ആ കഥാപാത്രം നന്നായെന്ന് കണ്ണ് കാണാത്ത ചേച്ചി; ഇഷ്ടപ്പെട്ടത് എൻ്റെ ശബ്ദത്തെ: വിൻസി അലോഷ്യസ്
Malayalam Cinema
ആ കഥാപാത്രം നന്നായെന്ന് കണ്ണ് കാണാത്ത ചേച്ചി; ഇഷ്ടപ്പെട്ടത് എൻ്റെ ശബ്ദത്തെ: വിൻസി അലോഷ്യസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 4th August 2025, 9:55 am

നായികാ നായകൻ എന്ന ടാലൻ്റ്-ഹണ്ട് ടെലിവിഷൻ ഷോയിൽ വന്ന് സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് വിൻസി അലോഷ്യസ്. 2019ൽ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രമാണ് വിൻസിയുടെ ആദ്യ ചിത്രം.

പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച വിൻസി രേഖ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും സ്വന്തമാക്കി. സൂത്രവാക്യമാണ് നടിയുടേതായി വന്ന ഏറ്റവും പുതിയ ചിത്രം. ഇപ്പോൾ ആദ്യമായി മറ്റൊരു കഥാപാത്രത്തിന് ഡബ്ബ് ചെയ്ത അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി.

എന്റെ എല്ലാ കഥാപാത്രങ്ങള്‍ക്കും താന്‍ തന്നെയാണ് ഡബ്ബ് ചെയ്തിട്ടുള്ളതെന്നും വേറൊരാള്‍ക്ക് ശബ്ദം കൊടുക്കുന്നത് പുതിയ അനുഭവമായിരുന്നുവെന്നും വിന്‍സി പറയുന്നു.

നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ വിളിച്ചപ്പോള്‍ ട്രയല്‍ ചെയ്ത് ഓക്കെയാണെങ്കില്‍ നോക്കാം എന്നു കരുതിയാണ് താന്‍ പ്രിൻസ് ആൻ്റ് ഫാമിലി എന്ന സിനിമയിൽ പോയതെന്നും ചിഞ്ചുറാണി എന്ന നായികാകഥാപാത്രത്തിന്റെ എനര്‍ജിക്ക് മാച്ചായതോടെ ആ ജോലി ഏറ്റെടുത്തുവെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.

സൗണ്ട് എന്‍ജിനീയര്‍ ഗായത്രിയും സ്‌ക്രിപ്റ്റ് റൈറ്റര്‍ ഷാരിസ് മുഹമ്മദും അസിസ്റ്റന്റ് ഡയറക്ടര്‍ ഗോകുലും ഒന്നിച്ചിരുന്നാണ് സിനിമയുടെ ഡബിങ് പൂര്‍ത്തിയാക്കിയതെന്നും വിന്‍സി പറഞ്ഞു.

‘സിനിമ ആദ്യദിവസം തന്നെ കണ്ടു. സ്‌ക്രീനില്‍ എനിക്ക് വേണ്ടി മാത്രമൊരു സ്പെഷ്യല്‍ താങ്ക്സ് കാര്‍ഡ് കണ്ടപ്പോള്‍ കോരിത്തരിച്ചുപോയി,’ വിന്‍സി പറഞ്ഞു. എന്നാല്‍ തനിക്ക് അതിനേക്കാള്‍ സന്തോഷം തോന്നിയ മറ്റെരു അനുഭവം കൂടിയുണ്ടെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.

‘സിനിമാ പ്രമോഷനിടെ നായികയായ റാണിയുടെ അടുത്ത് കണ്ണുകാണാത്ത ഒരു ചേച്ചി വന്നു പറഞ്ഞു, കഥാപാത്രം നന്നായി ഇഷ്ടപ്പെട്ടു എന്ന്. എന്റെ ശബ്ദത്തെയാണ് അവര്‍ക്ക് ഇഷ്ടപ്പെട്ടത് എന്നും പറഞ്ഞുവെന്ന് റാണിയ വിളിച്ചു,’ വിന്‍സി പറയുന്നു.

സൂത്രവാക്യത്തിന് ശേഷം താന്‍ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും കഥകള്‍ കേള്‍ക്കുന്നുണ്ടെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.

Content Highlight: Vincy Aloshious talking about Dubbing