട്. സിനിമയിലെ അണിയറ പ്രവര്‍ത്തകരായ രണ്ട് പേരും ഇവര്‍ക്കൊപ്പം എത്തിയിരുന്നു.

നാല്‍പ്പത് വര്‍ഷത്തിന് ശേഷം മെറിലാന്റ് നിര്‍മ്മാണ കമ്പനിയാണ് ഹൃദയം നിര്‍മ്മിക്കുന്നത്. ലൗ ആക്ഷന്‍ ഡ്രാമയുടെ കോ പ്രൊഡ്യൂസറായിരുന്ന വിശാഖ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടെ ഹെലനിലെ നായകനായ നോബിള്‍ തോമസും നിര്‍മ്മാണ രംഗത്ത് ഉണ്ട്.

പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. നേരത്തെ കല്ല്യാണിക്കും പ്രണവിനും ഒപ്പം നിവിന്‍ പോളിയും ചിത്രത്തില്‍ അഭിനയിക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ എല്ലാം ശരിയല്ലെന്നും ശരിയായ സമയത്ത് താന്‍ തന്നെ എല്ലാം പ്രേക്ഷകരോട് പറയുമെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

നടി ദര്‍ശന രാജേന്ദ്രനും ചിത്രത്തില്‍ പ്രധാന റോളില്‍ എത്തുന്നുണ്ട്. അതേസമയം കൊവിഡ് കാലത്തും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുകയാണ് വിജയ് നായകനായ മാസ്റ്റര്‍ സിനിമ. അഞ്ച് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് മാത്രം 125 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Vineeth Sreenivasan, Pranav Mohanlal and Kalyani share the picture Break for shooting to see master movie