ബെത്‌ലഹേമിലെ ക്ലൈമാക്‌സിനായി 15 ദിവസവും പിച്ചക്കാരനായി നിൽക്കേണ്ടി വന്നു: വിനയ് ഫോർട്ട്
നന്ദന. ടി
Saturday, 29th August 2026, 7:54 pm
റിലീസ് ചെയ്ത് കേവലം ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ് ഗിരീഷ് എ.ഡി. ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റ്. ചിത്രത്തിലെ നായകനായ നിവിൻ പോളിയുടെയും നായിക മമിത ബൈജുവിന്റെയും പ്രകടനത്തോടൊപ്പം തന്നെ, ചിത്രത്തിൽ സപ്പോർട്ടിങ് കഥാപാത്രങ്ങളായെത്തിയ എല്ലാ താരങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. അക്കൂട്ടത്തിൽ എടുത്തുപറയേണ്ട ഒന്നാണ് നടൻ വിനയ് ഫോർട്ട് അവതരിപ്പിച്ച അലക്സ് എന്ന കഥാപാത്രം.
ചിത്രത്തിൽ മമിത അവതരിപ്പിച്ച ആഷ്‌ലി എന്ന കഥാപാത്രത്തിന്റെ സംശയരോഗിയായ, ചൊറിയാൻ അമ്മാവനായി മികച്ച അഭിനയപ്രകടനമാണ് വിനയ് ഫോർട്ട് കാഴ്ചവെച്ചത്. ഇപ്പോഴിതാ മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം.

വിനയ് ഫോർട്ട്. Photo. X.com
ബെത്‌ലഹേം കുടുംബ യൂണിറ്റിലേക്ക് എത്തിയതിനെക്കുറിച്ചും ചിത്രത്തിൽ വിനയ് അവതരിപ്പിച്ച അലക്സ് എന്ന കഥാപാത്രത്തെക്കുറിച്ചുമാണ് സംസാരിക്കുകയാണ് താരം. ഗിരീഷ് എ.ഡി. നേരിട്ട് വിളിച്ച് കഥാപാത്രത്തെക്കുറിച്ച് പറഞ്ഞതും, ചിത്രത്തിൽ സ്‌ക്രീൻ സ്‌പേസ് കുറവാണെങ്കിലും ഏറെ പ്രാധാന്യമുള്ളതായി തോന്നിയത് കൊണ്ടാണ് ആ വേഷം ചെയ്തതെന്നും വിനയ് ഫോർട്ട് കൂട്ടിച്ചേർത്തു.
‘ഗിരീഷ് എ.ഡി. ഒരു ദിവസം വിളിച്ചിട്ട് ഒരു ഫാമിലി കോമഡി എന്റർടെയ്‌നർ സിനിമ ചെയ്യുന്നുണ്ട്, അതിലൊരു കഥാപാത്രമുണ്ട്, ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. അങ്ങനെ ഞാൻ പോയി കഥ കേട്ടു. ചിത്രത്തിൽ അത്രയ്ക്ക് സ്‌ക്രീൻ സ്‌പേസ് ഒന്നുമുള്ള കഥാപാത്രമല്ല, പക്ഷേ വളരെ പ്രോമിനന്റ് ആയിട്ടുള്ള കഥാപാത്രമാണ്.
കഥ പറഞ്ഞ സമയത്ത് എന്നോട് പറഞ്ഞത്, ചിത്രത്തിന്റെ ക്ലൈമാക്‌സ് നടക്കുന്നത് ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന് പറയുന്ന കുടുംബക്കൂട്ടായ്മയുടെ പരിപാടിക്കിടെയാണ് എന്നാണ്. അവിടെ ആ ഒരു ഏരിയയിൽ ചേട്ടൻ ഒരു പിച്ചക്കാരനായിട്ട് ഒരു ഏകാംഗ നാടകം അവതരിപ്പിക്കാൻ ഉണ്ടെന്നും പറഞ്ഞു,’ വിനയ് ഫോർട്ട് പറഞ്ഞു.
സിനിമയിൽ പിച്ചക്കാരനായുള്ള സീൻ ഒന്നോ രണ്ടോ ദിവസത്തിൽ തീരുമെന്നാണ് ആദ്യം കരുതിയതെങ്കിലും, ക്ലൈമാക്‌സ് ഷൂട്ട് 15 ദിവസം നീണ്ടതോടെ അത്രയും ദിവസവും പിച്ചക്കാരന്റെ ഗെറ്റപ്പിൽ തന്നെ തുടരേണ്ടി വന്നുവെന്ന് വിനയ് ഓർത്തെടുത്തു.
‘എനിക്ക് സിനിമയിൽ ആകെ ഒരു പതിനഞ്ച് ദിവസത്തെ ഷൂട്ട് മാത്രമേ പറഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. അപ്പോൾ ഞാൻ വിചാരിച്ചത് ഏതെങ്കിലും ഒരു ദിവസം മാത്രമായിരിക്കും ഈ പിച്ചക്കാരനായിട്ടുള്ള സീൻ ഉണ്ടാവുക എന്നായിരുന്നു. കൂടാതെ ഞാൻ അവതരിപ്പിച്ച ആ കഥാപാത്രം സിനിമയിൽ ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ്. അപ്പോൾ അതിൽ തന്നെ ഇങ്ങനെ ഒരു വെറൈറ്റി കൂടി ചെയ്യുമ്പോൾ നന്നായിരിക്കും എന്ന് വിചാരിച്ചു.
പക്ഷേ ഇവർ ഈ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത് പതിനഞ്ച് ദിവസമെടുത്താണ്. അങ്ങനെ ആ പതിനഞ്ച് ദിവസവും ഞാൻ ശരീരം ഒക്കെ കറുപ്പിച്ച് പിച്ചക്കാരനായിട്ട് നിൽക്കേണ്ടി വന്നു. കാരണം ക്ലൈമാക്‌സ് സീനിൽ മാത്രം ഒരേ സമയം പതിനെട്ടോളം അഭിനേതാക്കൾ ഉണ്ടായിരുന്നു. അപ്പോൾ ചില ദിവസങ്ങളിൽ ഷൂട്ട് ഉണ്ടാവും, ചില ദിവസങ്ങളിൽ ഉണ്ടാവില്ല. എങ്കിലും നമ്മൾ അവിടെ പ്രസന്റ് ആയിരിക്കണമായിരുന്നു.’ വിനയ് ഫോർട്ട് പറഞ്ഞു.

വിനയ് ഫോർട്ട്. ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Manorama Online
Content Highlight: Vinay Fort talks about his character from Bethlehem Kudumba Unit Movie