ഹരിഹരന്‍ മലയാളസിനിമക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് വിനീത്. കരിയറിന്റെ തുടക്കത്തില്‍ നഖക്ഷതങ്ങള്‍, സര്‍ഗം പോലെ ക്ലാസിക് സിനിമകളുടെ ഭാഗമാകാന്‍ വിനീതിന് സാധിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അടുത്തിടെ വ്യത്യസ്തമായ ക്യാരക്ടര്‍ റോളുകള്‍ ചെയ്ത് ഇന്‍ഡസ്ട്രിയെ ഞെട്ടിക്കുകയാണ് അദ്ദേഹം.
വിനീതിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു 1994ല്‍ പുറത്തിറങ്ങിയ കാബൂളിവാല. സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് വിനീത്. താന്‍ ഒരുപാട് എന്‍ജോയ് ചെയ്ത സിനിമകളിലൊന്നാണ് കാബൂളിവാലയെന്ന് വിനീത് പറയുന്നു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കാബൂളിവാലയെപ്പറ്റി പറയുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത് ‘പുത്തന്‍ പുതു കാലം’ എന്ന പാട്ടാണ്. ഒരുപാട് ഓര്‍മകള്‍ ആ പാട്ടിലുണ്ട്. ക്യാപ്റ്റന്‍ രാജു ചേട്ടനാണ് ആ പാട്ടില്‍ എന്നെക്കാള്‍ സ്‌കോര്‍ ചെയ്തത്. ഡാന്‍സൊക്കെ ചെയ്യുമ്പോള്‍ എന്റെ കൈപിടിച്ചാണ് ചെയ്തത്.
പുള്ളി വല്ലാതെ എന്‍ജോയ് ചെയ്താണ് അത് കംപ്ലീറ്റാക്കിയത്. വലിയ സന്തോഷമായി. ‘മോനേ, നിന്റെ കൂടെ ഡാന്‍സ് ചെയ്യുകയാണ്’ എന്നൊക്കെ പറഞ്ഞു. ഡാന്‍സ് ചെയ്യാന്‍ ഒരുപാട് ഇഷ്ടമുള്ളയാളാണ് രാജു ചേട്ടന്‍. പക്ഷേ പുള്ളിക്ക് അങ്ങനത്തെ റോളുകള്‍ ഇല്ലല്ലോ. അരിങ്ങോടരുടെ വേഷത്തിലൊക്കെ വന്ന് ഞെട്ടിച്ചയാളല്ലേ അദ്ദേഹം,’ വിനീത് പറയുന്നു.
കുമാര്‍- ശാന്തി ഡ്യുവോ ആയിരുന്നു ആ പാട്ടിന് കൊറിയോഗ്രഫി ചെയ്തതെന്നും വിനീത് ഓര്‍ത്തെടുത്തു. ഹൈ സ്പീഡ് ഷോട്ടുകളും അതിനനുസരിച്ച സ്‌റ്റെപ്പുകളുമായിരുന്നു ആ പാട്ടിനെന്നും താരം കൂട്ടിച്ചേര്‍ത്തു. സിദ്ദിഖ് ലാലിന്റെ സംവിധാനം ആ പാട്ടിനെ കൂടുതല്‍ മനോഹരമാക്കിയെന്നും വിനീത് പറഞ്ഞു.
‘സെലിബ്രേഷന്‍ ഓഫ് ലൈഫ് എന്നൊക്കെയാണ് ആ പാട്ടിനെപ്പറ്റി പറയാനാവുക. വൈകുന്നേരമാണ് ആ പാട്ടിന്റെ ഔട്ട്‌ഡോര്‍ ഷൂട്ട്. രാവിലെ സര്‍ക്കസ് കൂടാരത്തിനകത്താണ് ഷൂട്ട്. നല്ല രസമുള്ള ആമ്പിയന്‍സായിരുന്നു അവിടെ. മൃഗങ്ങളുടെ കൂടെയൊക്കെയുള്ള ഷൂട്ട് നല്ല മെമ്മറിയായിരുന്നു,’ വിനീത് പറയുന്നു.
1994ലെ വലിയ വിജയങ്ങളിലൊന്നായിരുന്നു കാബൂളിവാല. ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. ഇന്നും സിനിമാപ്രേമികളുടെ മനസില്‍ പ്രത്യേക സ്ഥാനമുള്ള ചിത്രമാണ് കാബൂളിവാല.
Content Highlight: Vineeth shares the shooting experience of Kabooliwala movie