ആ ചിത്രമില്ലായിരുന്നെങ്കില്‍ ഇന്നും ജൂനിയര്‍ ആര്‍ടിസ്റ്റായി നില്‍ക്കേണ്ടി വന്നേനെ: വിനായകന്‍
Film News
ആ ചിത്രമില്ലായിരുന്നെങ്കില്‍ ഇന്നും ജൂനിയര്‍ ആര്‍ടിസ്റ്റായി നില്‍ക്കേണ്ടി വന്നേനെ: വിനായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th September 2023, 5:14 pm

കമ്മട്ടിപ്പാടം എന്ന ചിത്രമില്ലായിരുന്നെങ്കില്‍ താന്‍ ഇന്നും ജൂനിയര്‍ ആര്‍ടിസ്റ്റായിരുന്നേനെയെന്ന് വിനായകന്‍. തനിക്ക് ഒരു കസേര കിട്ടാന്‍ 20 വര്‍ഷമെടുത്തുവെന്നും ഇപ്പോള്‍ തനിക്ക് കാരവാന്‍ ലഭിക്കുന്നുണ്ടെന്നും വിനായകന്‍ പറഞ്ഞു. സമയമാവുമ്പോള്‍ അതൊക്കെ തരുമെന്നും ചോദിക്കേണ്ട ആവശ്യമില്ലെന്നും സാര്‍ക്ക് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞു.

‘ഇന്‍ഡസ്ട്രിയില്‍ എഴുതിവെക്കാത്ത നിയമങ്ങളുണ്ട്. ഒരു കസേര കിട്ടാന്‍ 20 കൊല്ലമെടുത്തിട്ടുണ്ട് എന്നൊക്കെ ഞാന്‍ പിന്നീടാണ് ചിന്തിച്ചത്. സിനിമ ഇഷ്ടമായതുകൊണ്ട് അങ്ങനെ ഒരു വിഷമമില്ല. സെറ്റിലെ പ്രൊഡക്ഷന്‍ പിള്ളേരുടെ സപ്പോര്‍ട്ട് എനിക്ക് ഉണ്ടായിരുന്നു. അവര്‍ ചായ ഒക്കെ ഇട്ട് തരും. മനസ് താഴുമ്പോള്‍ അവര്‍ വന്ന് സഹായിക്കും.

പിന്നെ ഇന്‍ഡസ്ട്രി എനിക്ക് കാരവാന്‍ തന്നു. ആ സമയമാവുമ്പോള്‍ അതൊക്കെ തരും. ചോദിക്കേണ്ട ആവശ്യമില്ല. ഇന്ന ആള്‍ക്ക് ഇന്നത് വേണമെന്ന് അവര്‍ക്ക് അറിയാം.

20 കൊല്ലമെടുത്തു, ഒന്നിരിക്കാനായിട്ട്. രാജീവിന്റെ കമ്മട്ടിപാടമില്ലായിരുന്നെങ്കില്‍ ഒരു ജൂനിയര്‍ ആര്‍ടിസ്റ്റായി നില്‍ക്കേണ്ടി വന്നേനെ. കമ്മട്ടിപ്പാടം കൊണ്ടാണ് എല്ലാം ഒന്ന് സെറ്റായത്. അതിന് മുമ്പും ഹിറ്റായ സിനിമകളുണ്ടായിരുന്നു. എന്നാല്‍ ഒരു പറ്റം സിനിമാക്കാര്‍ക്ക് അത് ഉള്‍ക്കൊള്ളാനായില്ല. എന്നാല്‍ കമ്മട്ടിപ്പാടത്തോട് കൂടി എന്നെ മാറ്റി നിര്‍ത്താന്‍ പറ്റാതായി,’ വിനായകന്‍ പറഞ്ഞു.

ജയിലറില്‍ തന്റെ പ്രതിഫലം സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്കും വിനായകന്‍ മറുപടി നല്‍കി. ‘ജയിലറിലെ എന്റെ പ്രതിഫലം 35 ലക്ഷം രൂപയല്ല, ഇരട്ടിയുടെ ഇരട്ടി കിട്ടിയിട്ടുണ്ട്. 35 ലക്ഷം എന്ന കണക്ക് പ്രൊഡ്യൂസര്‍ കേള്‍ക്കണ്ട. അതൊക്കെ നുണയാണ്. എനിക്കിത്രയൊക്കെ പൈസ കിട്ടി എന്നത് സഹിക്കാന്‍ പറ്റാത്തവരാണ് അങ്ങനെ പറഞ്ഞത്. ഞാന്‍ ചോദിച്ച പണം അവര്‍ തന്നു, എന്നെ പൊന്നുപോലെയാണ് ഷൂട്ടിങ്ങ് ലൊക്കേഷനില്‍ അവര്‍ നോക്കിയത്. എനിക്കത് മതി,’ വിനായകന്‍ പറയുന്നു.

Content Highlight: Vinayakan talks about the impact of Kammattipadam in his career