കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ ടീച്ചറായിരുന്നു ശ്രുതി; പേടി കലര്‍ന്ന ബഹുമാനമായിരുന്നു: വിന്‍സി അലോഷ്യസ്
Malayalam Cinema
കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ ടീച്ചറായിരുന്നു ശ്രുതി; പേടി കലര്‍ന്ന ബഹുമാനമായിരുന്നു: വിന്‍സി അലോഷ്യസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st August 2025, 5:41 pm

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത നായികാ നായകന്‍ എന്ന ടാലന്റ് ഹണ്ട് ഷോയിലൂടെ സിനിമയിലെത്തിയ നടിയാണ് വിന്‍സി. പിന്നീട് മികച്ച സിനിമകളുടെ ഭാഗമാകാന്‍ നടിക്ക് കഴിഞ്ഞു. 2023 ല്‍ പുറത്തിറങ്ങിയ രേഖ എന്ന സിനിമയിലൂടെ വിന്‍സി മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

വിന്‍സിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് സൂത്രവാക്യം. ഒരു അധ്യാപികയുടെ റോളിലാണ് നടി സിനിമയില്‍ എത്തിയിരുന്നത്. ഇപ്പോള്‍ വനിതയുമായുള്ള അഭിമുഖത്തില്‍ സൂത്രവാക്യത്തിലെ ടീച്ചറാകാന്‍ താനെടുത്ത റെഫറന്‍സിനെ കുറിച്ച് സംസാരിക്കുകയാണ് വിന്‍സി അലോഷ്യസ്.

‘പൊന്നാനി വിജയമാതാ സ്‌കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. അവിടെ കണക്ക് പഠിപ്പിച്ച കൃഷ്ണകുമാരിടീച്ചറെയാണ് മേക്കപ് കഴിഞ്ഞ് കണ്ണാടിയില്‍ നോക്കുമ്പോള്‍ ഓര്‍മ വരുക. എല്ലാവരോടും വളരെ സ്‌നേഹമാണ് ടീച്ചര്‍ക്ക്. പക്ഷേ, പേടിയോടെ ഓര്‍ക്കുന്ന മുഖങ്ങളുമുണ്ട് കേട്ടോ. മിക്കവാറും അടി കിട്ടുന്ന ടീമില്‍ ഞാനുണ്ടാകും,’വിന്‍സി പറയുന്നു.

പത്താം ക്ലാസ് വരെ താന്‍ ഒരു ആവറേജ് സ്റ്റുഡന്റായിരുന്നുവെന്നും പ്ലസ് വണ്ണിലും പ്ലസ്ടുവിനും കൂടുതലും ഉഴപ്പിയെന്നും നടി പറയുന്നു. കോളജില്‍ രണ്ടാം വര്‍ഷം മുതലാണ് കാര്യമായി പഠിച്ചതെന്നും അവിടെ ലാന്‍ഡ്‌സ്‌കേപ് ആര്‍കിടെക്ചര്‍ പഠിപ്പിച്ച ടീച്ചറായിരുന്നു നടി ശ്രുതി രാമചന്ദ്രനെന്നും നടി പറഞ്ഞു.

‘വളരെ ഗൗരവത്തോടെ, ഒട്ടും ചിരിക്കാതെ ക്ലാസ്സെടുക്കുന്ന ടീച്ചറോട് പേടി കലര്‍ന്ന ബഹുമാനമായിരുന്നു. പ്രേതം സിനിമയ്ക്ക് വേണ്ടി ടീച്ചര്‍ പോയതിന് പിറകേയാണ് നായികാനായകന്റെ ഓഡിഷന് ഞാന്‍ പോയത്. വര്‍ഷങ്ങള്‍ക്ക് ശേഷം മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന സിനിമയില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. അന്ന് കണ്ടത് ഗൗരവം ഒട്ടുമില്ലാത്ത കൂള്‍ കൂളായ ശ്രുതി ചേച്ചിയെയാണ്,’വിന്‍സി പറഞ്ഞു.

Content Highlight: Vincy  Aloshious talking about the reference he took to become a teacher in Sutravakyam