ജോണ്‍ പോള്‍ ജോര്‍ജ്ജ് കഥ പറഞ്ഞ് കരയിപ്പിക്കും; ആ രണ്ട് പാട്ടുകളിലും വേദനയുടെ അംശം ഉണ്ട്: വിനായക് ശശികുമാര്‍
Malayalam Cinema
ജോണ്‍ പോള്‍ ജോര്‍ജ്ജ് കഥ പറഞ്ഞ് കരയിപ്പിക്കും; ആ രണ്ട് പാട്ടുകളിലും വേദനയുടെ അംശം ഉണ്ട്: വിനായക് ശശികുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th September 2025, 3:53 pm

ഇന്ന് മലയാളികള്‍ക്ക് പരിചിതനായ ഗാനരചയിതാവാണ് വിനായക് ശശികുമാര്‍. മലയാളത്തില്‍   ഈയടുത്ത്  വന്ന നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുടെ രചന നിര്‍വഹിച്ചത് വിനായകാണ്. ജോണ്‍ പോള്‍ ജോര്‍ജ്ജിന്റെ ഗപ്പി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിരനിലെ പവിഴമഴ, ആട്ടുതൊട്ടില്‍ എന്നീ ഗാനങ്ങളും എഴുതിയത് അദ്ദേഹമാണ്.

ഇപ്പോള്‍ സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ്ജിന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് വിനായക് ശശികുമാര്‍. ഗപ്പിയിലെയും 2019ല്‍ പുറത്തിറങ്ങിയ അമ്പിളിയിലെയും ഗാനങ്ങള്‍ക്ക് അദ്ദേഹം വരികള്‍ എഴുതിയിട്ടുണ്ട്. ഗപ്പിയും അമ്പിളിയുമൊക്കെ ചെയ്ത ജോണ്‍ പോള്‍ ജോര്‍ജ്ജ് തന്നെ എപ്പോഴും കഥ പറഞ്ഞ് കരയിപ്പിക്കുമെന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്.

‘ഈ രണ്ട് സിനിമയുടെയും കഥ പറഞ്ഞപ്പോള്‍ രണ്ട് പോയന്റിലും എനിക്ക് കണ്ണ് നിറഞ്ഞു. അദ്ദേഹത്തിന്റെ മൂന്നാമത്തെ സിനിമ വരുന്നുണ്ട്. അതിലും ഞാന്‍ പാട്ടുകള്‍ എഴുതുന്നുണ്ട്. അതിന്റെയും കഥപറഞ്ഞ് അദ്ദേഹം കണ്ണ് നിറച്ച് കളഞ്ഞു. വരികളുടെ കാര്യത്തില്‍ നമുക്ക് അത് റീപ്രൊഡ്യൂസ് ചെയ്യാതിരിക്കാന്‍ പറ്റില്ല.


തനിയേ മിഴികള്‍ എന്ന ഗാനമാണെങ്കിലും ആരാധികേ എന്ന ഗാനമാണെങ്കിലും രണ്ടിലും ഒരു വേദനയുടെ എലമെന്റ് ഉണ്ട്. ഒന്ന് ഒരു പ്രണയഗാനമാണ്. മറ്റേത് ഒരു മോട്ടിവേഷണല്‍ ഗാനമാണ്. പക്ഷേ രണ്ടിലും ഒരു പേയ്‌നിന്റെ എലമെന്റ് നമുക്ക് കാണാന്‍ കഴിയും,’ വിനായക് പറയുന്നു.

ആശാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ജോണ്‍ പോള്‍ ജോര്‍ജ്ജ് പങ്കുവെച്ചിരുന്നു. ഗപ്പി സിനിമാസിന്റെ ബാനറില്‍ ജോണ്‍ പോള്‍ ജോര്‍ജ്ജ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

Content highlight: Vinayak Sasikumar about director John Paul George’s films