ലോജിക് മാറ്റിവെച്ച് കാണേണ്ട ഫഹദ് ഫാസില്‍ ചിത്രം; ആ സിനിമക്കൊരു പ്രത്യേകതയുണ്ട്: വിനയ് ഫോര്‍ട്ട്
Malayalam Cinema
ലോജിക് മാറ്റിവെച്ച് കാണേണ്ട ഫഹദ് ഫാസില്‍ ചിത്രം; ആ സിനിമക്കൊരു പ്രത്യേകതയുണ്ട്: വിനയ് ഫോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th August 2025, 3:44 pm

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് വിനയ് ഫോര്‍ട്ട്. അദ്ദേഹത്തിന്റേതായി തിയേറ്ററില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്റെ സംവിധാനത്തിലെ കഴിവ് തെളിയിച്ച അല്‍ത്താഫ് സലിമാണ് ഈ സിനിമയും സംവിധാനം ചെയ്തത്.

ആവേശത്തിന് ശേഷമെത്തുന്ന ഫഹദ് ഫാസില്‍ ചിത്രം കൂടിയാണ് ഓടും കുതിര ചാടും കുതിര. ഈ സിനിമ ഒരു അബ്‌സല്യൂട്ട് സെലിബ്രേഷനാണെന്ന് പറയുകയാണ് വിനയ് ഫോര്‍ട്ട്. ആവേശം കഴിഞ്ഞിട്ട് ഫഹദിന്റേതായി വന്ന വലിയ സ്‌കെയില്‍ സിനിമയാണ് ഇതെന്നും സെലിബ്രേഷന്‍ സീസണിലാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഫുള്‍ ഓണ്‍ എന്റര്‍ടൈമെന്റുള്ള ചിത്രം കൂടിയാണ് ഓടും കുതിര ചാടും കുതിര. നമ്മള്‍ സാധാരണ ചില സിനിമകളൊക്കെ ഒ.ടി.ടിയില്‍ കാണാമെന്ന് പറഞ്ഞ് ഇരിക്കാറില്ലേ. പക്ഷെ ഓടും കുതിരക്ക് ഒരു പ്രത്യേകതയുണ്ട്.

നമ്മുടെ ലോജിക് പരിപാടിയൊക്കെ മാറ്റിവെച്ചിട്ട് വേണം ഈ സിനിമ കാണാന്‍ വരാന്‍. ഒരു ഗ്രൂപ്പായിട്ട് തിയേറ്ററില്‍ പോയി ഇരുന്ന് ഉച്ചത്തില്‍ ചിരിച്ച് എന്‍ജോയ് ചെയ്യാന്‍ സാധിക്കുന്ന സിനിമയാണ്. സെലിബ്രേറ്റ് ചെയ്ത് കാണാന്‍ പറ്റുന്നതാണ് ഈ ചിത്രം,’ വിനയ് ഫോര്‍ട്ട് പറയുന്നു.

സംവിധായകന്‍ അല്‍ത്താഫ് സലിം ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു പ്രേമം. ആ സിനിമയില്‍ വിനയ് ഫോര്‍ട്ടും അഭിനയിച്ചിരുന്നു. എന്നാല്‍ പ്രേമത്തില്‍ വിനയ് ഫോര്‍ട്ടിനും അല്‍ത്താഫിനും ഒരുമിച്ച് സീനുകള്‍ ഉണ്ടായിരുന്നില്ല. അതിനെ കുറിച്ചും നടന്‍ സംസാരിക്കുന്നു.

പ്രേമം സിനിമ ഇറങ്ങിയിട്ട് 10 വര്‍ഷം കഴിഞ്ഞു. പ്രേമത്തില്‍ അല്‍ത്താഫിനെ കണ്ടിട്ടുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓടും കുതിര ചാടും കുതിര എന്ന സിനിമ വന്നപ്പോള്‍ ആ കഥാപാത്രം എനിക്ക് ചേരുമെന്ന് അല്‍ത്താഫിന് തോന്നി. അങ്ങനെയാണ് എന്നെ വിളിക്കുന്നത്,’ വിനയ് ഫോര്‍ട്ട് പറയുന്നു.

ഓടും കുതിര ചാടും കുതിര:

കല്യാണി പ്രിയദര്‍ശന്‍- ഫഹദ് ഫാസില്‍ കോമ്പോ ആദ്യമായി ഒന്നിച്ച ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഇരുവര്‍ക്കും പുറമെ വിനയ് ഫോര്‍ട്ട്, ധ്യാന്‍ ശ്രീനിവാസന്‍, ലാല്‍, രേവതി പിള്ള, രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

Content Highlight: Vinay Forrt Talks About Odum Kuthira Chadum Kuthira Movie