ദുല്‍ഖറും പ്രണവും ഒന്നിക്കുന്ന ചിത്രം; അതൊരു അടിപൊളി സംഗതിയായിരിക്കും: വിനീത് ശ്രീനിവാസന്‍
Movie Day
ദുല്‍ഖറും പ്രണവും ഒന്നിക്കുന്ന ചിത്രം; അതൊരു അടിപൊളി സംഗതിയായിരിക്കും: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th April 2024, 12:42 pm

ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും ഒരുമിക്കുന്ന ഒരു സിനിമ സംഭവിക്കുമെന്നും അതിന് സാധ്യതയുണ്ടെന്നും സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. അങ്ങനെ സംഭവിച്ചാല്‍ അതൊരു അടിപൊളി സംഗതിയായിരിക്കുമെന്നും വിനീത് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുല്‍ഖറിനെ വെച്ച് ഒരു സിനിമ പ്ലാന്‍ ചെയ്യുന്നെന്ന് കേട്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു വിനീതിന്റെ മറുപടി.

‘ ദുല്‍ഖറുമായി ഒരു പടം ചെയ്യണമെന്ന് ഞാന്‍ ഒരു ആഗ്രഹം പറഞ്ഞിരുന്നു. അങ്ങനെ ഒരു പ്രൊജക്ട് നിലവില്‍ ആയിട്ടില്ല. പ്രണവും ദുല്‍ഖറും ഒരുമിച്ചുള്ള ഒരു പടം നടക്കട്ടെ. അങ്ങനെ നടന്നാല്‍ അടിപൊളിയായിരിക്കും. അപ്പുവും ദുല്‍ഖറും തമ്മില്‍ നല്ല സ്‌നേഹമാണ്.

ചാലുവും സുചിയാന്റിയും തമ്മില്‍ ഭയങ്കര സ്‌നേഹമാണ്. ഭാവിയില്‍ നടക്കാന്‍ സാധ്യതയുണ്ട്. അവര്‍ക്ക് വേണ്ടി അങ്ങനെ ആലോചിച്ച കഥയൊന്നും ഇല്ല.

പക്ഷേ അങ്ങനെ നടന്നാല്‍ നല്ലതായിരിക്കും. അത് നമ്മള്‍ തന്നെ ചെയ്യണമെന്നില്ല. ആ കോമ്പിനേഷനില്‍ ഒരു പടം വന്നാല്‍ നല്ലതായിരിക്കും. സോളോ പരിപാടിയല്ലാതെ പല ആക്ടേഴ്‌സിന്റെ കോമ്പിനേഷന്‍ വന്നാല്‍ അത് സക്‌സസ് ആകും.

2018 എന്ന സിനിമയില്‍ കാര്യമായി ഒന്നുമില്ല. പക്ഷേ ആ പടം വിജയിക്കുമ്പോള്‍ നമുക്ക് സന്തോഷമുണ്ട്. നമ്മളും അതിന്റെ ഭാഗമാണല്ലോ. മഞ്ഞുമ്മല്‍ ആയാലും പ്രേമലു ആയാലും മള്‍ട്ടിപ്പിള്‍ ആക്ടേഴ്‌സിനെ കാണുന്നത് ജനങ്ങള്‍ക്ക് ഇഷ്ടമാണ്,’ വിനീത് പറഞ്ഞു.

വിനീതിനൊപ്പം ഈ വര്‍ഷം തന്നെ ഒരു പടം കൂടിയുണ്ടെന്നായിരുന്നു ഇതേ അഭിമുഖത്തില്‍ നിര്‍മാതാവ് വിശാഖ് പറഞ്ഞത്. ആ ചിത്രത്തില്‍ പ്രണവ് ഉണ്ടാകുമോ എന്ന ചോദ്യത്തിനും വിശാഖ് മറുപടി പറയുന്നുണ്ട്.

‘ വര്‍ഷങ്ങള്‍ക്കുശേഷം സിനിമ തുടങ്ങിയ അന്നുമുതല്‍ ഞാന്‍ അതിനൊപ്പം തന്നെയായിരുന്നു. വേറെ ഒന്നിലേക്കും ഞാന്‍ പോയിട്ടില്ല. വിനീതിന്റെ കൂടെ ഈ വര്‍ഷം തന്നെ നമ്മള്‍ ഒരു സംഭവം കൂടി ചെയ്യുന്നുണ്ട്. പ്രണവ് ഒരു യാത്ര പോകണമെന്ന് രണ്ടുപേരുടേ അടുത്തും പറഞ്ഞു. ഒരു പടം നിങ്ങള്‍ വേറെ ആരെയെങ്കിലും വെച്ച് ചെയ്യൂ അതിന് ശേഷം നമുക്ക് നോക്കാം എന്നാണ് പറഞ്ഞത്. വൈകാതെ തന്നെ ആ സിനിമ സംഭവിക്കും,’ വിശാഖ് പറഞ്ഞു.

Content Highlight: Vineeth Sreenivasan about Dhyan Sreenivasan Dulquer Movie