മലയാളത്തിലെ മികച്ച നടന്മാരിലൊരാളാണ് വിനയ് ഫോര്ട്ട്. പ്രഭുവിന്റെ മക്കള് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന വിനയ് മികച്ച സിനിമകളിലൂടെ പ്രേക്ഷകരുടെ മനസില് സ്ഥാനം നേടി. കോമഡിയും ഇമോഷനും ഒരുപോലെ കൈകാര്യം ചെയ്യാന് കഴിയുന്ന മോളിവുഡിലെ ചുരുക്കം നടന്മാരിലൊരാളാണ് വിനയ് ഫോര്ട്ട്.
ഈ വര്ഷം വിനയ് ഭാഗമായ സിനിമകളെല്ലാം ബോക്സ് ഓഫീസില് മികച്ച പ്രകടനം നടത്തിയിരുന്നു. മോഹിനിയാട്ടത്തിലെ സി.ഐ പാര്ത്ഥനും പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലെ പ്രതാപും ബെത്ലഹേം കുടുംബ യൂണിറ്റിലെ അലക്സും പ്രേക്ഷരുടെ മനസില് ഇടംപിടിച്ചു. ഐ ആം ഗെയിം മാത്രമാണ് ഇതില് കുറച്ച് നിരാശപ്പെടുത്തിയത്.

വിനയ് ഫോര്ട്ട് Photo: Screen grab/ Manorama News
തുടര്ച്ചയായി ഹിറ്റ് സിനിമകളുടെ ഭാഗമാകാന് സാധിക്കുന്നുണ്ടെങ്കിലും മലയാള സിനിമയില് ഒരു ഗ്രൂപ്പിലും താന് ഭാഗമല്ലെന്ന് പറയുകയാണ് വിനയ് ഫോര്ട്ട്. തന്റെ പരിചയത്തിലുള്ളവരുടെ സിനിമയില് ഇതുവരെ അവസരം ചോദിച്ചിട്ടില്ലെന്നും എല്ലാം തന്നെത്തേടി വന്നതാണെന്നും താരം പറഞ്ഞു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇതുവരെ ഒരു ഗ്രൂപ്പിന്റെയും ആളായി ഞാന് നിന്നിട്ടില്ല. പലരുടെയും ഗ്രൂപ്പുകളുണ്ടെങ്കിലും അതില് ഒന്നില് പോലും ഞാന് പങ്കാളിയല്ല. ഇപ്പോള് എന്റെ പരിചയത്തിലുള്ള ഡയറക്ടര് ഒരു സിനിമ ചെയ്യുന്നുണ്ടെങ്കില് അതില് ഒരു വേഷം വേണമെന്ന് ഞാന് ആവശ്യപ്പെടില്ല. എനിക്ക് ആവശ്യമുള്ള ചാന്സ് എന്നെത്തേടി വരുമെന്നാണ് എന്റെ വിശ്വാസം.

വിനയ് ഫോർട്ട്. Photo. IMDb/ Screen Grab/ Youtube
മലയാളത്തില് ഇപ്പോഴുള്ളതില് ഒരു തൊണ്ണൂറ് ശതമാനം ഡയറക്ടേഴ്സിന്റെ കൂടെ ഞാന് വര്ക്ക് ചെയ്തിട്ടുണ്ട്. ഇതില് ഒരാളെപ്പോലും ഞാന് ചാന്സ് ചോദിച്ച് വിളിക്കാറില്ല. ആര്ട്ടിസ്റ്റ് എന്ന നിലയില് എനിക്ക് വേണ്ട ചാന്സ് എന്തായാലും കിട്ടും. അതിനുള്ള വര്ക്കുകള് ചെയ്തുവെച്ചിട്ടുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം,’ വിനയ് ഫോര്ട്ട് പറയുന്നു.
ഈ വര്ഷം വിനയ് ചെയ്ത കഥാപാത്രങ്ങള്ക്കെല്ലാം സോഷ്യല് മീഡിയയില് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ ഒട്ടും ആവര്ത്തന വിരസത തോന്നാതെ അവതരിപ്പിക്കാന് അദ്ദേഹത്തിന് സാധിച്ചു. ഏറ്റവുമൊടുവില് തിയേറ്ററുകളിലെത്തിയ അവറാച്ചന് ആന്ഡ് സണ്സിലും വിനയ് കൈയടി നേടുന്നുണ്ട്.
Content Highlight: Vinay Forrt saying he is not part of any group in Malayalam cinema
