മൂന്ന് പതിറ്റാണ്ടിലധികമായി സിനിമാലോകത്തിന്റെ ഭാഗമായി നില്ക്കുകയാണ് വിനായകന്‍. വിവിധ തരത്തിലുള്ള വേഷങ്ങള്‍ ചെയ്ത് മലയാളസിനിമയിലെ മുന്‍നിരയില്‍ തന്റെ സ്ഥാനം സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കമ്മട്ടിപ്പാടത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
എന്നാല്‍ സിനിമയിലല്ലാതെ പൊതുവേദികളില്‍ വിനായകനെ കാണാന്‍ സാധിക്കാറില്ല. സിനിമാ പ്രൊമോഷനുകളില്‍ പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് അദ്ദേഹം. സിനിമയില്ലെങ്കില്‍ ഒറ്റക്ക് വീട്ടിലിരിക്കാനാണ് തനിക്ക് ഇഷ്ടമെന്നും താരം പറഞ്ഞു. മമ്മൂട്ടിക്കമ്പനി പുറത്തുവിട്ട അഭിമുഖത്തിലാണ് വിനായകന്‍ ഇക്കാര്യം പറഞ്ഞത്.
‘സിനിമയുടെ പരിപാടികളുമായി ബന്ധപ്പെട്ട് പബ്ലിക് സ്റ്റേജില്‍ പങ്കെടുക്കാന്‍ എനിക്ക് താത്പര്യമില്ല. പൊതുവേദിയില്‍ സംസാരിക്കാന്‍ എനിക്ക് സാധിക്കില്ല. സംസാരിക്കാന്‍ താത്പര്യമുണ്ടെങ്കിലും അതിനുള്ള വാക്കുകള്‍ എനിക്ക് കിട്ടാറില്ല. മാത്രമല്ല, പത്തുപേരുള്ള ഒരു സ്‌റ്റേജാണെങ്കില്‍ അതില്‍ രണ്ട് പേര്‍ എന്നെ തോണ്ടും. അപ്പോള്‍ ഞാന്‍ എന്തെങ്കിലുമൊക്കെ പറയും.
ഇതെല്ലാം ഒഴിവാക്കാന്‍ വേണ്ടിയാണ് ഞാന്‍ സ്വയം ഒതുങ്ങി ജീവിക്കുന്നത്. ഇവിടെ കുറച്ചുനാള്‍ നിന്നുകഴിയുമ്പോള്‍ ഞാന്‍ നേരേ ഗോവക്ക് പോകും. അവിടെ എനിക്ക് റോഡിലൂടെ സ്‌കൂട്ടറോടിച്ച് പോകാന്‍ സാധിക്കും. ആരും എന്റെ പ്രൈവസിയിലേക്ക് ഇടിച്ചുകയറില്ല. അവിടത്തെ ആളുകളുടെ മൈന്‍ഡ്‌സെറ്റ് അങ്ങനെയൊക്കെയാണ്,’ വിനായകന്‍ പറയുന്നു.
വാരിവലിച്ച് സിനിമകള്‍ ചെയ്യാന്‍ താനിപ്പോള്‍ ശ്രമിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ പിടിച്ച് കെട്ടുന്ന തരത്തില്‍ ഏതെങ്കിലും കഥ വന്നാല്‍ മാത്രമേ അഭിനയിക്കുള്ളൂവെന്നും കളങ്കാവല്‍ അത്തരമൊരു സിനിമയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. സിനിമയെക്കുറിച്ച് കൂടുതല്‍ പറയാന്‍ തനിക്ക് നിര്‍വാഹമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഈ പടത്തിലേക്ക് എന്നെ നിര്‍ദേശിച്ചത് മമ്മൂക്കയാണ്. അദ്ദേഹത്തിന്റെ ഗിഫ്റ്റാണ് എനിക്ക് ഈ പടം. ഈ ജന്മത്തിലെ ഭാഗ്യമാണ് ഈ പടം. മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ ഈസിയായിരുന്നു. ആരാണ് വില്ലന്‍ ആരാണ് നായകന്‍ എന്ന് പറയാനാകില്ല. എന്റെ കഥാപാത്രത്തിന് എന്റേതായ ശരികളുണ്ട്. അതുപോലെ മമ്മൂക്കയുടെ ക്യാരക്ടറിന് അദ്ദേഹത്തിന്റേതായ ശരികളുണ്ട്. അങ്ങനെയാണ് ഈ പടത്തിന്റെ കഥ’ വിനായകന്‍ പറഞ്ഞു.
Content Highlight: Vinayakan explains why he didn’t appear on promotional events