ഹൃദയം റിലീസ് ചെയ്തിട്ടേ കല്യാണം കഴിക്കൂ എന്നവന്‍ തീരുമാനിച്ചു; സമ്പാദ്യം മുഴുവന്‍ ഇതില്‍ ഇന്‍വെസ്റ്റ് ചെയ്തിരുന്നല്ലോ: വിനീത് ശ്രീനിവാസന്‍
Entertainment news
ഹൃദയം റിലീസ് ചെയ്തിട്ടേ കല്യാണം കഴിക്കൂ എന്നവന്‍ തീരുമാനിച്ചു; സമ്പാദ്യം മുഴുവന്‍ ഇതില്‍ ഇന്‍വെസ്റ്റ് ചെയ്തിരുന്നല്ലോ: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th December 2022, 5:15 pm

2022ല്‍ പുറത്തിറങ്ങി തിയേറ്ററില്‍ വലിയ ഹിറ്റായി മാറിയ വിനീത് ശ്രീനിവാസന്‍ ചിത്രമാണ് ഹൃദയം. ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം നിര്‍മിച്ചത് മെറിലാന്‍ഡ് സ്റ്റുഡിയോയുടെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമായിരുന്നു.

2022 ജനുവരിയിലായിരുന്നു ഹൃദയം റിലീസ് ചെയ്തത്. 2022 നവംബറിലായിരുന്നു വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായത്. വിശാഖിന്റെ വിവാഹം നീണ്ടുപോകാന്‍ കാരണമായത് ഹൃദയത്തിന്റെ റിലീസ് നീണ്ടതാണെന്ന് പറയുകയാണ് സംവിധായകന്‍ വിനീത്.

ഹൃദയം റിലീസ് ചെയ്തതിന് ശേഷമേ കല്യാണം കഴിക്കൂ എന്നുള്ളത് വിശാഖിന്റെ ഉറച്ച തീരുമാനമായിരുന്നെന്നും കൊവിഡ് കാരണം ഹൃദയത്തിന്റെ റിലീസ് ഡേറ്റ് നീണ്ടുപോയതാണ് കല്യാണം നീളാന്‍ കാരണമെന്നുമാണ് വിനീത് പറയുന്നത്.

വിശാഖ് അവന്റെ സമ്പാദ്യം മുഴുവന്‍ ഹൃദയത്തിന് വേണ്ടി ഇന്‍വെസ്റ്റ് ചെയ്ത് വെച്ചിരിക്കുകയായിരുന്നെന്നും അങ്ങനെയൊരവസ്ഥയില്‍ ചിത്രം റിലീസ് ചെയ്യാതെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് വിശാഖിന് ആലോചിക്കാന്‍ പറ്റില്ലായിരുന്നുവെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് പറയുന്നു.

”വിശാഖ് ഒരു തീരുമാനമെടുത്തു. അതായത് ഹൃദയം റിലീസ് ചെയ്തിട്ടേ അവന്‍ കല്യാണം കഴിക്കുന്നുള്ളൂ, എന്ന്. ഇത് 2020ല്‍ അവനെടുത്ത തീരുമാനമാണ്.

2020 ഓണത്തിന് പടം റിലീസ് ചെയ്യും, അത് കഴിഞ്ഞ് കല്യാണം കഴിക്കുന്നു, ഇതായിരുന്നു അവന്റെ പ്ലാന്‍. പക്ഷെ കൊവിഡ് വന്ന് രണ്ട് വര്‍ഷം പോയി. ഈ ഉറച്ച തീരുമാനമെടുക്കുമ്പോള്‍ ആലോചിക്കണമായിരുന്നല്ലോ (ചിരി).

പിന്നെ എന്താണെന്ന് വെച്ചാല്‍ അവന്‍ അവന്റെ സമ്പാദ്യം മുഴുവന്‍ ഈ പടത്തിന് വേണ്ടി ഇട്ടിരിക്കുകയായിരുന്നു. തിയേറ്ററുകള്‍ അടഞ്ഞ് കിടന്ന സമയമായിരുന്നു, റവന്യൂ ഇല്ല. അങ്ങനെയൊരു സാഹചര്യത്തില്‍ കല്യാണം ആലോചിക്കാന്‍ പറ്റില്ലല്ലോ.

ആളുകള്‍ പുറത്തുനിന്ന് നോക്കുമ്പോള്‍ മുതലാളി ഒക്കെയാണ്. പക്ഷെ മുതലാളിയുടെ ശരിക്കുള്ള അവസ്ഥ എനിക്കറിയാം,” വിനീത് ചിരിച്ചുകൊണ്ട് പറഞ്ഞു.

അതേസമയം വെറും അഞ്ച് കോടി മാത്രം മുടക്കുമുതലില്‍ പുറത്തിറക്കിയ ഹൃദയം ബോക്‌സ് ഓഫീസ് കളക്ഷനായി 79 കോടിയിലധികം രൂപ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Content Highlight: Vineeth Sreenivasan about Hridayam movie, producer Visakh Subramaniam and his marriage