രണ്ട് വട്ടമെങ്കിലും കണ്ടാലെ 'എക്കോ' പൂര്‍ണമായും ആസ്വദിക്കാന്‍ കഴിയൂ; അതാണ് ഇവരുടെ ക്രാഫ്റ്റ്: വിനീത്
Malayalam Cinema
രണ്ട് വട്ടമെങ്കിലും കണ്ടാലെ 'എക്കോ' പൂര്‍ണമായും ആസ്വദിക്കാന്‍ കഴിയൂ; അതാണ് ഇവരുടെ ക്രാഫ്റ്റ്: വിനീത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 22nd November 2025, 6:34 pm

രണ്ടുവട്ടമെങ്കിലും എക്കോ കണ്ടാലെ അത് പൂര്‍ണമായും ആസ്വദിക്കാന്‍ കഴിയുകയുള്ളുവെന്ന് നടന്‍ വിനീത്. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ ബാഹുല്‍ രമേശ് കൂട്ടുക്കെട്ടില്‍ വന്ന സിനിമ മികച്ച പ്രതികരണങ്ങളോടയാണ് തിയേറ്ററില്‍ മുന്നേറുന്നത്.

സന്ദീപ് പ്രദീപ് നായകവേഷത്തിലെത്തിയ ചിത്രത്തില്‍ വിനീത്, അശോകന്‍, നരേന്‍, തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോള്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ സംസാരിക്കുകയാണ് നടന്‍ വിനീത്.
‘ഒരു തവണയില്‍ കൂടുല്‍ കണ്ടാലെ സിനിമ നന്നായി ആസ്വദിക്കാന്‍ കഴിയൂ. സിനിമ നിങ്ങളിലേക്ക് കുറച്ച് കൂടെ ആഴത്തില്‍ എത്തുക ഒന്നുകൂടെ കണ്ടാലാണ്. അങ്ങനെയൊരു മാജിക് ഇവര്‍ ഈ സിനിമയില്‍ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ സിനിമ കണ്ട് കഴിഞ്ഞ് ഇന്ന് വീണ്ടും കാണുമ്പോഴാണ് അതിന്റെ പല പല എലമെന്റ്‌സും നമ്മള്‍ മനസിലാക്കുക.

എനിക്ക് തോന്നുന്നു പ്രേക്ഷകരും ഒരു രണ്ട് മൂന്ന് തവണ ഈ സിനിമ കാണണം, എന്നാലെ പൂര്‍ണ്ണമായി ആസ്വദിക്കാന്‍ കഴിയുകയുള്ളു. അതാണ് ഇവരുടെ ക്രാഫ്റ്റിന്റെ ഭംഗി. ഒരോ തവണ കാണുമ്പോഴും ഒരുപാട് ലേയര്‍സ് ഉണ്ടാകും,’ വിനീത് പറഞ്ഞു

ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എം.ആര്‍.കെ ജയറാമാണ് എക്കോ നിര്‍മിച്ചത്. ബാഹുല്‍ രമേശ് തന്നെയാണ് എക്കോയ്ക്ക്  തിരക്കഥയൊരുക്കിയത്. കിഷ്‌കിന്ധാ കാണ്ഡത്തിന്റെ സംഗീത സംവിധായകന്‍ മുജീബ് മജീദും എക്കോയില്‍ ഉണ്ട്.

ഇന്നലെയാണ് എക്കോയും വിലായത്ത് ബുദ്ധയും റിലീസിനെത്തിയത്. എക്കോ ഈ വര്‍ഷത്തെ മികച്ച സിനിമകളില്‍ ഒന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക് മൈഷോയിലും എക്കോ വിലായത്ത് ബുദ്ധയെ പിന്തള്ളിയിരിക്കുകയാണ്. ആദ്യദിനം രണ്ട് സിനിമകളും ടിക്കറ്റ് വില്പനയുടെ കാര്യത്തില്‍ ഒപ്പത്തിനൊപ്പം നിന്നെങ്കിലും രണ്ടാം ദിനം എക്കോ അതിവേഗം മുന്നേറുകയാണ്. മണിക്കൂറില്‍ ആറായിരത്തിനടുത്ത് ടിക്കറ്റുകളാണ് എക്കോയുടേതായി വിറ്റുപോകുന്നത്.

Content highlight: Vineeth says that one can fully enjoy Eko movie  only if one watches it at least twice