അന്ന് അതിനെ ബഹുമാനിക്കണമെന്ന് തോന്നിയത് കൊണ്ടാണ് മാപ്പു പറഞ്ഞത്: വിന്‍സി അലോഷ്യസ്
Malayalam Cinema
അന്ന് അതിനെ ബഹുമാനിക്കണമെന്ന് തോന്നിയത് കൊണ്ടാണ് മാപ്പു പറഞ്ഞത്: വിന്‍സി അലോഷ്യസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 2nd August 2025, 7:17 am

ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ ചോദ്യം വന്നപ്പോള്‍ മാപ്പ് പറയുന്നതില്‍ നിന്നും ഒന്നും തന്നെ പിന്നോട്ട് വലിച്ചില്ലെന്ന് പറയുകയാണ് നടി വിന്‍സി അലോഷ്യസ്. സൂത്രധാരന്‍ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു വേദിയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ട ദിവസത്തെ കുറിച്ചാണ് നടി പറയുന്നത്.

രണ്ടുപേരും ഉള്ളില്‍ എല്ലാ മുറിവുകളും ഉണക്കിയിട്ടുണ്ടെന്ന് തോന്നിയെന്നും അതുകൊണ്ട് അന്ന് ആത്മാര്‍ഥമായാണ് മാപ്പു ചോദിച്ചതെന്നും വിന്‍സി പറയുന്നു. വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഒന്നും വേണ്ടിയിരുന്നില്ലെന്ന് തോന്നിയോയെന്ന് ചോദിച്ചാല്‍, ഞാനൊരു എടുത്തു ചാട്ടക്കാരിയാണെന്ന് വീട്ടില്‍ എല്ലാവര്‍ക്കും അറിയാം. അതൊക്കെ അവരെയാണല്ലോ ബാധിക്കുക.

പക്ഷേ പ്രശ്നം വഷളാകുമ്പോള്‍ പരിഹരിക്കാനും പിന്തുണക്കാനും കൂടെ നില്‍ക്കുന്നതും അപ്പനും അമ്മയുമാണ്. മസ്‌കത്തിലുള്ള സഹോദരനും ഭാര്യയും എന്നും വിളിച്ച് സംസാരിക്കും,’ വിന്‍സി അലോഷ്യസ് പറഞ്ഞു.

വ്യക്തിപരമായ പ്രശ്‌നമായി ആ തുറന്ന് പറച്ചിലിനെ വളച്ചൊടിച്ചവരുണ്ടെന്നും അപ്പോള്‍ ഒന്നും വേണ്ടിയിരുന്നില്ലെന്ന് തോന്നിയെന്നും നടി പറയുന്നു.

‘പക്ഷേ അതിനിടയില്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ നടന്നു. അച്ഛന്റെ അപകടമരണത്തെ തുടര്‍ന്ന് ആ വീട്ടില്‍ പോയിരുന്നു. അന്ന് ഷൈന്‍ ചേട്ടനും അമ്മയുമൊക്കെ ആശുപത്രിയിലാണ്.

പിന്നീട് അഭിമുഖങ്ങളില്‍ കണ്ടപ്പോള്‍ വലിയ മാറ്റം തോന്നി. അതിനെ ബഹുമാനിക്കണമെന്ന് തോന്നിയത് കൊണ്ടാണ് മാപ്പു പറഞ്ഞത്. ഇപ്പോള്‍ മനസ് ശാന്തമാണ്,’ വിന്‍സി അലോഷ്യസ് പറയുന്നു.

സെറ്റില്‍ വെച്ച് തന്നോട് ലഹരി ഉപയോഗിച്ച് ഒരു നടന്‍ മോശമായി പെരുമാറിയെന്ന് വിന്‍സി അലോഷ്യസ് വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ അത് ചെയ്തത് ഷൈന്‍ ടോം ചാക്കോയാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ടു.

അതോടെ ഷൈനിന് എതിരെ നടപടിയുണ്ടാവുകയും റീഹാബിന് വിധേയനാവുകയും ചെയ്തിരുന്നു. ഇതിനിടയില്‍ നടന്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോള്‍ ഒരു അപകടത്തില്‍പ്പെടുകയും പിതാവ് ചാക്കോ മരണപ്പെടുകയും ചെയ്തു.

ഈയിടെ തങ്ങളുടെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിന്‍സിയും ഷൈനും ഒരേ വേദിയില്‍ എത്തുകയായിരുന്നു. അപകടത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ഷൈന്‍ മാധ്യമങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

അന്ന് ഷൈനിനെ മോശക്കാരനായി കാണിക്കാന്‍ വേണ്ടിയല്ല പരാതിപ്പെട്ടതെന്നും അദ്ദേഹത്തോട് തനിക്ക് വിരോധമില്ലെന്നും വിന്‍സി പറഞ്ഞിരുന്നു. ഷൈന്‍ ടോം ആകട്ടെ വിന്‍സിയോട് പരസ്യമായി മാപ്പ് പറയുകയും ചെയ്തു.

Content Highlight: Vincy Aloshious Talks About Shine Tom Chacko