തിലകന്‍ ചേട്ടന്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ മനസ്സിലാക്കിയത്; വിന്ദുജ മേനോന്‍ പറയുന്നു
Entertainment news
തിലകന്‍ ചേട്ടന്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ മനസ്സിലാക്കിയത്; വിന്ദുജ മേനോന്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd July 2021, 4:42 pm

മലയാളത്തില്‍ ഒരുപിടി ചിത്രങ്ങള്‍ ചെയ്തുകൊണ്ട് മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയയായ നടിയും നര്‍ത്തകിയുമാണ് വിന്ദുജ മേനോന്‍. പവിത്രം എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളാണ് കന്യക മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വിന്ദുജ പങ്കുവെക്കുന്നത്.

പവിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ തിലകന്‍ അഭിനയവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തനിക്ക് മനസ്സിലായതെന്നാണ് വിന്ദുജ പറയുന്നത്.

‘അന്ന് തിലകന്‍ ചേട്ടന്‍ കുറേ കാര്യങ്ങള്‍ പറഞ്ഞുതന്നു. ഒരു ക്യാരക്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ അല്ലെങ്കില്‍ ഒരു സീന്‍ കഴിഞ്ഞാല്‍ അത് മനസ്സില്‍ വെക്കരുത്. കട്ട് പറഞ്ഞാല്‍ നമ്മളും അതില്‍ നിന്ന് കട്ടാകണം.

കഴിഞ്ഞ സീന്‍ കുറച്ച് കൂടി നന്നാക്കാമായിരുന്നല്ലോ എന്നൊക്കെ ചിന്തിച്ചുകൊണ്ടിരുന്നാല്‍ മനസ് ഫ്രെഷ് ആവില്ല. അത് അടുത്ത സീനിനെ ബാധിക്കും എന്നൊക്കെ അദ്ദേഹം പറഞ്ഞുതന്നു. എങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതൊക്കെ ഞാന്‍ മനസ്സിലാക്കിയത്,’ വിന്ദുജ പറയുന്നു.

കണ്ണുകൊണ്ടുള്ള അഭിനയത്തെക്കുറിച്ചെല്ലാം പറഞ്ഞ് തന്നത് തിലകനാണെന്നും വിന്ദുജ പറഞ്ഞു.

നീണ്ട ഇടവേളക്ക് ശേഷം വീണ്ടും വിന്ദുജ അഭിനയിച്ചത് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവിലായിരുന്നു.
ചിത്രത്തില്‍ വെറും രണ്ട് സീന്‍ മാത്രമായിട്ടും എന്തുകൊണ്ടാണ് അഭിനയിക്കാന്‍ തയ്യാറായതെന്ന ചോദ്യത്തിനും വിന്ദുജ മറുപടി നല്‍കി.

ഇതേ അഭിപ്രായം താന്‍ സംവിധായകന്‍ എബ്രിഡ് ഷൈനിനോടും ചോദിച്ചിരുന്നെന്നും അദ്ദേഹം ആ കഥാപാത്രമായി സ്‌ക്രീനില്‍ കാണണമെന്ന് ആഗ്രഹിച്ച മുഖം തന്റേതാണെന്നും അതുകൊണ്ടാണ് ഈ വേഷം അഭിനയിക്കണമെന്ന് താനാവശ്യപ്പെടുന്നതെന്നുമായിരുന്നു എബ്രിഡ് ഷൈനിന്റെ മറുപടിയെന്നാണ് വിന്ദുജ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Vinduja Menon says about Thilakan