നീതി തേടി വിനായകന്റെ കുടുംബവും സെക്രട്ടറിയേറ്റിനു മുന്നില്‍ സമരത്തിലേക്ക്
Vinayakan's Murder
നീതി തേടി വിനായകന്റെ കുടുംബവും സെക്രട്ടറിയേറ്റിനു മുന്നില്‍ സമരത്തിലേക്ക്
ന്യൂസ് ഡെസ്‌ക്
Wednesday, 17th January 2018, 3:57 pm

തൃശ്ശൂര്‍: പൊലീസ് കസ്റ്റഡിയിലെ ക്രൂരപീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകന്റെ മരണത്തില്‍ നീതി ലഭിക്കാന്‍ സമരത്തിനിറങ്ങേണ്ടിവരുമെന്ന് വിനായകന്റെ പിതാവ്.

അനിയന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് നിരാഹാരമിരിക്കുമന്ന ശ്രീജിത്തിന്റെ മാതൃകയില്‍ സെക്രട്ടറിയേറ്റ് പടിക്കലില്‍ സത്യാഗ്രഹമിരിക്കാനാണ് വിനായകന്റെ കുടുംബം ആലോചിക്കുന്നതെന്ന് വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍കുട്ടിയെ ഉദ്ധരിച്ച് ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ കുറ്റാരോപിതരായ പൊലീസുകാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചെന്നും കൃഷ്ണന്‍ കുട്ടി പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 17നാണ് വിനായകന്‍ എന്ന ദളിത് യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തത്. സുഹൃത്തായ ഒരു പെണ്‍കുട്ടിക്കൊപ്പം സംസാരിച്ചു നില്‍ക്കുമ്പോഴാണ് വിനായകനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

തുടര്‍ന്ന് കസ്റ്റഡിയില്‍വെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് വിനായകന്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.