വിനായകനെ മര്‍ദ്ദിക്കുന്നത് കണ്ടെന്ന് സുഹൃത്തിന്റെ മൊഴി
Daily News
വിനായകനെ മര്‍ദ്ദിക്കുന്നത് കണ്ടെന്ന് സുഹൃത്തിന്റെ മൊഴി
ന്യൂസ് ഡെസ്‌ക്
Wednesday, 20th September 2017, 10:05 am

തൃശൂര്‍: തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ പോലിസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകനെ പോലിസ് ക്രൂരമായി മര്‍ദിക്കുന്നതു കണ്ടുവെന്ന് സുഹൃത്ത് ശരത്തിന്റെ മൊഴി.

പാവറട്ടി പോലിസിനെതിരെ ലോകായുക്തയിലാണ് ശരത് മൊഴി നല്‍കിയത്. ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ജസ്റ്റിസ് കെ പി ബാലചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെയാണു മൊഴി. വിനായകനൊപ്പം പോലിസ് ശരത്തിനെയും കസ്റ്റഡിയിലെടുത്തിരുന്നു.


Dont Miss മുസാഫര്‍നഗര്‍ ബലാത്സംഗം വര്‍ഗീയവത്ക്കരിക്കാന്‍ ശ്രമം; വ്യാജ വാര്‍ത്ത മെനഞ്ഞത് ട്വിറ്ററില്‍ മോദി ഫോളോ ചെയ്യുന്ന വ്യക്തി


തങ്ങളെ ഇരുവരെയും മാനിനക്കുന്നില്‍ നിന്നു കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച ശേഷം ക്രൂരമായി മര്‍ദിച്ചെന്നും വിനായകനെ കുനിച്ചുനിര്‍ത്തി പുറത്തു കൈമുട്ട് കൊണ്ട് ഇടിച്ചു, തലമുടി ചുഴറ്റി പിഴുതെടുക്കാന്‍ ശ്രമിക്കുകയും തല ശക്തിയായി ചുവരില്‍ ഇടിക്കുകയും ചെയ്തു. ഇരുകവിളിലും വയറിലും ക്രൂരമായി അടിച്ചു. ബൂട്ടിട്ട കാലുകള്‍ കൊണ്ടു വിനായകന്റെ പെരുവിരലില്‍ ചവിട്ടിയരച്ചുവെന്നും ശരത് മൊഴിയില്‍ പറയുന്നു.

തനിക്കും ക്രൂര മര്‍ദനമേറ്റെന്നും ശരത്തിന്റെ മൊഴിയില്‍ പറയുന്നു. 40 മിനിറ്റോളമെടുത്താണു ശരതിന്റെ വിസ്താരം ലോകായുക്ത പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ജൂലൈ 17ന് പാവറട്ടി മാനിനക്കുന്നില്‍ പെണ്‍കുട്ടിയുമായി സംസാരിച്ചു കൊണ്ടു നില്‍ക്കെയാണു വിനായകനെയും ശരത്തിനെയും പോലിസ് കസ്റ്റഡിയിലെടുത്തത്.

പ്രദേശത്തു മോഷണങ്ങള്‍ നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണു നടപടി സ്വീകരിച്ചതെന്നാണ് പോലിസിന്റെ വിശദീകരണം. പിറ്റേദിവസം വിനായകനെ വീടിനുള്ളില്‍ വിനായകനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സിവില്‍ പോലിസ് ഓഫിസര്‍മാരായ ശ്രീജിത്ത്, സാജന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.